ന്യൂഡൽഹി: സ്ത്രീ ശാക്തീകരണ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല. ഒലയുടെ പുതിയ ഫ്യൂച്ചർ ഫാക്ടറി പൂർണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ ഭവിഷ് അഗർവാൾ അറിയിച്ചു. വനിതകൾക്ക് സാമ്പത്തികരംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാർഥ്യമായാൽ വനിതകൾ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തൊഴിലിടങ്ങളിൽ വനിതകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന് ഒല ചെയ്യാൻ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളിൽ ഒന്നുമാത്രമാണിതെന്നും ഭവിഷ് അഗർവാൾ പറഞ്ഞു. 

 

അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓൺലൈൻ വിൽപ്പനയ്ക്ക് ഒല തുടക്കമിട്ടിരുന്നു. എസ് വൺ മോഡൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പന ത്വരിതപ്പെടുത്താനാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചത്. എന്നാൽ വെബ്സൈറ്റിൽ ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓൺലൈൻ വിൽപ്പന സെപ്റ്റംബർ 15ലേക്ക് മാറ്റിവെച്ചു.

ഒക്ടോബറിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി ഉള്ളതിനാൽ ഒല എസ് വണിന് 85000 രൂപയാണ് വില. ഗുജറാത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 79,000 രൂപ മാത്രമായിരിക്കും ചില്ലറവിൽപ്പന വില എന്നാണ് റിപ്പോർട്ട്.