ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദുരിതപൂർണ്ണമായ ഒന്നാണ് ഈ കൊറോണക്കാലം. പല വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയപ്പോൾ, കോടിക്കണക്കിന് ആളുകളാണ് തൊഴിൽ രഹിതരായത്. ചിലർ ചില്ലറ ജോലികൾ ചെയ്തുകൊണ്ട് ജീവിതം മുന്നോട്ട് നീക്കാൻ കഠിനമായി കഷ്ടപ്പെടുമ്പോൾ മറ്റു ചിലർ നാളെ എന്തെന്നറിയാതെ അനിശ്ചതത്വത്തിൽ നാളുകൾ തള്ളി നീക്കുകയാണ്. പട്ടിണിയും പരിവട്ടവും പലയിടങ്ങളിലും ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആഡംബരം പോയിട്ട്, അത്യാവശ്യം പോലും നിറവേറ്റാൻ വഴിയില്ലാതെ കോടിക്കണക്കിന് മനുഷ്യർ ദുരിതത്തിലായ മഹാമാരികാലത്ത് പക്ഷെ മറ്റുചിലർ കോടികൾ കൊണ്ട് അമ്മാനമാടുകയാണ്.

ലോകത്തിലെ പത്ത് അതിസമ്പന്നർ 2021-ൽ അവരുടെ ആസ്തികളിലേക്ക് കൂട്ടിച്ചേർത്തത് 30 ലക്ഷം കോടി രൂപയാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വർഷം അവസാനിക്കാറാകുമ്പോൾ സമ്പദ് ശേഖരണ മത്സരത്തിൽ മുന്നിൽ നിൽക്കുന്നത് ടെസ്ലസി ഇ ഒ എലൺ മസ്‌ക് തന്നെ. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ അദ്ദേഹം ഈ വർഷം സമ്പാദിച്ചത് 9 ലക്ഷം കോടി രൂപ. 277 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന മസ്‌ക് ഈ വർഷം അതിനോട് മറ്റൊരു 121 ബില്യൺ പൗണ്ട് കൂടി കൂട്ടിച്ചേർത്തു. ബ്ലൂംബെർഗ് ബില്ല്യണെയേഴ്സ് ഇൻഡെക്സ് പുറത്തുവിട്ട കണക്കുകളാണിത്.

ഈ വർഷത്തിന്റെ ആദ്യം ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്ന സ്ഥാനത്ത് ഇരിക്കുകയും പിന്നീട് എലൺ മസ്‌കിന്റെ പടയോട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് പക്ഷെ ഈ വർഷം തന്റെ ആസ്തിയോട് 4.54 ബില്ല്യൺ ഡോളർ (33,500 കോടി രൂപ) മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. ഈ വർഷം എലൺ മസ്‌കിനു ശേഷം ഏറ്റവും അധികം സമ്പത്ത് ഉണ്ടായത് ഫ്രഞ്ച് ശതകോടീശ്വരനായ ബെർണാർഡ് അർണാൾട്ടിനാണ്. അദ്ദേഹത്തിന്റെ സ്വത്ത് ഈ വർഷം വർദ്ധിച്ചത് 61.3 ബില്ല്യൺ ഡോളറാണ്. എൽ വി എം എച്ച് എന്ന ലക്ഷ്വറി ഗുഡ്സ് കമ്പനിയുടെ സ്ഥാപകനായ ആർണാൾട്ട് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരനാണ്.

എലൺ മസ്‌കിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു കടന്നുപോയത്. ടീറ്ററിലൂടെ നടത്തിയ ഒരു അഭിപ്രായ സർവ്വേയെ തുടർന്ന് ശതലക്ഷങ്ങൾ മൂല്യം വരുന്ന ടെസ്ല ഓഹരികൾ അദ്ദേഹം വിറ്റഴിച്ചിരുന്നു. യഥാർത്ഥത്തിൽ അതിൽ കൂടുതൽ പങ്കും അദ്ദേഹം സ്റ്റോക്ക് ഓപ്ഷൻ ഉപയോഗിച്ചതുമൂലം നികുതിയായി നൽകേണ്ടി വന്നതിനാലായിരുന്നു. ട്വിറ്റർ ഉപയോക്താക്കൾ ഭൂരിഭാഗം അഭിപ്രായപ്പെടുകയാണെങ്കിൽ തന്റെ ടെസ്ലയിലുള്ള ഓഹരികളുടെ 10 ശതമാനം വിൽക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഏതായാലും 16.4 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ അദ്ദേഹം നവംബറിൽ വിറ്റഴിച്ചു.

ഇവർക്ക് പുറമെ ലോകത്തിലെ ആദ്യ പത്ത് അതിസമ്പന്നരിൽ ബിൽ ഗെയ്റ്റ്സ് ഈ വർഷം നേടിയത് 7.13 ബില്യൺ ഡോളറാണ്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ അതിസമ്പന്നനാണ് നിലവിൽ ബിൽ ഗെയ്റ്റ്സ്. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജിനും സെർജി ബ്രിന്നിനും ഇത് നല്ലകാലമായിരുന്നു. ലാറി തന്റെ ആസ്തികളോടെ ഈ വർഷം 47.4 ബില്ല്യൺ ഡോളർ കൂട്ടിച്ചേർത്തപ്പോൾ സെർജിക്ക് ഈ വർഷം ഉണ്ടാക്കാനായത് 45.1 ബില്യൺ ഡോളറായിരുന്നു. ഫേസ്‌ബുക്ക് സി ഇ ഒ മാർക്ക് സക്കെർബെർ ഈ വർഷം നേടിയത് 24.3 ബില്യൺ പൗണ്ടാണ്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 128 ബില്യൺ ഡോളറായി ഉയർന്നു.

മൈക്രോസോഫ്റ്റിന്റെ മുൻ സി ഇ ഒ സ്റ്റീവ് ബാൾമർ തന്റെ സ്വത്തിനോട് 41.2 ബില്യൺ ഡോളർ കൂട്ടിച്ചേർത്തപ്പോൾ വാറൻ ബഫറ്റ് സമ്പാദിച്ചത് 21.4 ബില്യൺ ഡോളറാണ്. ഓറാക്കിളിന്റെ എക്സിക്യുട്ടീവ് ചെയർമാൻ ലാറി എലിസൺ ഈ വർഷം നേടിയത് 28.8 ബില്ല്യൺ പൗണ്ടായിരുന്നു. മറ്റേത് ദുരന്തത്തിലും എന്നപോലെ കോവിഡ് ദുരന്തത്തിലും കഷ്ടപ്പെടുന്നവർ സാധാരണക്കാർ മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഏതൊരു സാഹചര്യത്തേയും സമ്പത്താക്കി മാറ്റാൻ കഴിവുള്ള അതിസമ്പന്നർ എന്നും വളർന്നുകൊണ്ടേയിരിക്കും.