ഡാളസ്: കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിലെ വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഏകദേശം 25 ൽ പരം ഇടവകകൾ മാർച്ച് 12നു (ശനി) രാവിലെ ഒമ്പതു മുതൽ ഒന്നു വരെ അഖില ലോക പ്രാർത്ഥനാ ദിനം മാർത്തോമ ചർച്ച് ഓഫ് ഡാളസ് കരോൾട്ടനിൽ (1400 W Frankford Rd, Carrollton, TX 75007) ആചരിക്കുന്നു.

ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ എല്ലാ വർഷവും മാർച്ചിലെ ആദ്യവെള്ളിയാഴ്ച സ്ത്രീകളുടെ നേതൃത്വത്തിൽ ആചരിക്കപ്പെടുന്ന ഒരു പ്രാർത്ഥനാ യജ്ഞം ആണ് വേൾഡ് ഡേ പ്രയർ എന്ന പേരിൽ അറിയപ്പെടുന്നത്.

ഓരോ വർഷവും ഓരോ രാജ്യത്തിനുവേണ്ടിയാണു പ്രാർത്ഥന നടത്തുന്നത്. ഈ വർഷം ക്യൂബക്കുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ക്യൂബയിലെ ക്രിസ്തീയ വിശ്വാസികളായ സ്ത്രീകൾ ആണ് ഈ വർഷത്തെ പ്രാർത്ഥനാക്രമം തയാറാക്കിയിരിക്കുന്നത്.

'ഈ ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു' എന്നതാണ് മുഖ്യ ചിന്താവിഷയം. ഈ വിഷയത്തെ അധികരിച്ച് മുൻ മുംബൈ നവജ്യോതി സ്‌കൂൾ പ്രിൻസിപ്പലും പ്രമുഖ കോൺഫറൻസ് ലീഡറും റവ.മാത്യു ശാമുവലിന്റെ ഭാര്യയുമായ പ്രീനാ മാത്യു മുഖ്യ പ്രഭാഷണം നടത്തും.

ഡാളസിലെ ക്യൂബൻ കമ്യൂണിറ്റി ചർച്ചിലെ റേമണ്ട് ലോറൻസിയോ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ ക്യൂബയുടെ സാമൂഹ്യപരവും ചരിത്രപരവുമായ വിഷയങ്ങളെ അടിസ്ഥാനമാക്കി ആരാധനശുശ്രൂഷയും സ്ലൈഡ് ഷോയും സ്‌കിറ്റും എക്യൂമെനിക്കൽ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയും പ്രാർത്ഥനാ ദിനത്തിൽ ക്രമീകരിച്ചിട്ടുണെ്ടന്നു കൺവീനർ ആൻസി സാം അഭിപ്രായപ്പെട്ടു.

ഡാളസിലെ എല്ലാ സഭാവിശ്വാസികളേയും ഈ പ്രാർത്ഥന ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം