റിയോ ഡി ഷാനെയ്‌റോ: റിയോയിൽ നേടിയത് വെങ്കലമാണെങ്കിലും ഇന്ത്യൻ കായിക ചരിത്രത്തിൽ തങ്കലിപികളിലാകും സാക്ഷി മാലിക്കിന്റെ സ്ഥാനം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് കുറിച്ചത് പുതു ചരിത്രമാണ്. പരാധിനതകളോടും അവഗണനയോടും പടവെട്ടി നേടിയ മെഡൽ. ഗുസ്തിയിൽ സുശീൽ കുമാർ എത്താതിരുന്നതോടെ ഏവരും ഗോദയെ കുറിച്ച് മറന്നു. വെറും കാഴ്ചക്കാരാകാൻ പോകുന്നവരെ പോലെയായിരുന്നു ഇന്ത്യൻ വനിതാ ഗുസ്തി ടീമിനെ ഇന്ത്യൻ അധികൃതർ പോലും കണ്ടത്. ഇവർക്ക് വനിതാ ഫിസിയോതൊറാപ്പിസ്റ്റുകളെ കൂടി നിഷേധിച്ചു. ഈ അവഗണനയ്ക്ക് കൂടിയാണ് സാക്ഷി മറുപടി നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മെഡലിന്റെ വില കൂടുതൽ ഉയരത്തിൽ എത്തുന്നത്. ജിംനാസ്റ്റിക് റിങിലെ ദീപാ കമർക്കറിന്റെ നാലാം സ്ഥാനത്തിന് അപ്പുറം അഭിമാനിക്കാൻ ഒരു നിമിഷം റിയോയിൽ ഇന്ത്യയ്ക്ക് സമ്മാനിക്കുകയായിരുന്നു സാക്ഷി. 

സുശീൽ കുമാറിന്റെ ഗുസ്തി മെഡലും അപ്രതീക്ഷിതമായിരുന്നു റെപ്പഹാഷെ റൗണ്ട് തന്നെയാണ് അന്നും ഗുസ്തിക്ക് കരുത്തായത്. ഇതിന് സമാനമായി കൊച്ചു മിടുക്കിയും ഗോദയിൽ താരമായി. കിർഗിസ്ഥാൻ താരം ഐസുലു ടിൻബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡൽ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ വനിതാ ഗുസ്തിതാരം മെഡൽ നേടുന്നത്. മത്സരത്തിന്റെ ആദ്യ പീരിയഡിൽ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാർട്ടറിൽ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലിൽ എത്തിയതിനാൽ റെപ്പഹാഷെ റൗണ്ടിൽ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. ഇരു കൈയും നീട്ടി ഈ വെല്ലുവിളി ഏറ്റെടുത്തു. ഒടുവിൽ രാജ്യത്തിനായി റിയോയിലെ ആദ്യ മെഡലിൽ മുത്തമിട്ടു.

റിയോയിലേക്ക് പോകുന്ന ഇന്ത്യൻ ഗുസ്തി ടീമിനൊപ്പം വനിതാ ഫിസിയോതെറാപ്പിസ്റ്റുകൾ ഉണ്ടായിരുന്നില്ല. വനിതാ-പുരുഷ ടീമുകൾക്കായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ റിയോയിലേക്കയക്കുന്നത്. എന്നാൽ വനിതകളുടെ കാര്യത്തിൽ പുരുഷ ഫിസിയോ തെറാപ്പിസ്റ്റിന് കാര്യമായിട്ടൊന്നും ഇടപെടാനാവില്ലെന്ന് വിമർശനമു.ർന്നിരുന്നു്. അഞ്ചു പുരുഷ താരങ്ങളും മൂന്നു വനിതാ താരങ്ങളുമാണ് ഗുസ്തി ടീമിലുള്ളത്. ചരിത്രത്തിലാദ്യമായാണ് മൂന്നു വനിതാ ഗുസ്തി താരങ്ങൾ ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. എന്നിട്ടും വേണ്ടവിധത്തിലുള്ള സൗകര്യങ്ങൾ വനിതകൾക്ക് നൽകിയില്ല. സാക്ഷി മാലിക്കിന് പുറമേ വിനേഷ് ഫോഗട്ട്, ബബിത കുമാരി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്.

അതേസമയം സോനിപത്തിൽ നടന്ന പരിശീലന ക്യാംപിൽ ടീമിനൊപ്പം മൂന്നു ഫിസിയോതെറാപ്പിസ്റ്റുകളുണ്ടായിരുന്നു. രണ്ടു പുരുഷന്മാരും ഒരു വനിതാ ഫിസോയോതെറാപ്പിസ്റ്റുമാണ് ഉണ്ടായിരുന്നത്. രുചി കാഷാൽക്കരായിരുന്നു വനിതാ ഫിസിയോ. ഇവരുടെ പ്രവർത്തനങ്ങൾ വനിതാ ടീമിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇവരെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് സായ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ താരമായ വിനേഷ് ഫോഗട്ട് ഫിസിയോതെറാപ്പിസ്റ്റിന്റെ അഭാവം സായിയുടെ ശ്രദ്ധയിൽപ്പെടുത്തി. വനിതാ ടീമിന് ഫിസിയോതെറാപ്പിസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് റെസ്‌ലിങ് ഫെഡറേഷൻ സായിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കത്തയക്കുകയും ചെയ്തു. എന്നാൽ വെറുതെ സ്ഥലം കാണാൻ പോകുന്നവർക്ക് ഫിസിയോ വേണ്ടെന്ന നിലപാടിലായിരുന്നു അധികൃതർ. ഇവർക്കുള്ള മറുപടിയാണ് റിയോയിൽ സാക്ഷി നൽകിയത്.

കോടികൾ ചെലവിട്ട് പരിശീലിപ്പിക്കുകയും മെഡൽ നേടുമെന്ന് ഉറച്ചുവിശ്വസിപ്പിക്കുകയും ചെയ്ത പലരും പരാജയപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷി മാലിക്കിന്റെ കൈക്കരുത്ത് ഇന്ത്യയെ മെഡലണിയിച്ചത്. ഗുസ്തിയിൽ ക്വാർട്ടറിൽ പരാജയപ്പെട്ടിരുന്നെങ്കിലും റെപ്പഷാഗെ റൗണ്ടിലേക്ക് യോഗ്യത നേടിയ സാക്ഷി തുടർന്നുള്ള രണ്ടു റൗണ്ടുകൾ വിജയിച്ചാണ് മെഡലിന് അർഹയായത്. മെഡൽ റൗണ്ടിൽ 50ന് പിന്നിൽപ്പോയിട്ടും ശക്തയായി തിരിച്ചുവന്ന ഈ പെൺകുട്ടി ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ അഭിമാനമുയർത്തി.

റോത്തക്കിൽനിന്ന് റിയോ വരെ

ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ സാക്ഷി വരുന്നത് ഹരിയാണയിലെ റോത്തക്കിൽനിന്നാണ്. സ്‌പോർട്‌സിൽ താത്പര്യമുണ്ടായിരുന്ന മാതാപിതാക്കൾ സുധേഷിനും സുഖ്ബീറിനും മകൾക്ക് ഇഷ്ടം ഗുസ്തിപിടിക്കാനാണെന്നറിപ്പോൾ ആദ്യമൊന്ന് അമ്പരന്നു. എന്നാൽ, പിന്നീടവർ ആ ഇഷ്ടം അംഗീകരിക്കുകയായിരുന്നു. മോഖ്ഡ ഗ്രാമത്തിലെ ഛോട്ടു റാം സ്‌റ്റേഡിയത്തിൽ അഖാഢ നടത്തിയിരുന്ന ഈശ്വർ ദഹിയക്ക് കീഴിൽ 12-ാം വയസ്സിലാണ് സാക്ഷി ഗുസ്തി പഠിക്കാൻ ചേരുന്നത്. ആൺകുട്ടികളുടെ മാത്രം കളിയായ ഗുസ്തിയിലേക്ക് ഒരു പെൺകുട്ടി വരുന്നത് 11 വർഷം മുമ്പ് ഗ്രാമവാസികൾക്ക് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല.

സാക്ഷിയെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ ദഹിയ ഏറെ പഴി കേട്ടു. എന്നാൽ, ആൺകുട്ടികളെപ്പോലും മലർത്തിയടിക്കുന്ന സാക്ഷിയുടെ കഴിവിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. 2010 ആയപ്പോൾ ജൂനിയർ തലത്തിൽ സാക്ഷി വിജയിക്കാൻ തുടങ്ങി. ഇതോടെ ഗ്രാമവാസികളുടെ എതിർപ്പും പതുക്കെ അയഞ്ഞു തുടങ്ങി. 2014ലാണ് സാക്ഷിയുടെ ആദ്യ അന്താരാഷ്ട്ര മെഡൽ വരുന്നത്. ഡേവ് ഷൂൾസ് ഇന്റർനാഷണൽ ടൂർണമെന്റിൽ സ്വർണം നേടി തൊട്ടുപിന്നാലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി സാക്ഷി കൂടുതൽ ഉയരങ്ങളിലെത്തി. താഷ്‌കെന്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ പുറത്തായി.

2015 മെയിൽ ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി വീണ്ടും പ്രതീക്ഷകളുടെ ലോകത്തേയ്ക്ക് സാക്ഷി തിരിച്ചെത്തി. തുടർന്ന് ഇസ്താംബുളിൽ നടന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ വിജയിച്ച് സാക്ഷി റിയോയിൽ മത്സരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. സ്പാനിഷ് ഗ്രാൻപ്രീയിലെ വെങ്കലമെഡലോടെ റിയോയിലേക്കുള്ള യാത്രയ്ക്ക് ഗംഭീര തുടക്കമിടാനും സാക്ഷിക്കായി. എന്നിട്ടും റിയോയിൽ ആരും സാക്ഷിക്ക് വലിയ പ്രതീക്ഷ കണ്ടില്ല. ഇവിടെയാണ് മനക്കരുത്തിന്റെ ബലത്തിൽ എതിരാളികളെ മലർത്തിയടിച്ച് സാക്ഷിയുടെ മെഡൽ നേട്ടം. കെട്ടിഘോഷിച്ചവരെല്ലാം വെറും കൈയോടെ മടങ്ങുന്നുവെന്നതും സാക്ഷിയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.

നാലാമത്തെ ഇന്ത്യക്കാരി, ഗോദയിൽ അഞ്ചാമത്

ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് സാക്ഷി. 2000 സിഡ്‌നിയിൽ ഭാരോദ്വാഹക കർണം മല്ലേശ്വരിക്കുശേഷം അത്തരമൊരു നേട്ടമുണ്ടാകാൻ ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ടിവന്നു. 2012ൽ ലണ്ടനിലെത്തിയപ്പോൾ ബോക്‌സിങ് താരം മേരി കോമും ബാഡ്മിന്റൺ താരം സൈന നേവാളും ഇന്ത്യൻ പെൺകരുത്തിന്റെ വരവറിയിച്ച് മെഡൽ സ്വന്തമാക്കി.

ഗുസ്തിയിൽനിന്ന് ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡൽ കൂടിയാണിത്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കെ.ഡി. ജാദവാണ് ഇന്ത്യൻ ഗോദയുടെ പെരുമ ആദ്യമായി ഉയർത്തിപ്പിടിച്ചത്. ഇരട്ട ഒളിമ്പിക് മെഡലിന് അർഹനായ സുശീൽ കുമാറാണ് നേട്ടങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. 2008ൽ ബെയ്ജിങ്ങിൽ വെങ്കലം നേടിയ സുശീൽ 2012ൽ അത് വെള്ളിയാക്കി തിളക്കം വർധിപ്പിച്ചു. ലണ്ടനിൽ വെങ്കലം നേടി യോഗേശ്വർ ദത്തും ഗുസ്തിയുടെ വീര്യം കാത്തു.