- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹമോചന നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാക്കിയതോടെ ഭാര്യയും ഭർത്താവും ഒന്നുപിണങ്ങിയാൽ ഉടൻ ഡിവോഴ്സ് അപേക്ഷ ഫയൽ ചെയ്യും; ദിവസവും എത്തുന്നത് നൂറുകണക്കിന് വിവാഹമോചന അപേക്ഷകൾ; ഡിജിറ്റൽ ഡിവോഴ്സ് തുടങ്ങി ബ്രിട്ടൻ കുടുങ്ങിയത് ഇങ്ങനെ
ദാമ്പത്യജീവിതത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുപിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, വഴക്കിന്റെ ഘട്ടം കഴിയുമ്പോൾ ബഹുഭൂരിപക്ഷവും വീണ്ടും അവരുടെ ജീവിതത്തിലേക്ക് തിരിച്ചുവരികയും സ്‌നേഹത്തിന്റെ പുതുവഴി കണ്ടെത്തുകയും ചെയ്യും. എന്നാൽ, ആധുനിക ലോകത്ത് വിവാഹബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയുടെ സ്വാധീനവും മറ്റും. ഒന്നു പറഞ്ഞാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ വിവാഹമോചനത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്.
വിവാഹമോചനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്നായതോടെ, ബ്രിട്ടനിലെ ദമ്പതിമാർക്ക് വഴക്കടിക്കുമ്പോൾത്തന്നെ കൈയിലുള്ള സ്മാർട്ട്‌ഫോണിലൂടെ ബന്ധം പിരിയാനും അപേക്ഷ നൽകാനാവും. പുതിയ നടപടിക്രമങ്ങൾ വിവാഹമോചനത്തിന്റെ തോതുയർത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ക്രിസ്മസ് ദിനത്തിൽ മാത്രം 13 വിവാഹമോചന അപേക്ഷകളാണ് കോടതികളിലെത്തിയത്. ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളിൽ കോടതികളിലെത്തിയത് 455 ഓൺലൈൻ വിവാഹമോചന അപേക്ഷകളാണ്.
കഴിഞ്ഞ ഏപ്രിൽ മുതലാണ് വിവാഹമോചനത്തിനുള്ള അപേക്ഷകൾ സർക്കാർ ഓൺലൈനാക്കിയത്. കുടുംബക്കോടതികളിൽ ഇതിലൂടെ നേരിട്ട് അപേക്ഷിക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുകയും ചെയ്യാം. വിവാഹമോചനത്തിനായി ശ്രമിക്കാൻ മറ്റാരുടെയും സഹായം ആവശ്യമില്ലാതാക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്തത്. എന്നാൽ, വിവാഹമോചനവും വിരൽത്തുമ്പിലായതോടെ, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും അത് ബാധിച്ചു.
2018 ഏപ്രിലിൽ ഇംഗ്ലണ്ടിലും വെയ്ൽസിലും ഓൺലൈൻ വിവാഹമോചന സംവിധാനം കൊണ്ടുവന്നശേഷം 23,000 അപേക്ഷകൾ ലഭിച്ചുവെന്ന് നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇതടക്കം നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഓൺലൈൻ സംവിധാനം 2018-ൽ ഒന്നരലക്ഷത്തോളം പേരാണ് ഉപയോഗിച്ചത്. കഴിഞ്ഞ നാലുവർഷത്തിനിടെ ആകെ മൂന്നുലക്ഷം പേരാണ് നീതിന്യായ വകുപ്പിനെ സമീപിച്ചത്. അതിൽ ഒന്നരലക്ഷവും 2018-ലായിരുന്നു.
നീതിന്യായ വകുപ്പിൽനിന്നുള്ള വിവിധ സേവനങ്ങൾ ജനങ്ങൾക്ക് അതിവേഗം ലഭ്യമാക്കുന്നതിന് ഓൺലൈൻ സംവിധാനം വഴിയൊരുക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് മന്ത്രി ലൂസി ഫ്രേസർ പറഞ്ഞു. തിരക്കേറിയ ജീവിതത്തിനിടെ ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങി കാര്യം സാധിക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി. ഇത് കൂടുതൽപേരെ സേവനങ്ങൾ നേടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സാമ്പദായിക രീതി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പെട്ടെന്ന് സേവനങ്ങൾ ലഭിക്കുന്നതിന് എല്ലാവരും ഓൺലൈൻ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.