തിരുവനന്തപുരം: ഗുസ്തി താരമാകാനുള്ള മോഹവുമായി റിംഗിലിറങ്ങി കന്നി മത്സരത്തിൽ തന്നെ പരിക്കേറ്റ പ്രസാദ് എന്ന ഇരുപതുകാരൻ കിടക്കയിൽനിന്നും അനങ്ങാനാകാതെയുള്ള കിടപ്പു തുടങ്ങിയിട്ടു മാസം നാലു പിന്നിട്ടു. പക്ഷേ, കായികരംഗത്തെ ഭരണാധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല.

2015 നവംബർ 14ന് കൊല്ലത്ത് നടന്ന ജില്ലാ ഗുസ്തി മത്സരത്തിലാണ് പ്രസാദിനു ഗുരുതരമായ പരിക്കേറ്റത്. 65 കിലോ വിഭാഗത്തിലാണ് പ്രസാദ് മത്സരിച്ചത്. മത്സരത്തിനിടയിൽ എതിരാളി പ്രസാദിന്റെ പുറത്തേക്കു മറിഞ്ഞു വീഴുകയും കഴുത്തിലെ ഞരമ്പിനു ക്ഷതമേൽക്കുകയും ചെയ്യുകയായിരുന്നു.

ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. ഗുസ്തി പോലെ കായികാധ്വാനം ആവശ്യമുള്ളതും അപകട സാധ്യത കൂടിയ കായികയിനമായിട്ടും കൊല്ലത്ത് അരങ്ങേറ്റ മത്സരത്തിനായി അയച്ച ടീമിനൊപ്പം പരിശീലകനോ മെഡിക്കൽ സംഘമോ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം അന്നു മുതൽ തന്നെ ശക്തമായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ റീജിയണൽ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തി വരുകയായിരുന്നു പ്രസാദ്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗത്തിൽ ഡോക്ടർ സുനിൽകുമാറിന്റെ ചികിത്സയിലാണ് പ്രസാദ്. ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളം ഐ.സി.യുവിലായിരുന്നു.

ഇപ്പോൾ വീട്ടിൽ കഴിയുന്ന പ്രസാദിന് ഭക്ഷണം കഴിക്കാനോ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനോപോലും പരസഹായം കൂടിയേതീരു എന്ന അവസ്ഥയിലാണ്. രോഗം ഭേദമാകാൻ സമയമെടുക്കും എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മകനെ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ചികിത്സയ്ക്കായി പണം സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഓട്ടോ തൊഴിലാളിയായ അച്ഛൻ രാജ്കുമാറും അമ്മ ഉഷയും. പ്രൈവറ്റ് റെജിസ്‌ട്രേഷനിൽ ബി.കോം ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന പ്രസാദിന്റെ പഠനവും ഇപ്പോൽ മുടങ്ങിയിരിക്കുകയാണ്.

പ്രസാദിന് ചികിത്സയുടെ ഭാഗമായി ഫിസിയോത്തെറോപ്പിക്കും വേദന സംഹാരികൾക്കുമായി ആവശ്യമുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ കുടുംബം ചികിത്സക്കായി ധന സഹായം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും സ്പോർട്സ് കൗൺസിലിനും ജനുവരി മാസം 4ന് തന്നെ അപേക്ഷ നല്കിയെങ്കിലും ഒരു അനക്കവുമുണ്ടായില്ല.

ഈ വാർത്തയുമായി ബന്ധപ്പെട്ട് സ്‌പോർസ് കൗൺസിൽ അധികൃതരുമായ് ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി പ്രസാദ് സ്പോർട്സ് കൗൺസിൽ സ്‌കീമിൽ നിന്നല്ല മത്സരത്തിൽ പങ്കെടുത്തത് എന്നാണ്. എന്നാൽ പ്രസാദിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് മനസ്സിലാക്കി ചികിത്സാ സഹായത്തിനായി സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ടെന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് മറുനാടനോട് പറഞ്ഞു.

കായികഭരണ തലപ്പത്ത് മുൻ കായികതാരങ്ങൾതന്നെയെത്തുമ്പോളും മെല്ലെപ്പോക്കിനും അനാസ്ഥയ്ക്കും കുറവു വരുന്നില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രസാദ്. കടുത്ത വേദനയിലും സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും നൽകുന്ന സ്‌നേഹവും പിന്തുണയും മാത്രമാണ് ഈ കുടുംബത്തിന് കൈമുതൽ. നല്ല ചികിത്സ ലഭിച്ചാൽ വേഗം തന്നെ അസുഖം ഭേദമാകാൻ സാധ്യതയുണ്ടെന്നിരിക്കെ അധികൃതരുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ഗുസ്തി സൂപ്പർതാരം സുശീൽകുമാറിന്റെ കടുത്ത ആരാധകൻകൂടിയായ പ്രസാദ്.