കോപ്പൻഹേഗൻ: ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തുടർച്ചയായ രണ്ടാം വെങ്കലം. ഇന്നലെ നടന്ന സെമിഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു തോറ്റത്. ഇതോടെ വീണ്ടും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും സിന്ധു വെങ്കലമെഡൽ ജേതാവായിരുന്നു. നേരിട്ടുള്ള സെറ്റുകളിൽ കരോളിന 21-17, 21-15നാണ് ജയിച്ചത്.

ചൈനയുടെ ലോക ഒന്നാം നമ്പർ താരം ലു സുറെയിയാണ് കരോളിനയുടെ എതിരാളി. ജപ്പാന്റെ മിനാതുസ് മിതാനിയെ നേരിട്ടുള്ള സെറ്റുകളിൽ 21-14, 21-8നു തോല്പിച്ചാണ് ഒന്നാം നമ്പറുകാരി ഫൈനലിൽ കടന്നത്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തന്നേക്കാൾ മികച്ച റാങ്കിങ്ങുള്ള എതിരാളികളെ പുറകിൽനിന്നശേഷം പൊരുതിക്കയറിയാണ് സിന്ധു തോല്പിച്ചത്.

പ്രീ ക്വാർട്ടറിൽ കൊറിയയുടെ ആറാം നമ്പർ യിയോൺ ജു ബെയായിരുന്നു എതിരാളി. ക്വാർട്ടറിൽ ചൈനയുടെ രണ്ടാം നമ്പർ വാങ് ഷിക്‌സിയാനും. ഇരുവർക്കുമെതിരെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം നേടിയത്. ഈ രണ്ടു കളിയിലുമായി രണ്ടേമുക്കാൽ മണിക്കൂറിലേറയാണ് ഈ പത്തൊമ്പതുകാരി കളത്തിൽ നിറഞ്ഞുനിന്നത്. സെമിയുടെ ആദ്യ സെറ്റിൽ രണ്ടു ഗെയിം പോയിന്റ് അതിജീവിച്ചെങ്കിലും സിന്ധുവിന് ജയിക്കാനായില്ല.