ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിലിനെ പ്രവാസികളുടെ സർവീസ് ഓർഗനൈസേഷനായി കേരളാ ഗവൺമെന്റ് അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ന്യൂ ജേഴ്‌സി പ്രോവിൻസിന്റെ രജിസ്‌റ്റേർഡ് ഏജന്റ്‌ഡോ. ജോർജ് ജെയ്ക്കബിനു ലഭിച്ചു.

ഇരുപത് വർഷങ്ങൾക്ക് മുൻപ് പ്രവാസികളുടെ ക്ഷേമത്തെ മുൻനിർത്തി ന്യൂ ജേഴ്‌സിയിൽ സ്ഥാപിതമായ ഈ സംഘടന ഇന്ന് ലോകം മുഴുവൻ വളർന്ന് പന്തലിച്ചു കിടക്കുന്നു. പ്രവാസികളുടെ ആവശ്യങ്ങൾ യഥേഷ്ടം സാധിച്ചെടുക്കുന്നതിനായി വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്തും, റെഗുലറായി പ്രവർത്തിക്കുന്ന  ഓഫീസ് ഏറണാകുളത്തും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്നാമത്തെ ഓഫീസ് തൃശൂരിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. പ്രവാസികളുടെ എന്ത് ആവശ്യങ്ങൾക്കും ഈ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഇപ്പോൾ തന്നെ തിരുവനന്തപുരം ഓഫീസിൽ ധാരാളം പ്രവാസികൾ എത്തി കാര്യങ്ങൾ സാധിച്ചു വരുന്നു.

ജനുവരി 16ന് കൊച്ചിൻ പ്രോവിൻസിന്റെ ഉൽഘാടനം പ്രവാസി ക്ഷേമവകുപ്പ് (നോർക്ക) മന്ത്രി കെ .സി. ജോസഫ് നിർവഹിച്ചു. ഈ ഉൽഘാടന ചടങ്ങിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, കെ. വി. തോമസ് എം. പി, സി. എൻ. രാധാകൃഷ്ണൻ ബി. ജെ .പി. സംസ്ഥാന ജനറൽ സെക്രട്ടറി, ടോണി ചമ്മിണി- കൊച്ചിൻ മേയർ, പി. സുദീപ് നോർക്ക സി. ഇ. ഒ, ഐസക്ക് ജോൺ പട്ടാണി പറമ്പിൽ ഡബ്ല്യു. എം.സി. ഗ്ലോബൽ ചെയർമാൻ (ദുബായ്),  ജോണി കുരുവിള ഡബ്ല്യു. എം.സി. ഗ്ലോബൽ പ്രസിഡന്റ് (അബുദാബി),  ജോസഫ് കില്ല്യാൻ ഡബ്ല്യു. എം.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി (ജർമ്മനി) ജോസഫ് കൈനിക്കര ഡബ്ല്യു. എം.സി .ഗ്ലോബൽ വൈസ് പ്രസിഡന്റ് (ജർമ്മനി), എന്നിവരും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികളും പ്രസ്തുത യോഗത്തിൽ സംബന്ധിച്ചു.

പ്രവാസി പ്രോപർട്ടി പ്രൊട്ടക്ഷൻ ബിൽ കേരളാ ഗവൺമെന്റ് നിയമത്തിൽ കൊണ്ടുവരുന്നതിനും വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനും വേണ്ടി ഒരു ഹൈകോർട്ട് റി. ജഡ്ജി, ഒരു ഐ. എ . എസ്. ഓഫീസർ, ഒരു ഐ. പി . എസ്. ഓഫീസർ, എന്നിവരടങ്ങുന്ന ഒരു ഹൈപവർ കമ്മിഷനെ നിയമിക്കുന്നതാണ് എന്ന് കൊച്ചിൻ പ്രോവിൻസിന്റെ ഉൽഘാടന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയുണ്ടായി.

ന്യൂ ജേഴ്‌സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രോവിൻസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും മെംബർഷിപ്പ് പുതുക്കുന്നതിനുമായി ഒരു ജനറൽബോഡി യോഗം വിളിക്കുവാൻ ഈ പ്രോവിൻസിന്റെ ചെയർമാൻ മാധവൻ നായർ അറിയിച്ചു. ദിവസം പിന്നീട് ഇ മെയിൽ വഴി അറിയിക്കുന്നതാണ്. ഏപ്രിൽ 16, 17, 18, തിയതികളിൽ U A E യിൽ വച്ചു നടത്തുന്ന ഗ്ലോബൽ കൺവൻഷനിൽ പങ്കെടുക്കുന്നതിനെപ്പറ്റിയും ന്യൂ ജേഴ്‌സിയിൽ ഇരുപതാം വാർഷികം ആഘോഷിക്കുന്നതിനെപ്പറ്റിയും ഈ യോഗത്തിൽ ആലോചിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി: ഡോ. ജോർജ് ജെയ്ക്കബ്:  2014476609., മാധവൻ നായർ: 7327187355. അനൂപ് തോമസ്:2014836997, ഫിലിപ്പ് മാരേട്ട്:  9737154205.