- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫിനുപിന്നാലെ അവർ പൊറാട്ടയും നിരോധിക്കുമോ? മൈദക്കെതിരെ കുപ്രചാരണം രൂക്ഷം; ഗാന്ധിയന്മാരും, പ്രകൃതി ചികിത്സകരും, സംഘികളും ചേർന്ന് ഒരു ജനതയുടെ ഭക്ഷണശീലം അട്ടിമറിക്കുമോ?
'പൊറാട്ടാ... മൈദാ.., മൈദാ..പൊറാട്ടാ' എന്നുതുടങ്ങി, സുപ്രസിദ്ധ പ്രാസംഗികൻ അബ്ദുസമദ് സമദാനിയുടെ ശൈലിയെ കണക്കിന് പരിഹസിക്കുന്ന ഒരു ഓഡിയോ കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാറിൽ ഹിറ്റായിരുന്നു. (പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ, വാക്കുകൾ തിരച്ചും മറിച്ചുമിട്ട് സൃഷ്ടിക്കുന്ന വാചിക വിരേചന പ്രസംഗങ്ങളെ ഇത്ര കൃത്യമായി 'താങ്ങിയ' ചെറുപ്പക്കാരുടെ പ
'പൊറാട്ടാ... മൈദാ.., മൈദാ..പൊറാട്ടാ' എന്നുതുടങ്ങി, സുപ്രസിദ്ധ പ്രാസംഗികൻ അബ്ദുസമദ് സമദാനിയുടെ ശൈലിയെ കണക്കിന് പരിഹസിക്കുന്ന ഒരു ഓഡിയോ കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാറിൽ ഹിറ്റായിരുന്നു. (പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ, വാക്കുകൾ തിരച്ചും മറിച്ചുമിട്ട് സൃഷ്ടിക്കുന്ന വാചിക വിരേചന പ്രസംഗങ്ങളെ ഇത്ര കൃത്യമായി 'താങ്ങിയ' ചെറുപ്പക്കാരുടെ പ്രതിഭക്ക് നമോവാകം. കൾച്ചറൽ കൗണ്ടർ എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്) അതിലെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വരിയാണ്, 'ഇത് ദീനിന്റെ സദസ്സല്ല പൊറാട്ടയുടെ സദസ്സാണെന്ന' ഭാഗം! അത് വളരെ ശരിയായിരുന്നു. പൊറാട്ട പ്രേമികളുടെ എണ്ണമെടുത്താൽ ഒരു സദസ്സോ, ഫേസ്‌ബുക്ക് ഗ്രൂപ്പോ മാത്രമല്ല, ഒരു സംഘടന തന്നെ ഉണ്ടാക്കാൻ കഴിയും.
ജാതിമതഭേദമന്യേ, കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാവരും കഴിക്കുന്ന പൊറാട്ട ( പ്രത്യേകിച്ച് സാധാരണക്കാരും പാവപ്പെട്ടവരും) ഇപ്പോൾ കടുത്ത കുപ്രചാരണത്താൽ നിരോധന ഭീതിയിലാണെന്നത് അതിശയോക്തിയല്ല. പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മൈദയിൽ നിന്ന് ഉണ്ടാക്കുന്ന പൊറാട്ടയാണത്രേ, മലയാളിയുടെ ആരോഗ്യത്തെ തകർക്കുന്നത്. അഞ്ചുകൊല്ലക്കാലം തുടർച്ചയായി മൈദ ഉപയോഗിച്ചാൽ പ്രമേഹവും, കാൻസറും വരുമെന്നാണ് പ്രകൃതിചികിത്സയെന്ന പേരിൽ വ്യാജ ചികിത്സ നടത്തുന്ന കോഴിക്കോട്ടെ ഒരു 'ഡോക്ടർ' തട്ടിവിടുന്നത്. ദഹനക്കേടും, പ്രമേഹവും വേറയും. ഇയാളെ പിന്തുണക്കാൻ ഒരു ഗാന്ധിയൻ പഠനകേന്ദ്രവും. ഇതോടൊപ്പം കുറച്ച് സംഘികളും ചേർന്നതോടെ കാര്യങ്ങൾ കുശാലായി. പൊറാട്ടയും മൈദയും നിരോധിക്കണമെന്നാണ് ഇവർ അതിസംഘടിതമായി കാമ്പയിൻ നടത്തുന്നത്. ഇതിനായി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും നിവേദം നൽകിയിട്ടുമുണ്ട്.
ഇന്ത്യയിൽ ഇത് നിരോധനത്തിന്റെ കാലമാണല്ലോ. ഒടുവിലായി മഹാരാഷ്ട്രക്ക് പിന്നാലെ ഹരിയാനയും ഗോവധ നിരോധനം ഏർപ്പെടുത്തിയെന്ന് മാത്രമല്ല, കൊലക്കുറ്റത്തിന് സമാനമായ വകുപ്പുകളാണ് ഇവിടെ ചുമത്തുന്നതും! (നോക്കണേ, മനുഷ്യനെ കൊന്നാലും മൃഗത്തെക്കൊന്നാലും ഒരേ ശിക്ഷ. അതെ ശരിക്കും നല്ലകാലം വരുന്നുണ്ട്, അത് മൃഗങ്ങൾക്കാണെന്ന് മാത്രം) യാതൊരു ഒളിയും മറയുമില്ലാതെ ഫാസിസം നമ്മുടെ വാതിൽപടിയിൽ എത്തിയിരിക്കുന്നെന്ന് ചുരുക്കം. ഈ ഒരു കാലഘട്ടത്തിൽ അവർ പൊറോട്ട നിരോധിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം ബീഫും പൊറാട്ടയുമായിരുന്നല്ലോ, കോമ്പിനേഷൻ. (റിപ്പോർട്ടർ ടിവിയിലെ ഒരു ചർച്ചയിൽ ഒരു യുവ ബിജെപി നേതാവും പറയുന്നതുകേട്ടു; ബീഫും പൊറാട്ടയും തിന്നുന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ അരോഗ്യ പ്രശ്‌നമെന്ന്).
ഇവരുടെ ഈ ആടിനെ പട്ടിയാക്കുന്ന പ്രചണ്ഡപ്രചാരണത്തിൽ കുറെ നിഷ്പക്ഷരായ പാവങ്ങളും പെട്ടുപോയിട്ടുണ്ട്. മൈദ വലിയ അപകടമാണെന്ന് അവരും വിശ്വസിക്കുന്നു. എന്നാൽ സത്യമെന്താണ്. ഇപ്പറഞ്ഞതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ആധുനിക വൈദ്യശാസ്ത്രം മൈദയെക്കുറിച്ച് പറയുന്നതെന്താണെന്ന് നോക്കുക.
മൈദ മരണകാരിയാണോ, അമേരിക്കയിൽ നിരോധിച്ചിട്ടുണ്ടോ?
വിവര സാങ്കേതിക വിദ്യക്ക് നന്ദിപറയുക. ഇപ്പോഴത്തെകാലത്ത് ഇന്റർനെറ്റിൽ അൽപ്പമൊന്നു പരതിയാൽമതി, ഒരുമാതിരിപ്പെട്ട കള്ളമൊക്കെ പൊളിയും. മൈദ മരണകാരിയാണെന്ന ഒരു പഠന റിപ്പോർട്ടും എവിടെയും ഉണ്ടായിട്ടില്ല. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടില്ല എന്നുമാത്രമല്ല, വിവിധ ബേക്കറി ആവശ്യങ്ങൾക്കായി സാർവ്വത്രികമായി ഉപയോഗിക്കുന്നുണ്ടുതാനും! [BLURB#1-VL] ഇനി എന്താണ് മൈദയെന്ന് നോക്കുക. ഗോതമ്പുമണിയുടെ (ആട്ട) അന്നജം അടങ്ങിയ ഉൾഭാഗം പൊടിച്ചുമാറ്റിയെടുക്കുന്നതാണ് മൈദ. പുറംഭാഗം വേർതിരിക്കുന്നതുകൊണ്ട് അതിലുള്ള തവിടും ഫൈബറും വിറ്റാമിനുകളും കൊഴുപ്പും നഷ്ടപ്പെട്ടുപോവുന്നു. അതായത്, അന്നജം ഉണ്ടെങ്കിലും പോഷകാംശം കുറവായ ഭക്ഷണപദാർഥമാണ് മൈദയെന്ന് ചുരുക്കം. അതിനർഥം അത് വിഷമാണെന്നും കഴിച്ചാൽ കാൻസറും പ്രമേഹവും വരുമെന്നാണോ?
എന്നാൽ അന്നജവും പശിമയുള്ള ഘടകവും (ഗ്‌ളൂട്ടൻ) സന്നിഹിതമായതിനാൽ മൈദ പലവിധത്തിലുള്ള ബേക്കിങ്ങ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വളരെ പ്രയോജന പ്രദമാണ്. വിവിധ പലഹാരങ്ങൾക്കും പാചകവിധികൾക്കും സ്വാദുകൂട്ടാൻ മൈദ അത്യാവശ്യമാവുന്നത് അങ്ങനെയാണ്. ഗോതമ്പുമാവിനേക്കാൾ ഏറെ പ്രയോജനം ഉണ്ടെന്ന് മാത്രമല്ല, കൂടുതൽ കാലം സൂക്ഷിച്ചുവെക്കാനും കഴിയും. കൊഴുപ്പിന്റെ സാന്നിധ്യമുള്ളതിനാൽ ഗോതമ്പുമാവ് അധികം താമസിയാതെ കനച്ചുപോവും.
പോസ്റ്റർ ഒട്ടിക്കുന്ന പശയാണോ, നിങ്ങൾ തിന്നുതീർക്കുന്നത്!
മൈദപ്പൊടി വെള്ളത്തിൽ കലക്കി ചൂടാക്കിയാൽ പശയാവും. ഇതിന്റെ അടിസ്ഥാനത്തിലാണ് മൈദകഴിച്ചാൽ വയറ്റിൽ ഒട്ടിപ്പിടിച്ച് ദഹനപ്രശ്‌നമുണ്ടാകുമെന്ന് 'പ്രകൃതിചികിൽസക്കാർ' അടിച്ചുവിടുന്നത്. പോസ്റ്റർ ഒട്ടിക്കേണ്ട മൈദയാണോ തിന്നാൻ ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. (ഹൈഡ്രജൻ ജ്വലിക്കുന്ന വാതകം, ഓക്‌സിജൻ ജ്വലന സഹായിയും. അപ്പോൾ ഇവ രണ്ടും ചേർന്നുണ്ടാവുന്ന ജലം ആളിക്കത്തേണ്ടേ, എന്ന് ചോദിക്കുന്ന പഴയ സീതിഹാജി മോഡൽ വിവരക്കേടാണിത്. വെള്ളം ചേർത്താക്കുമ്പോൾ മൈദക്കുണ്ടാവുന്ന മാറ്റമാണിത്. അതിനർഥം മൈദകൊണ്ട് എന്തുണ്ടാക്കിയാലും പശയാവുമെന്നാണോ) സത്യത്തിൽ ആട്ടയേക്കാൾ വേഗത്തിൽ ദഹിച്ചുതീരുക മൈദയാണ്. ആട്ടയിലെ കൊഴുപ്പും ഫൈബറും ദഹനശേഷി കുറഞ്ഞവർക്ക് അനുയോജ്യമല്ല. ആ രീതിയിൽ നോക്കുമ്പോൾ ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയേക്കാൾ എളുപ്പം ദഹിക്കുക, ആട്ടകൊണ്ടുണ്ടാക്കിയ നമ്മുടെ പൊറാട്ടയാണ്്! എന്നിട്ടും പ്രചാരണം മറിച്ചും. വിവരക്കേടിനും വേണ്ടെ ഒരു അതിര്. [BLURB#1-VR] മൈദകൊണ്ടുള്ള ബ്രഡും ബണ്ണുമൊക്കെ വിദേശരാജ്യങ്ങിൽ വ്യാപകമാണ്. അവർക്കാർക്കും മൈദ കഴിച്ചിട്ട് എന്തെങ്കിലും ദഹനപ്രശ്‌നങ്ങൾ ഉള്ളതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. (കെന്റക്കി ചിക്കനൊക്കെ കഴിച്ചാണ് അവിടെ പ്രശ്‌നമുണ്ടാവാറും, ലക്ഷങ്ങൾ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതും!) ഇന്ത്യയിൽതന്നെ മൂന്നുനേരം ഗോതമ്പുറൊട്ടിയോ, അല്ലെങ്കിൽ മൈദപ്പൊറാട്ടയോ കഴിക്കുന്ന പഞ്ചാബികളിലൊന്നും കൂട്ട കാൻസറൊന്നും ഉണ്ടായിട്ടില്ല. ഇതിൽ നിന്നൊക്കെ ഏതെങ്കിലും ഭക്ഷണരീതിയെ താറടിക്കാനുള്ള നീക്കമെന്നല്ലാതെ ശാസ്ത്രീയമായ ഒരു അടിത്തറയും ഇത്തരം പ്രചാരണങ്ങൾക്ക് ഇല്ല എന്ന് വ്യക്തമാണല്ലോ?
മായംചേർന്ന മൈദയും പ്രമേഹവും
ഇനി മൈദയിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതി പരിശോധിക്കാം. (അത് പാവം പിടിച്ച മൈദയുടെ കുറ്റമല്ലല്ലോ, മായമില്ലാത്ത എന്തുണ്ട് ഈ നാട്ടിൽ) പൊടിച്ചെടുക്കുമ്പോൾ മഞ്ഞനിറമുള്ള മൈദ കുറെക്കാലം ശേഖരിച്ചുവെക്കുമ്പോൾ ഓക്‌സീകരണം കാരണം വെളുക്കുന്നു. ഇതോടൊപ്പം കൂടുതൽ മൃദുത്വവും, മയവും ആർജിക്കുകയും ചെയ്യുന്നു. എന്നാൽ ബേക്കറി വ്യവസായം വന്നതോടെ മൈദ ബ്‌ളീച്ച് ചെയ്ത് വെളുപ്പിക്കുന്ന രീതിവന്നു. ഈ പക്രിയക്കിടയിൽ ചേർക്കുന്ന ബെൻസോയിൽ പെറോക്‌സൈഡ്, ക്‌ളോറിൻ എന്നീ രാസവസ്തുക്കളാണ് മൈദപ്പൊടിക്ക് മാരക സ്വഭാവം വരുത്തിവെക്കുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. വാസ്തവത്തിൽ ബ്‌ളീച്ചിങ്ങ് രാസവസ്തുക്കളെല്ലാം നേരിയ തോതിലെ മൈദപ്പൊടിയിൽ അവശേഷിക്കയുള്ളൂ. പാചക പക്രിയക്കിടയിൽ അവ വിഘടിച്ചുപോവുകയും ചെയ്യും.
പ്രമേഹത്തിന് കാരണമാകുന്ന അലോക്‌സാൻ മൈദയിൽ കാണപ്പെടുന്നുവെന്നാണ് മറ്റൊരു പരാതി. സംഗതി ശരിയാണ്. ഓക്‌സീകരണത്തിന്റെ ഭാഗമായി അലോക്‌സാൻ രൂപപ്പെടാം. ഈ അലോക്‌സാൻ എലികളിൽ പ്രമേഹത്തിന് കാരണമാവുന്നു എന്നത് വസ്തുതയാണ്. പക്ഷേ മൈദയിൽ അലോക്‌സാന്റെ അനുപാതം ഒരു ലക്ഷത്തിലൊരംശം പോലും വരില്ല. ലബോറട്ടറി പരീക്ഷണ എലികളിൽ പ്രമേഹമുണ്ടാക്കാൻ 12 മില്ലിഗ്രാമെങ്കിലും അലോക്‌സാൻ ഉള്ളിലെത്തണം. ഇത്രയും ഉള്ളിലെത്തണമെങ്കിൽ എലികൾ ഒറ്റയടിക്ക് കിലോക്കണക്കിന് മൈദ തിന്നണം! ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇതിന്റെ മുന്നൂറ് ഇരട്ടിയെങ്കിലും വേണം മനുഷ്യന് പ്രമേഹമുണ്ടാവാൻ. അതിന് നാം ടൺകണക്കിന് മൈദ വാരിവിഴുങ്ങേണ്ടിവരും. രാവിലെ തൊട്ട് പൊറാട്ട വെട്ടി വിഴുങ്ങിയിരിക്കാൻ ഇതെന്താ തീറ്റ മൽസരമാണോ. ഇനി ഒന്നുകൂടി കേട്ടാലേ കുപ്രചാരണങ്ങളുടെ ലിസ്റ്റ് പൂർത്തിയാവൂ. രാസപരമായ പ്രത്യേകത കാരണം അലോക്‌സാൻ മനുഷ്യരുടെ ഇൻസുലിൻ ഉൽപ്പാദന കോശങ്ങളെ ബാധിക്കില്ലെന്ന് ഈയിടെ തെളിയുകയും ചെയ്തു. ഇനിയെന്ത് മൈദപ്പേടി?
മൂന്നാംലോകത്തിന്റെ ഭക്ഷണം
എന്നുവച്ച് പൊറാട്ടയും മൈദയും ലോകംകണ്ട എറ്റവും മികച്ച ഭക്ഷ്യവസ്തുവാണെന്ന ധാരണയൊന്നും ശാസ്ത്രത്തിനില്ല. മൈദയിൽ പോഷകഘടകങ്ങൾ കുറവാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാംലോകരാജ്യത്ത്, ചെലവ് കുറഞ്ഞ, എളുപ്പത്തിൽ സൂക്ഷിക്കാവുന്ന, പെട്ടെന്ന് പാകം ചെയ്യാവുന്ന, രുചികരമായ ഒരു ഭക്ഷണമാണ് അത് എന്നതിനെ കുറച്ചുകാണാനാവില്ല. അധികമായാൽ അമൃതും വിഷം എന്നു പറയുന്നപോലെ പൊറോട്ടതീറ്റ 'പാഷനായാലേ' പ്രശ്‌നമുള്ളൂ. അത് പൊറാട്ടമാത്രമല്ല, കാരറ്റ്ജ്യൂസും അമിതമായാൽ വൃക്കാതകരാറിന് സാധ്യതയുണ്ട്. മിശ്രഭോജിയായ മനുഷ്യന് വെജും, നോൺവെജും കലർന്ന എല്ലാ പോഷകാഹാരവും കിട്ടുന്ന സമീകൃതാഹാരമാണ് ശാസ്ത്രീയമായി നിർദ്ദേശിക്കപ്പെടുന്നത്. പക്ഷേ, ഇതിലേക്കുള്ള വഴി ഏതെങ്കിലും ഒരുകൂട്ടരുടെ ഭക്ഷണം മോശമാണെന്ന് കുപ്രാചരണം നടത്തി നിരോധിക്കലല്ല. ശാസ്ത്രീയമായി പറഞ്ഞു ബോധവത്ക്കരിച്ച് ആരോഗ്യകരമായ ഭക്ഷണവ്യായാമ ശീലങ്ങൾ വളർത്തിക്കൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ പൊറാട്ടക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കേണ്ടത്, ജനകീയാരോഗ്യപ്രവർത്തകരുടെ കൂടി ആവശ്യമാണെന്ന ഉറച്ചബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
വാൽക്കഷ്ണം: സമ്പൂർണ സാക്ഷരതയിൽ നിന്ന് മലയാളി എങ്ങോട്ടാണ് കൂപ്പുകുത്തുന്നത്. കേരളമെമ്പാടും കപട ചികിൽസകരുടെ പൂക്കാലമാണിത്. മധുരം കഴിച്ചുകൊണ്ട് പ്രമേഹം മാറ്റിത്തരാമെന്ന് പ്രചരിപ്പിക്കുന്ന ഒരു 'ചികിൽസകന്റെ'യടുത്തും നല്ല തിരക്കാണ്. മറ്റൊരുത്തൻ മൂത്രം കുടിപ്പിച്ചാണത്രേ സകല അസുഖങ്ങളും മാറ്റിക്കുന്നത്. ഇനി മലം തീറ്റിക്കുന്ന ഒരു ചികിൽസാരീതി എന്നാണാവോ ഉണ്ടാവുക.
വിവരങ്ങൾക്ക് കടപ്പാട്: ദി ലാൻസെറ്റ് (ശാസ്ത്രമാസിക), നേച്ചർ ജേണൽ, ശാസ്ത്രഗതി മാസിക, ചികിൽസയുടെ പ്രകൃതി പാഠങ്ങൾ ( ഡോ.മനോജ് കോമത്ത് എഴുതിയ പുസ്തകം)