ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2019 ഡിസംബർ 8 നാണ് ചൈനയിലെ വുഹാനിൽ ആദ്യമായി സാർസ് വിഭാഗത്തിൽപ്പെട്ട കോവിഡ് 19 എന്ന രോഗാണുവിന്റെ വ്യാപനം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വൻ ശക്തികൾ ഉൾപ്പെടെ ലോകരാജ്യങ്ങൾ മുഴുവനും ഒരു സൂക്ഷ്മാണുവിന് മുന്നിൽ പതറുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ഒരു വർഷമായി മനുഷ്യർ കാണുന്നത്. ഇന്നും ഫലപ്രദമായ മറുമരുന്നിനായി ലോകം പരക്കം പായുമ്പോഴും ഈ മാരക വൈറസ് കവർന്നെടുത്തത് 15,53,150 മനുഷ്യ ജീവനുകളാണ്.

ചൈനയിലെ വുഹാനിൽ 2019 നവംബറിന്റെ അവസാനം തന്നെ രോഗാണു സാന്നിധ്യവും വ്യാപനവും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ചൈനീസ് ഏകാധിപത്യ ഭരണകൂടം ഈ വിവരം മറ്റ് രാജ്യങ്ങളിൽ നിന്ന് മറച്ച് വെക്കുകയായിരുന്നു. എന്നാൽ രോഗാണുവിന്റെ വ്യാപന തടയുക ചൈനീസ് ഭരണകൂടത്തിന് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. രോഗാണു ചൈനയിൽ നിന്ന് പറന്നുയർന്ന് വസ്ത്ര ഉത്പന്നങ്ങളിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു. ഇന്ന് കൊറോണാ വൈറസിന്റെ വ്യാപനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതൽ പേർ മരിച്ചതും അമേരിക്കയിലാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്ത് ഇതുവരെയായി കൊറോണാ രോഗാണുവിന്റെ വ്യാപനത്തെ തുടർന്ന് 15,53,150 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ കാണിക്കുന്നു. 6,80,55,468 പേർക്ക് രോഗാണുബാധ സ്ഥിരീകരിച്ചു. 4,71,45,603 പേർക്ക് രോഗം ഭേദമായി. എന്നാൽ, രോഗം ഭേദമായാലും രോഗാണു ശരീരത്തിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ ജീവിതകാലം പിന്തുടരുമെന്ന് ആരോഗ്യപഠനങ്ങൾ പറയുന്നു.

1,53,70,339 പേർക്ക് അമേരിക്കയിൽ ഇതുവരെയായി രോഗം സ്ഥിരീകരിച്ചപ്പോൾ 2,90,474 പേർക്ക് ജീവൻ നഷ്ടമായി. മരണ സംഖ്യയിൽ മൂന്നാമതാണെങ്കിലും രോഗവ്യാപനത്തിൽ ഇന്ത്യയാണ് രണ്ടാമത്. ഇന്ത്യയിൽ ഇതുവരെയായി 97,03,908 പേർക്ക് രോഗാണു ബാധ സ്ഥിരീകരിച്ചപ്പോൾ 1,40,994 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലെ രോഗാണു സ്ഥിരീകരിക്കുന്നവരുടെ കണക്കുകൾ ആഴ്ചകൾക്കുള്ളിൽ ഒരു കോടി കടക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്.

രോഗാണു വ്യാപനത്തിൽ മൂന്നാമതാണെങ്കിലും മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്നത് ബ്രസീലാണ്. 66,28,065 പേർക്കാണ് ഇതുവരെയായി ബ്രസീലിൽ രോഗാണു ബാധ സ്ഥിരീകരിച്ചത്. അതേ സമയം 1,77,388 പേർക്ക് ജീവൻ നഷ്ടമായി. റഷ്യയിലും (24,88,912), ഫ്രാൻസിലും (22,95,908) ഇരുപത് ലക്ഷത്തിന് മേലെ ആളുകൾക്ക് രോഗാണുബാധ സ്ഥിരീകരിച്ചപ്പോൾ 43,597 പേർ റഷ്യയിലും 55,521 പേർ ഫ്രാൻസിലും മരണത്തിന് കീഴടങ്ങി.

ഇറ്റലി, ബ്രിട്ടൻ, സ്പെൻ, അർജൻറീന, കൊളംബിയ, ജർമ്മനി, മെക്സിക്കോ, പോളണ്ട്, ഇറാൻ എന്നീ രാജ്യങ്ങളിൽ പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രോഗാണുബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ 60,606 പേരും ബ്രിട്ടനിൽ 61,434 പേരും ഇറാനിൽ 50,594 പേരും മരണത്തിന് കീഴടങ്ങിയപ്പോൾ മെക്സിക്കോയിൽ 1,10,074 പേർ മരണത്തിന് കീഴടങ്ങിയതായി വേൾഡോമീറ്ററിന്റെ കണക്കുകൾ പറയുന്നു.

മറ്റ് രാജ്യങ്ങളിൽ 50,000 ത്തിലും താഴെയായിരുന്നു മരണനിരക്ക്. അമേരിക്കൻ വൻകരയും യൂറോപ്പും കൊറോണാ രോഗാണുവിന്റെ വ്യാപനത്തിൽ തകർന്നടിഞ്ഞു. നേരത്തെയുണ്ടായിരുന്ന സാമ്പത്തീക പ്രതിസന്ധി ഇതോടെ രൂക്ഷമായി. എന്നാൽ, ലോകം മുഴുവൻ കൊറോണാ രോഗാണുവിൽ തകരുമ്പോൾ ചൈനയിൽ രോഗാണു വ്യാപനം പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമായെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെട്ടു. വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം രോഗാണു ആദ്യം സ്ഥിരീകരിക്കപ്പെട്ട ചൈനയിൽ ഇതുവരെയായി വെറും 86,646 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,634 പേർക്ക് ജീവൻ നഷ്ടമായി. രോഗാണുവ്യാപനത്തിൽ ലോകത്ത് 77 -മതാണ് ചൈനയുടെ സ്ഥാനം.

രോഗം ബാധിച്ചവരിൽ 0.5 ശതമാനം പേർ (1,06,112 ) ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. രോഗവ്യാപനം ശക്തമായി നടക്കുമ്പോൾ റഷ്യ , ചൈന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിച്ചെന്ന അവകാശ വാദമുയർത്തുകയും മരുന്ന് ജനങ്ങളിൽ പരിക്ഷിച്ച് തുടങ്ങുകയും ചെയ്തു. എന്നാൽ ലോകാരോഗ്യ സംഘടന ഇതുവരെയായും കണ്ടുപിടിക്കപ്പെട്ട മരുന്നുകൾ രോഗപ്രതിരോധം സാധ്യമാക്കുമെന്ന സ്ഥിരീകരിച്ചിട്ടില്ല.

ജീവിതക്രമം മാറ്റിയ വൈറസ്

മനുഷ്യ ജീവിതത്തിൽ വലിയ മാറ്റമാണ് കോവിഡ് കൊണ്ടുവന്നത്. സാമൂഹിക അകലം പാലിക്കാനും മാസ്ക് നിത്യജീവിതത്തിന്റെ ഭാ​ഗമാക്കാനും മനുഷ്യൻ ശീലിച്ചു. കൈകൾ എപ്പോഴും കഴുകാനും വ്യക്തി ശുചിത്വം പാലിക്കാനും മനുഷ്യൻ ശീലിച്ചതും ഈ മാരക വൈറസിനെ തുരത്താനാണ്. ലോകത്ത് വ്യോമ​ഗതാ​ഗതം ഉൾപ്പെടെ നിർത്തിവെച്ച് വിവിധ രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും വൈറസ് വ്യാപനം തടയാനായില്ല. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്നും സ്കൂളുകളും കോളജുകളും അടഞ്ഞ് കിടക്കുകയാണ്. ഓഫീസിൽ നിന്നും വീട്ടിലേക്ക് ജോലിസ്ഥലം മാറിയതും ഈ കോവിഡ് കാലത്താണ്. വിവിധ ഐടി കമ്പനികൾ ഇപ്പോൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നു. യാതനയുടെ കാലം കൂടിയായിരുന്നു ഈ ഒരു വർഷം. മഹാമാരി ജീവൻ കവരുന്നത് മാത്രമല്ല, ലോക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു പോയവരും ലക്ഷക്കണക്കിനാണ്.

ആശ്വാസമായി വാക്സിനേഷൻ

കോവിഡ് പോരാട്ടത്തിൽ ലോകത്തിന് പ്രതീക്ഷയായി വാക്‌സിനേഷൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന യുകെയിൽ വാക്‌സിനേഷൻ തുടങ്ങിയത് ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. ഒരു ബ്രിട്ടീഷ് മുത്തശ്ശിയാണ് ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. മാർഗരറ്റ് കീനൻ എന്ന മുത്തശ്ശിയാണ് വാക്‌സിൻ കുത്തിവെപ്പെടുത്തത്.

ഒരുവർഷമായി ലോകത്തെ ഭീതിപ്പെടുത്തിയ കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പുറത്തിറക്കിയ ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തിയെന്ന നിലയിലാണ് മാർഗരറ്റ് കീനൻ എന്ന 90കാരി ഇനി അറിയപ്പെടുക. 91 വയസ് തികയാൻ ഒരാഴ്ച ബാക്കിനിൽക്കെയാണ് കീനൻ വാക്‌സിൻ സ്വീകരിച്ചത്. മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽനിന്ന് ഇന്നു രാവിലെ 6.31ഓടെയാണ് അവർക്ക് വാക്‌സിൻ നൽകിയത്.

കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയ ആദ്യത്തെ വ്യക്തിയെന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് കീനൻ കുത്തിവെപ്പ് സ്വീകരിച്ചു കൊണ്ട് പ്രതികരിച്ചു. 'ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്, കാരണം വർഷത്തിൽ ഭൂരിഭാഗവും സ്വന്തമായി ഉണ്ടായിരുന്നതിന് ശേഷം പുതുവർഷത്തിൽ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'- മാർഗരറ്റ് കീനൻ പറഞ്ഞു.

അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ബ്രിട്ടീഷ് സർക്കാർ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു മുതൽ ബ്രിട്ടനിലെ ആശുപത്രികളിൽ ഈ വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങിയത്. ബ്രിട്ടനിലെ എല്ലാ ജനങ്ങൾക്കും കുത്തിവെയ്‌പ്പ് ഉറപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫൈസർ വാക്‌സിനുകൾ ബ്രിട്ടൻ വൻതോതിതൽ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടക്കത്തിൽ അൾട്രാ കോൾഡ് സ്റ്റോറേജും ട്രിക്കി ലോജിസ്റ്റിക്‌സ് സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലാണ് വാക്‌സിൻ വിതരണം നടക്കുകയെന്നും അധികൃതർ അറിയിച്ചു.

ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ആണ് ഫൈസർ-ബയോടെക് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഇത് രോഗം തടയുന്നതിൽ 95% ഫലപ്രദമാണെന്ന് അവർ പറയുന്നു, റെക്കോർഡ് സമയത്ത് - ഫൈസർ അതിന്റെ അവസാന ഘട്ട ക്ലിനിക്കലിൽ നിന്ന് ആദ്യ ഡാറ്റ പ്രസിദ്ധീകരിച്ച് 23 ദിവസത്തിന് ശേഷം ബ്രിട്ടനിൽ അത് ഉപയോഗിക്കാൻ അനുമതി നൽകിയത്.

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് എന്ന നോവൽ പ്രത്യക്ഷപ്പെട്ട് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഫൈസർ-ബയോടെക്ക് വാക്‌സിൻ വികസിപ്പിക്കുന്നത്. പരീക്ഷണത്തിൽ ഏറ്റവും ഫലപ്രദമാണ് ഈ വാക്‌സിനെന്ന് കണ്ടെത്തിയിരുന്നു. അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം വരെ ഫലപ്രാപ്തി ഈ വാക്‌സിൻ രേഖപ്പെടുത്തിയിരുന്നു.

വെയിൽസ്, സ്‌കോട്ലൻഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വാക്സിൻ വിതരണം ഉടൻ തുടങ്ങും. വടക്കൻ അയർലൻഡിൽ ഈയാഴ്ച ആദ്യംതന്നെ വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കൃത്യമായ തീയതി അവർ പുറത്തുവിട്ടിട്ടില്ല. കോവിഡ് 19 വാക്സിന് അനുമതി നൽകിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ. ഫൈസർ/ബയേൺടെക് വാക്സിൻ വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയിൽ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകൾ വാക്സിൻ വിതരണം സങ്കീർണമാക്കുന്നുണ്ട്. എന്നാൽ ഒരു രാജ്യത്ത് വാക്സിൻ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റൽ ഹബ്ബുകളിൽ വാക്സിൻ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതർ സ്‌കൈ ന്യൂസിനോട് പറഞ്ഞു.

ഫൈസർ/ബയേൺടെക് വാക്സിന്റെ 40 ലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്സിൻ കോവിഡ് ബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. വാക്സിന്റെ നാല് കോടി ഡോസുകൾക്കാണ് യു.കെ ഇതുവരെ ഓർഡർ നൽകിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിന് വാക്സിൻ നൽകാനെ ഇത് മതിയാകൂ. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്.

യൂറോപ്പിൽ മറ്റ് എവിടത്തെക്കാളും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്തത് യു.കെയിൽ ആയിരുന്നു. കോവിഡ് വാക്സിന് അമേരിക്കയെക്കാളും യൂറോപ്പിലെ മറ്റുരാജ്യങ്ങളെക്കാളും വേഗത്തിൽ അനുമതി നൽകിയ യു.കെയുടെ നടപടിയിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നുവെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറയുന്നത്. ഫൈസർ/ബയേൺടെക് വാക്സിൻ മറ്റേത് വാക്സിനെയുംപോലെ സുരക്ഷിതമാണെന്നും അത് സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവർ നിരീക്ഷിക്കുമെന്നും യു.കെ അധികൃതർ ഞായറാഴ്ച ഉറപ്പ് നൽകിയിരുന്നു.