ജിദ്ദ: ഹജ്ജ് സീസണിൽ അടിയന്തിര ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ വർക്ക്‌ഷോപ്പ് അരങ്ങേറി. കഴിഞ്ഞ വർഷം മക്കയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. ഹജ്ജ് സീസണിൽ അടിയന്തിര ഘട്ടത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റിയും തീപിടുത്തം, പേമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അത്യാഹിതങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾക്കാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്.

നിലവിലുള്ള പദ്ധതികൾ വൻ ദുരന്തങ്ങളെ നേരിടാൻ അപ്രാപ്യമാണെന്ന് മക്ക ദുരന്തം പഠിപ്പിച്ചുവെന്നും അതു കവച്ചു വയ്ക്കുന്ന തരത്തിലാകണം പുതിയ പദ്ധതികളെന്നും മദീന സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ജനറൽ സുലൈമാൻ ബിൻ അബ്ദുള്ള അൽ അമർ വെളിപ്പെടുത്തി.

ദുരന്തങ്ങൾ കഴിവതും കുറയ്ക്കുന്നതിനും മറ്റും മക്കയിൽ വിന്യസിച്ചിരിക്കുന്ന വിവിധ സുരക്ഷാ ഏജൻസികൾ തമ്മിൽ ഒത്തുചേർന്നു പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയും തീർത്ഥാടകർക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഹജ്ജ് പ്രദാനം ചെയ്യുകയാണ് അന്തിമ ലക്ഷ്യമെന്നും ജനറൽ സുലൈമാൻ എടുത്തു പറഞ്ഞു.