ന്യൂയോർക്ക്: അടുത്ത വർഷം ഇന്ത്യ നമ്പർ വണ്ണാകും! ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയാണ് വിലയിരുത്തുന്നത്. ഈ വർഷം നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടിയാകും. ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 141.2 കോടിയാണ്. ചൈനയുടേത് 142.6 കോടിയും. ഇതാണ് ഇന്ത്യ മറികടക്കുക.

1950 കൾക്കുശേഷം ഏറ്റവും മന്ദഗതിയിലാണു ലോകത്തു ജനസംഖ്യാവർധന. ഈ വർഷം വളർച്ചാനിരക്ക് ഒരു ശതമാനത്തിലും താഴെയായി. 2030 ആകുമ്പോൾ ലോകജനസംഖ്യ 850 കോടി ആയിത്തീരും. 2050 ൽ 970 കോടിയും. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ളതു 2 മേഖലകളിലാണ് കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യ: ആകെ 230 കോടി. ഇതു ലോകജനസംഖ്യയുടെ 29 % വരും. മധ്യ, തെക്കൻ ഏഷ്യയിൽ 210 കോടിയും. ഇത് ലോകജനസംഖ്യയുടെ 26 ശതമാനമാണ്. ഈ മേഖലയിലാണ് ഇന്ത്യയും ചൈനയും.

2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 166.8 കോടി ജനങ്ങളുണ്ടാവും. ചൈനയിൽ വളർച്ചാനിരക്കു കുറഞ്ഞ് 131.7 കോടിയും. യുഎന്നിന്റെ ജനസംഖ്യാ വിഭാഗം സാമ്പത്തിക, സാമൂഹിക കാര്യ വകുപ്പ് തയാറാക്കിയ ദ് വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ടസ് 2022 ലാണ് ഈ കണക്കുകൾ. നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം.

പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കിൽ കാര്യമായ കുറവുണ്ട്. 2050 വരെ ലോക ജനസംഖ്യാ വർദ്ധനവിന്റെ പകുതിയിൽ കൂടുതലും മുഖ്യമായി എട്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് ജനസംഖ്യയിൽ കാര്യമായ വർദ്ധനവുണ്ടാകാൻ സാദ്ധ്യത.

ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ ദിനം. ശൈശവ വിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 2022ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം: 2022-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം 'ലോകമെമ്പാടും എട്ട് ബില്യൺ: എല്ലാവർക്കുമായി ഒരു സുസ്ഥിരമായ ഭാവിക്കായി- അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക' എന്നതാണ്.

ഏകദേശം 7.96 ബില്യൺ ജനങ്ങൾ ഭൂമിയിൽ ജീവിക്കുന്നു. എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വംശം, വർഗം, മതം, ഉത്ഭവ രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ഇപ്പോഴും വിവേചനങ്ങളും അക്രമങ്ങളും നേരിടുന്നു. ജനസംഖ്യാ വർധനവിന്റെ പ്രശ്‌നം എന്നത്തേക്കാളും ഗുരുതരമായി മാറിയിരിക്കുകയാണ്. വളർന്നുവരുന്ന രാജ്യങ്ങൾ ഇപ്പോൾ ലിംഗ അസമത്വത്തിനും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വർധവിനും സാക്ഷ്യം വഹിക്കുന്നു.

1989-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോടെയാണ് ലോക ജനസംഖ്യാ ദിനം ആരംഭിച്ചത്. 1987 ജൂലൈ 11നാണ് ലോകജനസംഖ്യ അഞ്ച് ബില്യൺ കടന്നത്. വർധിച്ചുവരുന്ന ജനസംഖ്യയെ ചുറ്റിപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് ആഗോളതലത്തിൽ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. പിന്നീട് 1990-ൽ യുഎൻ ജനറൽ അസംബ്ലി 45/26 പ്രമേയത്തിലൂടെ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.

വർധിച്ചുവരുന്ന ജനസംഖ്യയ്ക്കൊപ്പം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന്റെ പ്രധാന കാരണം. അമിത ജനസംഖ്യ ആവാസവ്യവസ്ഥയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.