മലപ്പുറം: നിറപറ കറിപൗഡറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന ഫൂഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ അനുപമ ഐ.എ.എസ് ഇടപെട്ടു. മറുനാടൻ മലയാളി ഇന്നലെ പുറത്തു വിട്ട വാർത്തയെ തുടർന്നാണ് അനുപമ നടപടിക്ക് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി അനുപമ ഐ.എ.എസിന്റ നിർദ്ദേശപ്രകാരം കോഴിക്കോട് ഫൂഡ് ആൻഡ് സേഫ്റ്റി മൊബൈൽ വിജിലൻസ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. പരാതിക്കാരനായ ഉപഭോക്താവിൽ നിന്നും തെളിവുകൾ ശേഖരിക്കുകയും പരാതി സ്വീകരിക്കുകയും ചെയ്തു.

അതേസമയം പരാതി നൽകിയ വിവരം പുറത്തറിഞ്ഞതോടെ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമവുമായി നിറപറ ഡിസ്ഡ്രിബ്യൂട്ടേഴ്‌സ് സമ്മർദവുമായെത്തി. പണവും മറ്റുവാഗ്ദാനവും നൽകിയാണ് ഇവർ കേസൊതുക്കാൻ നിറപറ കമ്പനിക്കാർ നേരിട്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥർ നേരിട്ടേത്തി തെളിവുകൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി. പിടിച്ചെടുത്ത പാക്കറ്റിന്റെ അതേ ബാച്ച് നമ്പറിലുള്ള ചിക്കൻ ചില്ലി മാസാലപ്പൊടി കണ്ടെടുക്കുന്നതിനായി ഫൂഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മെസേജ് അലർട്ട് കൈമാറിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുൻ ജില്ലകളിലേക്കും സന്ദേശം കൈമാറിയതായും ഉതുപ്രകാരം ഇതേ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് ഉച്ചയക്ക് 2.30ന് തിരൂരിലെത്തിയ ഉദ്യോഗസ്ഥരാണ് പരാതിക്കാരനിൽ നിന്ന് തെളിവുകൾ ശേഖരിച്ചത്. ഒരു മണിക്കൂറിലധികം പരിശോധ നീണ്ടു. നിറപറയുടെ ചിക്കൻ ചില്ലി മസാല പൗഡർ പാക്കറ്റിൽ ജീവനുള്ള പുഴുക്കളും പ്രാണികളും ഉള്ളതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൗഡറിൽ വലിയ തോതിൽ മായം ചേർത്തിട്ടുണ്ടോയെന്നും പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. ചിക്കൻ മസാലയുടെ പാക്കറ്റ് സീൽ വച്ച ശേഷം പരിശോധനക്കായി ഉദ്യോഗസ്ഥർ കൊണ്ടുപോയി. സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതിന്റെ ബില്ലും ഉപഭോക്താവിൽ നിന്നുള്ള പരാതിയും ഇവർ സ്വീകരിച്ചിട്ടുണ്ട്.

പരാതി സ്വീകരിച്ച ശേഷം ചിക്കൻ മസാല വാങ്ങിയ തിരൂരിലെ സൂപ്പർ മാർക്കറ്റിൽ പരിശോധന നടത്തുകയും മസാലപ്പൊടി ഇവിടെ നിന്നും വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പിടിച്ചെടുത്ത പൗഡർ ഇന്നു തന്നെ ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും ഫൂഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്തു വരും. എത്ര പുഴുക്കൾ ഉണ്ടെന്ന് ഏതെല്ലാം തരത്തിലുള്ള മായം ചേർന്നിട്ടുണ്ടെന്നും പരിശോധനയിൽ അറിയാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫൂഡ് ആൻഡ് സേഫ്റ്റി കോഴിക്കോട് റീജണൽ അസിസ്റ്റന്റ് കമ്മീഷണർ എൻ ഹലീൽ, മൊബൈൽ വിജിലൻസ് ഓഫീസർ പി.ജെ വർഗീസ് എന്നിവരാണ് അനുപമ ഐ.എ.എസിന്റെ നിർദ്ദേശപ്രകാരം ഉപഭോക്താവിനെ സമീപിച്ച് പരാതി സ്വീകരിച്ചത്.

തിരൂർ മുത്തൂരിൽ താമസക്കാരനും താനൂർ കെ.പുരം സ്വദേശിയുമായ കെ.ടി മുസ്തഫ തിങ്കളാഴ്ചയായിരുന്നു തിരൂരിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ചിക്കൻ മസാല വാങ്ങിയത്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കൻ മസാലപ്പൊടിയായിരുന്നു. വീട്ടിലെത്തിയ ശേഷം പാക്കറ്റ് പൊട്ടിച്ച് കുപ്പിയിലേക്ക് മാറ്റുമ്പോഴായിരുന്നു പുഴുക്കൾ പൊന്തിവരുന്നതായി കണ്ടത്. തുടർന്ന് പാക്കറ്റിൽ തന്നെ മാസാലപ്പൊടി നിക്ഷേപിച്ച് വാങ്ങിയ സൂപ്പർമാർക്കറ്റിനെ സമീപിച്ചു. വിഷയം നിറപറ അധികൃതരെ സൂപ്പർമാർക്കറ്റ് ഉടമ അറിയിച്ചെങ്കിലും സംഭവം പുറത്തു പറയരുതെന്നും പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു മറുപടി.

ചില്ലി ചിക്കൻ മസാല പൗഡറിലാണ് പുഴുക്കളെ കണ്ടെത്തിയിരിക്കുന്നത്. 2015 ജൂൺ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധിയുണ്ട്. എന്നാൽ കാലാവധി തീരുംമുമ്പ് ചിക്കൻ പൗഡറിൽ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളും കൂടാതെ നിറ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് നിറപറക്കെതിരെ ഉപഭാക്താവ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പരാതി ഒതുക്കി തീർക്കാനായി പണവും മറ്റു ഓഫറുകളും നൽകി നിറപറ അധികൃതരും സമ്മർദവുമായെത്തിയിട്ടുണ്ട്.

സൂക്ഷമമായി പരിശോധിച്ചാൽ മാത്രം കാണാവുന്ന പുഴുക്കളും പ്രാണികളുമാണ് ഇതിൽ കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ ഇത്തരം കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് നിറപറയുടെ പേരിൽ വരുന്നത് നിത്യസംഭവമാണെന്ന് കച്ചവടക്കാർ പറയുന്നു. സംഭവം പുറത്തറിയണമെന്നും ജനങ്ങൾ ഇനി വഞ്ചിതരാവരുതെന്നും വ്യക്തമാക്കി മുസ്തഫ കറിപൗഡറുമായി മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി സമർപ്പിച്ചു. ഈ സംഭവം മറുനാടൻ കഴിഞ് ദിവസം പുറത്തു കൊണ്ടുവന്നിരുന്നു. തുടർന്ന് വാർത്ത ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ഫൂഡ് ആൻഡ് സേഫ്റ്റി കമ്മിഷണർ അനുപമ ഐ.എ.എസ് നേരിട്ടെത്തി സംഭവം അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.