സ്റ്റോക്ഹോം: കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക തകർച്ചയ്ക്കിടയിലും ആഗോള സൈനികചെലവ് ഏക്കലത്തേയും ഉയർന്ന നിലയിൽ എത്തിയതായി റിപ്പോർട്ട്. ലോകത്തിന്റെ സൈനിക ചെലവ് 2021ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2.1 ട്രില്യൺ ഡോളറിലെത്തിയതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ഐ.പി.ആർ.ഐ) അറിയിച്ചത്. സൈനിക ചെലവ് കൂടുതൽ വഹിക്കുന്ന അഞ്ച് രാജ്യങ്ങളിൽ യു.എസ്, ചൈന എന്നിവക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യു.കെ, റഷ്യ എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങൾ. ആകെ സൈനിക ചെലവിന്റെ 62 ശതമാനവും ഈ രാജ്യങ്ങളാണ് വഹിക്കുന്നത്. ആഗോള സൈനികച്ചെലവ് 2021 ൽ 0.7 ശതമാനം വർധിച്ച് 2113 ബില്യൺ ഡോളറിലെത്തിയിരുന്നു.

കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക തകർച്ചക്കിടയിലും ലോക സൈനിക ചെലവ് റെക്കോർഡ് ഉയരത്തിലെത്തിയെന്ന് എസ്‌ഐ.പി.ആർ.ഐയുടെ സൈനിക ചെലവിന്റെയും ആയുധ നിർമ്മാണത്തിന്റെയും മുതിർന്ന ഗവേഷകൻ ഡോ. ഡീഗോ ലോപ്‌സ് ഡ സിൽവ പറഞ്ഞു. കോവിഡ് മഹാമാരിയിലെ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവിനിടെ പ്രതിരോധ മേഖലയിലെ ചെലവ് ആഗോള ജി.ഡി.പിയുടെ 2.2 ശതമാനമായി. 2020 ൽ ഇത് 2.3 ശതമാനമായിരുന്നു.

2020 ൽ 1.4 ശതമാനം ഇടിഞ്ഞെങ്കിലും യു.എസ് സൈനിക ചെലവ് 2021ൽ 801 ബില്യൺ ഡോളറിലെത്തി. 2012 മുതൽ 2021 വരെയുള്ള കാലയളവിൽ യു.എസ് സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം 24 ശതമാനം വർധിപ്പിക്കുകയും ആയുധങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് 6.4 ശതമാനം കുറക്കുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

293 ബില്യൺ ഡോളറാണ് ചൈന സൈന്യത്തിനായി ചെലവഴിച്ചത്. 2020 നെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വർധനവാണിത്. 76.6 ബില്യൺ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്. 2020നെ അപേക്ഷിച്ച് 0.6ശതമാനത്തിന്റെ വർധനവാണിത്.

യു.കെ കഴിഞ്ഞ വർഷം പ്രതിരോധത്തിനായി 68.4 ബില്യൺ ഡോളർ ചെലവഴിച്ചിരുന്നു. 2020ൽ നിന്ന് മൂന്ന് ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ ചെലവിൽ റഷ്യ അഞ്ചാം സ്ഥാനത്താണുള്ളത്. യുക്രെയ്ൻ അതിർത്തികളിൽ റഷ്യ സൈന്യത്തെ വിന്യസിക്കുന്നതിനിടെ 2021ൽ റഷ്യയുടെ സൈനികച്ചെലവ് 65.9 ബില്യൺ ഡോളറായി ഉയർന്നതായാണ് റിപ്പോർട്ടുകൾ.

2021 ൽ രേഖപ്പെടുത്തിയ ഉയർന്ന ഊർജ വിലയാണ് റഷ്യയുടെ പ്രതിരോധ ചെലവ് വർധിക്കാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2016-19 കാലയളവിൽ എണ്ണയുടെയും വാതകത്തിന്റെയും കുറഞ്ഞ വിലയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധവും കാരണം റഷ്യയുടെ സൈനിക ചെലവിൽ കുറവ് രേഖപ്പെടുത്തിയതായും മിലിട്ടറി എക്‌സ്‌പെൻഡിച്ചർ ആൻഡ് ആംസ് പ്രൊഡക്ഷൻ പ്രോഗ്രാം ഡയറക്ടർ ലൂസി ബെറൗഡ്-സുഡ്രൂ പറഞ്ഞു.