കോപ്പൻഹേഗൻ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാസിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധു മൂന്നാംറൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ റഷ്യയുടെ ഓൾഗ ഗോളോ വനോവയെ തോല്പിച്ചാണ് സിന്ധു മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 11ാം സീഡായ സിന്ധു 40 മിനിട്ടുകൊണ്ട് 21 12, 21 17 നാണ് ജയം നേടിയത്. മൂന്നാംറൗണ്ടിൽ ആറാംസീഡ് യോൺ ജുബേയ്‌യാണ് സിന്ധുവിന്റെ എതിരാളി.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മനു അത്രി സുമീത് റെഡ്ഡി സഖ്യം മൂന്നാം റൗണ്ടിലെത്തി. ജപ്പാന്റെ ഹാഷിമോട്ടോ ഹിരാത സഖ്യത്തെ 21 19, 21 19 നാണ് മനു സുമീത് സഖ്യം തോല്പിച്ചത്. അതേ സമയം വനിതാ ഡബിൾസിൽ ജ്വാലാഗുട്ട അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ തോറ്റു. ചൈനയുടെ ക്വിൻഗ് ടിയാൻ യുൻലേ ഷ്വാവോ സഖ്യത്തോട് 16 21, 8 21 നായിരുന്നു ഇന്ത്യൻ സഖ്യം തോറ്റത്.