ലോകം നീങ്ങുന്നത് ഓർമയില്ലാത്തവരുടെ കാലത്തേയ്‌ക്കോ? ലോകത്ത് അൽഷിമേഴ്‌സ് പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്ന കാലം അതിവിദൂരമല്ലെന്ന് ഗവേഷകർ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും അൽഷിമേഴ്‌സ് ബാധിതരുടെ എണ്ണം പത്തുകോടി കടക്കുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ പത്തുവർഷം കൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ ഒരു കോടിയുടെ വർധനവാണുണ്ടായത്. ഇപ്പോൾ ലോകത്ത് മൂന്നരക്കോടി അൽഷിമേഴ്‌സ് ബാധിതരാണുള്ളത്. അടുത്ത മൂന്നര പതിറ്റാണ്ടുകൊണ്ട് അത് പത്തരക്കോടി കവിയും. 65 വയസ്സ് പിന്നിട്ടവരാണ് അൽഷിമേഴ്‌സ് ബാധിതരിലേറെയും.

വയോധികരുടെ എണ്ണം കൂടുന്നതാണ് രോഗബാധിതരുടെ എണ്ണം ഇത്തരത്തിൽ കുതിച്ചുകയറാനും ഇടയാക്കുന്നത്. 2010-ലെ സെൻസസ് പ്രകാരം അമേരിക്കയിൽ നാല് കോടി പേരാണ് 65 വയസ്സ് പിന്നിട്ടവർ. 2030 ആകുമ്പോൾ ഇവരുടെ എണ്ണം 7.1 കോടിയാകുമെന്നാണ് കണക്കാക്കുന്ത്. 2060-ൽ 65 പിന്നിട്ടവർ 9.8 കോടിയുണ്ടാകുമെന്നും കണക്കാക്കുന്നു.

അൽഷിമേഴ്‌സ് ബാധിതർ മറ്റു രോഗബാധിതരെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നതും രോഗികളുടെ എണ്ണം കൂടാൻ കാരണമാണ്. രോഗബാധ തിരിച്ചറിഞ്ഞാലും പത്തോ അതിലധികമോ വർഷം രോഗി ജീവിച്ചിരിക്കും. രോഗം മൂർഛിക്കുന്നതനുസരിച്ച് കൊടുക്കേണ്ട പരിചരണത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുമെന്നും കാലിഫോർണിയ സർവകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസ്സർ ഡോ. റോൺ ബ്രൂക്ക്‌മേയർ പറഞ്ഞു.