ലണ്ടൻ: ലോകത്തിലെ ജനസംഖ്യ ഓരോ നിമിഷത്തിലും അപകടകരമായ രീതിയിൽ പെരുകിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം 1950ൽ 260 കോടിയായിരുന്ന ലോക ജനസംഖ്യ ഇപ്പോൾ 760 കോടിയായാണ് കുതിച്ചുയർന്നിരിക്കുന്നത്.ഇത് 2051ൽ 1000 കോടിയായി ഉയരുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനവും പുറത്ത് വന്നിട്ടുണ്ട്. ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങൾ ജനസംഖ്യാ ഫാക്ടറികളായി പ്രവർത്തിക്കുമ്പോൾ അമേരിക്കയും യൂറോപ്പും ജനസംഖ്യയ്ക്കായി ആശ്രയിക്കുന്നത് കുടിയേറ്റക്കാരെയാണ്. ലോകജനസംഖ്യയുടെ മാറുന്ന മുഖങ്ങളുടെ നഖചിത്രം ഇത്തരത്തിലാണ്.

വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ ജനസംഖ്യാ നിലവാരം നിലനിർത്താൻ വേണ്ടത്ര കുട്ടികളെ ഉൽപാദിപ്പിക്കാൻ പാടുപെടുമ്പോൾ വർധിച്ച് വരുന്ന ജനസംഖ്യയെ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധത്തിൽ ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങൾ പാടുപെടുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെ സന്താനോൽപദനക്ഷമതാ നിരക്ക് കുതിച്ചുയരുന്ന പ്രവണതയാണുള്ളത്. വികസിതരാജ്യങ്ങളിലെ വർധിച്ച് വരുന്ന ജനനനിരക്കാണ് ലോകജനസംഖ്യാ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിൽ പ്രധാന ഘടകമായി വർത്തിക്കുന്നത്.

ഇന്നലെ പുറത്ത് വന്നിരിക്കുന്ന കണക്കുകളാണ് പുതിയ പ്രവണതകൾ വെളിപ്പെടുത്തിയിരിക്കുന്നത്.ആഗോളതലത്തിലുള്ള ജനന, മരണ, രോഗ നിരക്കുകൾ പുതിയ കണക്കുകളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമായി വർത്തിക്കുന്ന ഏറ്റവും വലിയ ഒറ്റ കാരണം ഹൃദ്രോഗമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.ബിൽ ആൻഡ് മെലിൻദ ഗേറ്റ്സ് ഫൗണ്ടേഷൻ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിൽ സെറ്റ് ചെയ്തിരിക്കുന്ന ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്വേഷൻ 8000ത്തിൽ അധികം ഡാറ്റ ഉറവിടങ്ങളിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദമായ വിവരവുമാണിത്.

ജനസംഖ്യാവളർച്ച ലോകത്തിലെ വിവിധ പ്രദേശങ്ങൾക്കനുസരിച്ചും വരുമാനത്തിന് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.പ്രധാനമായും യൂറോപ്പ്, സൗത്ത്-നോർത്ത് അമേരിക്കകൾ എന്നിവിടങ്ങളിലെ 91 രാജ്യങ്ങൾക്കും തങ്ങളുടെ നിലവിലെ ജനസംഖ്യ നിലനിർത്താൻ പര്യാപ്തമായ വിധത്തിൽ കുട്ടികളെ ഉൽപാദിപ്പിക്കാനാവുന്നില്ലെന്നും പുതിയ കണക്കുകൾ സ്ഥിരീകരിക്കുന്നു.എന്നാൽ ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഫെർട്ടിലിറ്റി റേറ്റ് കുതിച്ചുയരുകയുമാണ്. നൈജീരിയയിലെ ശരാശരി സ്ത്രീ ഏഴോളം കുട്ടികൾക്കാണ് ജന്മമേകുന്നത്.

ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാനഘടകമായി വിദ്യാഭ്യാസം വർത്തിക്കുന്നുവെന്നാണ് ഐഎച്ച്എംഇയിലെ ഹെൽത്ത് മെട്രിക്സ് സയൻസസ് പ്രഫസറായ അലി മോക്ഡാഡ് പറയുന്നത്. പുതിയ കണക്കനുസരിച്ച് സൈപ്രസാണ് ഫെർട്ടിലിറ്റി നിരക്കിൽ ഏറ്റവും പിന്നിലുള്ളത്. ഇവിടെ ശരാശരി സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കുട്ടിക്ക് മാത്രമാണ് ജന്മമേകുന്നത്. എന്നാൽ മാലി, ചാഡ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഒരു സ്ത്രീക്ക് ശരാശറി ആറിലധികം കുട്ടികളാണ് പിറക്കുന്നത്. ഹൃദ്രോഗം കാരണം ഉസ്ബെക്കിസ്ഥാൻ, ഉക്രയിൻ, അസർബൈജാൻ, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മരിക്കുന്നത്. എന്നാൽ സൗത്തുകൊറിയ, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇത്തരം മരണങ്ങൾ കുറവാണ്.