ഡമാസ്‌കസ്: റഷ്യയുടെ സുഖോയ് എസ് യു24 യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കിയുടെ എഫ് 16 യുദ്ധ വിമാനങ്ങൾ വെടിവച്ചുവീഴ്‌ത്തിയതിനെ തുടർന്നുള്ള സംഭവങ്ങൾ അതി സങ്കീർണ്ണതയിലേക്ക്.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കുമെന്നാണ് സൂചന. തുർക്കിക്ക് തിരിച്ചടി നൽകാൻ സേനയ്ക്ക് റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിൻ നിർദ്ദേശം നൽകി കഴിഞ്ഞു. വിമാനം തകർത്തതിനാൽ തുർക്കിയുമായുള്ള സൈനിക ഉടമ്പടികൾ ലംഘിക്കുന്നതായും സിറിയയിലെ റഷ്യൻ ദൗത്യത്തിന് തടസ്സമുണ്ടാകുന്ന എന്തും നേരിടാൻ എയർ ഡിഫൻസ് സിസ്റ്റമുള്ള പടക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധക്കപ്പലിൽ നിന്ന് ഏത് സമയവും തുർക്കിയിലേക്ക് ബോംബ് വർഷം തുടങ്ങുമെന്നാണ് സൂചന.

സിറിയയിലെ ഐസിസ് ഭീകരർക്കെതിരെയുള്ള പടനീക്കത്തിൽ മേഖലയിൽ റഷ്യൻ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്ത് ടാർഗറ്റും തകർക്കുന്നതിന് റഷ്യയ്ക്ക് മടിയുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇനിമുതൽ സിറിയയിൽ വ്യോമാക്രമണം നടത്തുന്ന റഷ്യൻ വിമാനങ്ങൾക്ക് അകമ്പടി വിമാനങ്ങളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നാറ്റോ അംഗരാജ്യം റഷ്യൻ വിമാനം വെടിവച്ചുവീഴ്‌ത്തുന്നത് അര നൂറ്റാണ്ടിന് ശേഷം ആദ്യമായാണ്. ഭീകരരോട് കൂട്ടുകൂടിയുള്ള പ്രവർത്തനമാണ് തുർക്കി നടത്തിയിരിക്കുന്നതെന്നാണ് പുടിൻ വിമാനം തകർത്തതിനെപ്പറ്റി പ്രതികരിച്ചത്. ഐഎസ് ഭീകരരുമായി തുർക്കി എണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നും തുർക്കിക്ക് റഷ്യ ഒരു ഭീഷണിയുമില്ലാതിരുന്നിട്ടും ഭീകര വിരുദ്ധ യുദ്ധത്തിലെ ധാരണകൾ ലംഘിച്ച് വിമാനം തകർത്തതിന്റെ പിന്നിൽ ഐസിസ് സ്‌നേഹമാണെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പാരീസ് ഭീകരാക്രമണത്തെ തുടർന്ന് ലോക ശക്തികൾക്കുള്ള ഐക്യം തകരുന്നതിന്റെ സൂചനയും കിട്ടി. തുർക്കിയെ പിന്തുണച്ച് അമേരിക്ക പരസ്യമായി രംഗത്ത് വന്നതോടെ കാര്യങ്ങൾ വ്യക്തമാവുകയാണ്.

റഷ്യൻ യുദ്ധ വിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചിട്ട സംഭവത്തിൽ തുർക്കിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തന്നെ രംഗത്ത് വന്നിരുന്നു. തുർക്കിയുടെ വ്യോമാതിർത്തിയിലേക്കുള്ള കടന്നുകയറ്റത്തെ നേരിടാനുള്ള അവകാശം തുർക്കിക്കുണ്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കു മാത്രമാണ് തുർക്കി ചെയ്തതെന്ന് ഒബാമ പറഞ്ഞു. ഒബാമ തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. നാറ്റോയും തുർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് തുർക്കി പ്രധാനമന്ത്രി അഹമ്മദ് ദാവുടൊഗ്ലു വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയെ നേരിടാൻ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ അമേരിക്കയും തുർക്കിയും നൽകുന്നത്.

ഇതിനൊപ്പം വിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായ മേഖലയിൽ തുർക്കിക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തി. തുർക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയിൽ തുർക്കിയുടെ ഭൂപരമായ താൽപര്യങ്ങളെ പിന്തുണയ്ക്കുന്നതായും നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. വിമാനം വെടിവച്ചിട്ടത് നാറ്റോയുടേയും അമേരിക്കയുടേയും അറിവോടെയാണെന്ന വാദത്തിനാണ് ഇതിലൂടെ ശക്തികൂടിയത്. ഐസിസിനെ തകർക്കാൽ ഓരോ രാജ്യവും ആവുന്നത് ചെയ്യണമെന്ന യുഎൻ പ്രമേയത്തിന് വിരുദ്ധമാണ് സംഭവിക്കുന്നത്. റഷ്യൻ വിമാനം 17 സെക്കന്റ് മാത്രമാണ് തുർക്കി അതിർത്തിയിൽ പ്രവേശിച്ചതെന്നും വ്യക്തമാണ്. എന്നിട്ടും തുർക്കി വെടിവയ്ക്കുകയായിരുന്നു. റഷ്യൻ ശക്തിയെ വിലകുറച്ച് കാണാനുള്ള നീക്കമായി ഇതിനെ പുട്ടിൻ കാണുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ നിയന്ത്രണം റഷ്യയിലേക്ക് എത്താതിരിക്കാനുള്ള നീക്കമായാണ് പുട്ടിന് ഇതിനെ വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് തിരിച്ചടി നൽകാൻ റ്ഷ്യ കരുതലോടെ തയ്യാറെടുക്കുന്നത്.

റഷ്യയ്ക്ക് ഇറാനും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. സിറിയയുടെ കരസേനയും റഷ്യൻ നിർദ്ദേശങ്ങൾക്കായി കാത്തു നിൽക്കുകയാണ്. അങ്ങനെ ഐസിസിനെതിരായ ഉന്മുലന യുദ്ധം കടുപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം തുർക്കിയേയും ആക്രമിക്കും. സിറിയയിലെ വിമതർക്ക് തുർക്കി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നാണ് റഷ്യൻ നിലപാട്. വിമതർക്കും ഐസിസിനും പ്രചോദനം നൽകാനാണ് തുർക്കി വിമാനത്തെ വെടിവച്ചിട്ടത്. സിറിയയിൽ തകർന്നടിയുന്ന ഐസിസ് ഭീകരതയ്ക്ക് കരുത്ത് പകരനായിരുന്നു ഇതെന്നാണ് റഷ്യയുടെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് തുർക്കിയേയും ആക്രമിക്കാൻ കഴിയുന്ന തരത്തിലേക്ക് പടനീക്കം തുടങ്ങിയത്. അതിനിടെ ഏത് നിമിഷവും ചൈനയും റഷ്യയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന. ഇതിന് തടയിടാൻ അമേരിക്കയും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഏതായാലും റഷ്യയുടെ യുദ്ധ നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അമേരിക്കയും നാറ്റോയുമെല്ലാം. ഏതായാലും ആണവ പോർമുന പോലും ഒരുക്കി തുർക്കിയെ സഹായിക്കാനാണ് ബ്രിട്ടണിനോട് അമേരിക്ക നിർദ്ദേശിച്ചിട്ടുള്ളത്. സംഘർഷങ്ങൾക്ക് ഉടൻ അയവുണ്ടാകില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതിനിടെ തുർക്കി വെടിവച്ചിട്ട റഷ്യൻ യുദ്ധവിമാനത്തിലെ പൈലറ്റുമാർക്കായി തിരിച്ചിൽ നടത്തുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെ വിമത സേനയുടെ ആക്രമണവുമുണ്ടായി. ഇതിൽ ഒരു റഷ്യൻ മറീൻ കൊല്ലപ്പെട്ടു. വിമാനം തകർന്നുവീണയിടത്ത് തിരച്ചിൽ നടത്തുകയായിരുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെയാണ് സിറിയൻ വിമത സേന വെടിയുതിർത്തത്. യുദ്ധവിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരിൽ ഒരാളെ ഇന്നലെ വിമതസേന വധിച്ചിരുന്നു. മറ്റൊരാൾക്കായുള്ള തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് വിമത സേന തോക്കുപയോഗിച്ച് വെടിയുതിർത്തത്. ഉടൻ തന്നെ ഹെലികോപ്റ്റർ വിജനമായ സ്ഥലത്ത് അടിയന്തര ലാൻഡിങ് നടത്തിയെങ്കിലും മോർട്ടാർ ആക്രമണത്തിൽ അത് തകർന്നതായും ഒരു മറീൻ കൊല്ലപ്പെട്ടതായും റഷ്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. രക്ഷാപ്രവർത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിൻവലിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് വീഴ്‌ത്തിയതായി വിമത സേനയും അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു.

അതിനിടെ സിറിയയിൽ സൈന്യത്തെ സഹായിക്കാൻ ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള സേനകളുടേതുമടക്കം 2000ത്തോളം സൈനികർ തയ്യാറായി നിൽപ്പുണ്ട്. എത്തി. തുർക്കിക്ക് എഥിരെ അലെപ്പോയിൽ ഇറാനും ആക്രമണത്തിൽ പങ്ക് ചേരും. ഇറാൻ പിന്തുണയുള്ള ഖുദ്‌സ് സേനയും റഷ്യയ്‌ക്കൊപ്പമാണ്. ചൈനയും സൗദിയും അടക്കമുള്ള രാജ്യങ്ങളും റഷ്യയ്‌ക്കൊപ്പമാണുള്ളത്. അതുകൊണ്ട് തന്നെ നാറ്റോയ്ക്ക് പുറത്തുള്ള ആരും അമേരിക്കൻ നീക്കത്തെ അനുകൂലക്കില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് അനുകൂലമായി മൗനത്തിലായിരിക്കും. തീവ്രവാദത്തിനെതിരെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി ലോക രാജ്യങ്ങളുടെ നേതൃപദവി ഏറ്റെടുക്കാനാണ് റഷ്യൻ നീക്കം. അതുകൊണ്ടാണ് സിറിയയിലെ റഷ്യയുടെ നീക്കങ്ങൾ അമേരിക്ക വിവാദമാക്കി അട്ടിമറിക്കാൻ ശ്രമിച്ചത്. എന്നാൽ പാരീസിലെ തീവ്രവാദ ആക്രമണത്തോടെ സ്ഥിതി മാറി. ഇറാനൊപ്പം ഫ്രാൻസും സിറിയയിലെ യുദ്ധത്തിൽ റഷ്യക്കൊപ്പം ചേർന്നു. അമേരിക്കയും റഷ്യയും സഹകരിക്കാനും തീരുമാനിച്ചു. എന്നാൽ ലോക നേതൃപദവി നഷ്ടമാകുമെന്ന് അറിയാവുന്ന അമേരിക്ക തുർക്കിയിലൂടെ സംഘർഷം മറ്റൊരു തലത്തിൽ എത്തിക്കുകയാണ്. ഇതോടെ വീണ്ടും ലോകരാജ്യങ്ങൾ രണ്ട് ചേരിയിലേക്ക് എത്തുകയാണ്.

സിറിയയിൽ സെപ്റ്റംബർ 30 ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 456 ഐസിസ് കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല. സിറിയയിലെ ബാഷർ അൽ അസദ് ഭരണത്തെ പിന്തുണയ്ക്കുന്നതിനാണ് ഐസിസ് കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുന്നത്. ഇതാണ് അമേരിക്കയ്ക്കും കൂട്ടർക്കും പിടിക്കാത്തത്. യുഎസ് പരിശീലനം നൽകുന്ന വമതർക്കെതിരെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നാണ് ആരോപണം. സിറിയയിലെ ആക്രമണങ്ങളിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷവും തങ്ങൾ വൻ സൈനികശക്തിയായി തന്നെ തുടരുന്നതായി പാശ്ചാത്യ ചേരിയെ ബോദ്ധ്യപ്പെടുത്തുകയെന്ന ഉദ്ദശമാണ് റഷ്യ നടത്തുന്നത്. പല ദിവസങ്ങളിലും സിറിയയിൽ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. സിറിയയിൽ റഷ്യയുടെ പ്രധാന വ്യോമത്താവളം വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ലടാക്കിയയിലാണ്. 2000ത്തോളം ട്രൂപ്പുകളെയാണ് റഷ്യ സിറിയയിലേയ്ക്ക് അയച്ചിരിക്കുന്നത്. 1970കളിൽ സോവിയറ്റ് യൂണിയൻ ഈജിപ്റ്റിൽ നടത്തിയ സൈനികവിന്യാസത്തിന് ശേഷം ഏറ്റവും വലുതാണ് ഇത്.

സിറിയയിലെ റഷ്യൻ അക്രമണങ്ങളിൽ ഇതുവരെ 1331 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ 381 പേർ ഐസിസ് തീവ്രവാദികളും 547 അൽ നുസ്‌റ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. സിറിയൻ പ്രസിഡന്റ് അസദിന്റെ അഭ്യർത്ഥന പ്രകാരമാണ് റഷ്യൻ സൈന്യം വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്. യു.എൻ കണക്കുകളനുസരിച്ച് 250,000 പേരാണ് സിറിയയിലെ അഭ്യന്തര യുദ്ധത്തിൽ മരിച്ച് വീണത്. 22.4 മില്ല്യൺ ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയോ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞ് പോയവരുമാണ്.