ത് സമയത്തും ഒരു യുദ്ധം എവിടെയും പൊട്ടിപ്പുറപ്പെടാവുന്ന ഭീഷണിയിലൂടെയാണ് ലോകം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മധ്യപൂർവേഷ്യയിലോ, സൗത്ത് ചൈന കടലിലോ കൊറിയൻ പ്രദേശത്തോ ഏത് സമയത്തും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇടയ്ക്കിടെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ കൊറിയൻ പ്രദേശത്ത് യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇപ്പോൾ വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത അഭ്യാസം നടത്തിയാൽ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇതോടെ ലോകം വീണ്ടും അപ്രതീക്ഷിതമായി യുദ്ധഭീഷണിയിലെത്തിച്ചേർന്നിരിക്കുകയാണ്.

ദക്ഷിണ കൊറിയയും യുഎസും ഒന്നു ചേർന്നുള്ള വാർഷിക ആയുധ അഭ്യാസം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കവെയാണ് ഉത്തരകൊറിയ ഈ ആണവായുധ ഭീഷണി മുഴക്കിയിരിക്കുന്നത്.ഇന്ന് മുതലാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനികഅഭ്യാസം നടത്താനൊരുങ്ങുന്നത്. സുപ്രീം കമാൻഡ് ഓഫ് കൊറിയൻ പീപ്പിൾസ് ആർമി(കെപിഎ)യെ ഉദ്ധരിച്ച് കൊണ്ട് നോർത്തുകൊറിയയുടെ ശക്തമായ നാഷണൽ ഡിഫെൻസ് കമ്മീഷനാണ് ആണവായുധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഏത് സമയവും ഉപയോഗിക്കാവുന്ന രീതിയിൽ രാജ്യത്തെ ആണവായുധങ്ങൾ ഒരുക്കി നിർത്താൻ പ്രസിഡന്റ് കിം ജോംഗ്ഉൻ ഉത്തരവിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഭീഷണിയുമായി നാഷണൽ ഡിഫെൻസ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പ്യോൻഗ്യാംഗ് ഇതിന് മുമ്പും ആണവായുധ ആക്രമണഭീഷണി ഉയർത്തിയിരുന്നു. കൊറിയൻ പെനിസുലയിൽ സൈനിക സമ്മർദം വർധിച്ച അവസരങ്ങളിലായിരുന്നു അത്. ഉത്തരകൊറിയ ജനുവരിയിൽ നടത്തിയ നാലാമത്തെ അണ്വായുധ പരീക്ഷണവും കഴിഞ്ഞ മാസം ലോംഗ് റേഞ്ച് റോക്കറ്റ് ലോഞ്ചിംഗു നടത്തിയതിനെ തുടർന്ന് യുഎൻ ഈ രാജ്യത്തിന് മുകളിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഉത്തരകൊറിയൻ പ്രസിഡന്റ് അണ്വായുധങ്ങൾ സജ്ജമാക്കി നിർത്താൻ ഉത്തരവിട്ടിരുന്നത്.

ഇന്ന് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസം ആരംഭിക്കാനിരിക്കെയാണ് ഇന്നലെ ഭീഷണിയുടെ സ്വരത്തിലുള്ള പുതിയ പ്രസ്താവന ഉത്തരകൊറിയ പുറത്തിറക്കിയിരിക്കുന്നത്. നിയമവിരുദ്ധമായും ബലാൽക്കാരമായും ഉത്തരകൊറിയയുടെ മേൽ ഉപരോധം ഏർപ്പെടുത്തിയതിലൂടെ ശത്രുക്കളെ തുടച്ച് മാറ്റാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്നാണ് തങ്ങളുടെ ഒഫീഷ്യൽ ന്യൂസ് വയറിലൂടെ നാഷണൽ ഡിഫെൻസ് കമ്മീഷൻ വെളിപ്പെടുത്തിയിരിക്കുന്നത്.

മറച്ചു വയ്ക്കപ്പെടാത്ത ന്യൂക്ലിയർ യുദ്ധമാണെന്നാണ് പ്രസ്തുത സൈനിക അഭ്യാസത്തെ ഉത്തരകൊറിയ വിശേഷിപ്പിച്ചിരിക്കുന്നത്. അത് തങ്ങളുടെ ദേശീയ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നും ഉത്തരകൊറിയ ആരോപിക്കുന്നുണ്ട്. ഫോൽ ഈഗിൾ, കീ റിസോൾവ് എന്നീ പേരുകളിലാണ് ദക്ഷിണ കൊറിയയും യുഎസ്എയും വർഷം തോറും ഇവിടെ സൈനിക അഭ്യാസങ്ങൾ നടത്തുന്നത്. ആഴ്ചകളോളം നീളുന്ന ഈ അഭ്യാസങ്ങളിൽ അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും ആയിരക്കണക്കിന് ട്രൂപ്പുകൾ ഭാഗഭാക്കാറുണ്ട്.

അത് തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്ന് കയറുന്നതിനുള്ള പ്രകോപനാത്മകായ റിഹേഴ്‌സലാണെന്നാണ് ഉത്തരകൊറിയ വളരെക്കാലമായി അപലപിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് പ്രതിരോധത്തിലൂന്നിയ അഭ്യാസങ്ങൾ മാത്രമാണെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും ന്യായീകരിക്കുന്നത്.