മസ്‌ക്കറ്റ്: ജോലിക്കാരായ സ്ത്രീകളുടെ മറ്റേണിറ്റി ലീവ് കാലാവധി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഇന്റർനാഷണൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡിനു തുല്യമായി ഒമാനിലെ മറ്റേണിറ്റി ലീവ് ദീർഘിപ്പിക്കണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആവശ്യം.
സർക്കാർ മേഖലയിൽ സ്ത്രീകളുടെ മറ്റേണിറ്റി ലീവ് 60 ദിവസമാകുമ്പോൾ ഇത് സ്വകാര്യമേഖലയിൽ 50 ദിവസമായി ചുരുങ്ങിയിരിക്കുകയാണ്. ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി ഇത്രയാണെങ്കിലും പ്രസവാവധിക്കു ശേഷം ശമ്പളമില്ലാതെ രണ്ടു വർഷം വരെ ലീവ് എടുക്കാമെന്ന് നിയമമുണ്ട്. എന്നാൽ ശമ്പളമില്ലാതെ ഇത്രയും നാൾ ജോലിയിൽ നിന്നു വിട്ടു നിൽക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് ഭൂരിപക്ഷം സ്ത്രീകളും പറയുന്നത്.

അമ്മയെന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി പല സ്ത്രീകളും ഈ കാലയളവിൽ ബുദ്ധിമുട്ടുകയാണ്. ചിലർ ശമ്പളമില്ലാത്ത ലീവ് എടുക്കുന്നുണ്ടെങ്കിലും ഒരു ചെറിയ ഭൂരിപക്ഷം സ്ത്രീകളും പ്രസവ ശേഷം ജോലി ഉപേക്ഷിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കുറഞ്ഞത് നാലു മാസത്തെയെങ്കിലും മറ്റേണിറ്റി ലീവ് നൽകണമെന്നാണ് പൊതുവേയുള്ള ആവശ്യം. രണ്ടു മാസം പ്രായമായ കുഞ്ഞിനെ വീട്ടുവേലക്കാരിയെ ഏൽപ്പിച്ചു ജോലിക്കു പോകാൻ മനസ് അനുവദിക്കുകയില്ലെന്നും കുഞ്ഞിന്റെ ആദ്യത്തെ ആറുമാസം അമ്മയുടെ സാന്നിധ്യം നിർണായകമാണെന്നും ഇവർ പറയുന്നു.

കുഞ്ഞിന് ഒരു വയസ് ആകുന്നതു വരെ ഫ്‌ളെക്‌സിബിൾ ആയ ജോലി സമയമെങ്കിലും അനുവദിച്ചു നൽകണമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ഇത്തരത്തിൽ ജോലി സമയം അനുവദിച്ചു കിട്ടിയാൽ കുഞ്ഞിന്റെ സംരക്ഷണവും ഓഫീസ് ജോലിയും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

185-നു ശേഷം ഒമാനിൽ ജോലി ചെയ്യുന്ന അമ്മമാരുടെ എണ്ണം 8000-ൽ നിന്ന് 37,000 ആയി വർധിച്ചതായാണ് റിപ്പോർട്ട്.