കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്‌പെയിനിന്റെ കരോലിന മാരിന് കിരീടം. ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമാണ് മാരിൻ. ഒപ്പം 15 വർഷത്തിനു ശേഷം ലോക വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ താരം എന്ന പദവിയും മാരിന് സ്വന്തം. സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോല്പിച്ചാണ് മാരിൻ ചരിത്ര ഫൈനലിൽ കളിച്ചത്. 21-17, 21-15 എന്ന സ്‌കോറിനാണു മാരിൻ സിന്ധുവിനെ തോല്പിച്ചത്.

തുടർച്ചയായി രണ്ടാം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണു സിന്ധു വെങ്കലം നേടുന്നത്. വെങ്കലം നേടിയതോടെ ലോക ചാമ്പ്യൻഷിപ്പുകളിൽ രണ്ട് സിംഗിൾസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സിന്ധു. പുരുഷ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ സുംഗ് ഹ്യൂൻ ബാക് ചോൽ സഖ്യം കിരീടം നേടിയത്. വനിതാ ഡബിൾസിൽ ചൈനയുടെ ക്വിങ് ടിയാൻ യൂനേലി സാവോ സഖ്യം നാട്ടുകാരായ സിയാലി വാംഗ് യാംഗ് യു ജോഡിയെ 2119, 2115 എന്ന സ്‌കോറിനു തോല്പിച്ചു കിരീടം നേടി.