ഗോളതലത്തിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളും അടിയന്തിര ആവശ്യങ്ങളും കൈകാര്യം ചെയ്യുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. 1948 ഏപ്രിൽ 7 ന് സ്ഥാപിതമായ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ജനീവയാണ്. 1948 ൽ ജനീവയിൽ വച്ചു തന്നെ നടന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ സമ്മേളനത്തിലാണ് ലോകാരോഗ്യദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകാരോഗ്യ സംഘടന നിലവിൽ വന്ന ദിവസം എന്നതിനു പുറമെ ഓരോ വർഷവും ആരോഗ്യ മേഖലയിലെ വെല്ലുവിളികളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നത് ഈ ദിനാചരണം ലക്ഷ്യമിടുന്നു. സംഘടന നിലവിൽ വന്നതു മുതൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളായ പോളിയോ, സ്മാൾ പോക്‌സ്, ചിക്കൻ പോക്‌സ് എന്നിവക്കെതിരെ അത് ശക്തമായ ബോധവത്കരണ, നിയന്ത്രണ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ പകർച്ച വ്യാധി കണക്കെ കാണപ്പെട്ടിരുന്ന അസുഖങ്ങളാണിവ.

ഓരോ വർഷവും പ്രത്യേക വിഷയങ്ങൾ ലോകാരോഗ്യദിനാചരണത്തിന് തെരഞ്ഞെടുക്കാറുണ്ട്. 1995 ലെ പോളിയെ നിർമ്മാർജ്ജനത്തിനായുള്ള യജ്ഞമായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വിജയകരമായ കാമ്പയിനുകളിലൊന്ന്. പോളിയോയെക്കുറിച്ച് ജനങ്ങളുടെ അവബോധം വർദ്ധിച്ചതോടെ ലോകത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിൽ നിന്നും ഈ രോഗം നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു. ദിനാചരണത്തിന് ഒരു പ്രത്യേക വിഷയം സ്വീകരിക്കുന്നു എന്നതിനു പുറമെ, സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നു.

ഈ വർഷം ലോകാരോഗ്യ ദിനാഘോഷത്തിന്റെ മുഖ്യപ്രമേയം ഭക്ഷണ സുരക്ഷയാണ്. ഗവൺമെന്റുകൾ, പൊതുസമൂഹം, സ്വകാര്യമേഖല എന്നിവയടക്കം ലോക സമൂഹത്തിന് മൊത്തം പ്രാധാന്യമർഹിക്കുന്ന വിഷയമാണിത്. സുരക്ഷിതമായ ഭക്ഷണം (safe food) എന്നത് ഭക്ഷ്യ സുരക്ഷയിൽ (food securtiy) നിന്ന് വ്യത്യസ്തമാണ്.

ജനങ്ങളെ ഭക്ഷ്യവിഷബാധയിൽ നിന്നും ഭക്ഷണജന്യ രോഗങ്ങളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഭക്ഷണ സുരക്ഷിതത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വയറിളക്ക രോഗങ്ങൾ, വൈറസ് രോഗങ്ങൾ (കേടായ വന്യജീവി മാംസവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ എബോള കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്) പ്രത്യുൽപ്പാദന, ബുദ്ധി വികാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, കാൻസറുകൾ എന്നിവക്കെല്ലാം ഇത് വഴിതെളിക്കും. ഭക്ഷണ സുരക്ഷിതത്വം എന്നത് ഭക്ഷ്യസുരക്ഷക്ക് അത്യന്താപേക്ഷിതമായ ഘടകമാണ്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ
• ആവശ്യമായ അളവിൽ സുരക്ഷിതവും പോഷക മൂല്യമുള്ളതുമായ ഭക്ഷണത്തിന്റെ ലഭ്യത ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഹാനികാരികളായ ബാക്ടീരിയകൾ, വൈറസുകൾ, പരാദങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയടങ്ങിയ സുരക്ഷിതമല്ലാത്ത ഭക്ഷണം - 200 ൽ കൂടുതൽ അസുഖങ്ങൾക്ക് കാരണമാവുന്നു.
• ഭക്ഷണ, ജലജന്യ രോഗങ്ങൾ കാരണം ആഗോള തലത്തിൽ പ്രതിവർഷം 2 ദശലക്ഷം ജനങ്ങൾ മരണമടയുന്നുണ്ട്.
• ഭക്ഷണ സുരക്ഷിതത്വം, പോഷണം, ഭക്ഷ്യസുരക്ഷ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം രോഗങ്ങൾക്കും പോഷകങ്ങളുടെ കുറവിനും കാരണമാകുന്നു.
• ആരോഗ്യരംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഭക്ഷണ ജന്യരോഗങ്ങൾ സാമൂഹിക, സാമ്പത്തിക വികസനത്തിനും വിഘാതമാവുന്നു. ടൂറിസം, വ്യാപാരമേഖലകളിലും ഇത് തിരിച്ചടിയുണ്ടാക്കുന്നു.
• ഉൽപ്പാദകരിൽ നിന്ന് ഉപഭോക്താക്കളിലേക്കെത്തുമ്പോഴേക്കും ഭക്ഷണം പല രാജ്യാതിർത്തികൾ തന്നെ മറികടക്കുന്നുണ്ട്. ഗവൺമെന്റുകൾ, ഉൽപ്പാദകർ, ഉപഭോക്താക്കൾ എന്നിവരുടെ സഹകരണം വഴി ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്താനാകും.
• ഭക്ഷണജന്യരോഗങ്ങൾ എളുപ്പത്തിൽ പകരുന്നതും മാരകവുമാണ്. മലിനമായ ജലം വഴി ശരീരത്തിലെത്തുന്ന ബാക്ടീരിയ, വൈറസുകൾ, പരാദങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ വഴി രോഗം പിടിപെടാം.
പ്രചാരണത്തിന്റെ ലക്ഷ്യങ്ങൾ
• പൊതു പ്രചാരണ പരിപാടികളിലൂടെ ഭക്ഷണ സുരക്ഷ ഉറപ്പു വരുത്താൻ ഗവൺമെന്റുകളെ പ്രേരിപ്പിക്കുക.
• കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക.
• ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾ കഴിക്കന്ന ഭക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തുമാത്രമറിയാം?
• ഭക്ഷണം വാങ്ങിക്കുമ്പോഴും തയ്യാറാക്കുമ്പോഴും ലേബലിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചിരിക്കണം.
• നിങ്ങളുടെ പ്രദേശത്തുള്ള ഹാനികരങ്ങളായ രാസപദാർത്ഥങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.
• ശരിയായ പാചക രീതികൾ അറിയുക. ഭക്ഷണം ശരിയായി പാചകം ചെയ്തില്ലെങ്കിൽ ദോഷകരമാവും.
• ശരിയായ രീതിയിൽ മാത്രം ഭക്ഷണം സംഭരിച്ച് വെക്കുക, കൈകാര്യം ചെയ്യുക, പാചകം ചെയ്യുക
• ആരോഗ്യകരമായി ശീലങ്ങൾ സമൂഹത്തിന് പകർന്നു നൽകുക.

(ഡോ.എം.കെ. മുഹമ്മദ് അസ്‌ലം, സീനിയർ റീജ്യണൽ ഡയറക്ടർ റീജ്യണൽ ഓഫീസ് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ, തിരുവനന്തപുരം.)