കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ എറണാകുളത്ത് വച്ച് സമരം നടത്തിയതിനെ രൂക്ഷമായി വിമർശിച്ചും സമരത്തിൽ പങ്കെടുത്ത വൈദീകർ അടക്കമുള്ളവരെ തീവ്രവാദികളാക്കി ചിത്രീകരിച്ചും സിഎംഐ സഭാ പ്രസിദ്ധീകരണത്തിലെ ലേഖനം. ഇത് പുറത്ത് വന്ന ശേഷം വിശ്വാസികൾ അടക്കമുള്ള വരിക്കാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടായി. എറണാകുളത്തുള്ള ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ദ്വൈവാരികയായ ചാവറ ഫാമിലി ന്യൂസിലാണ് വിവാദ തിരി കൊളുത്തി ലേഖനം പ്രത്യക്ഷപെട്ടത്.

സെന്ററിന്റെ ഡയറക്ടറായ ഫാ. റോബി കണ്ണൻചിറയാണ് ബിഷപ്പ് ഫ്രാങ്കോയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ലേഖനമെഴുതിയത്. 'ഈ മഴയും പെയ്തു തീരും' എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ മാധ്യമ അജണ്ടയുണ്ടെന്നും പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ നൽകിയ കേസ് പിൻവലിക്കാൻ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഫാ. ജെയിംസ് ഏർത്തയിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ഫാ. ഏർത്തയിലുമായി അടുത്ത ബന്ധമുള്ള ഫാ. റോബി ലേഖനവുമായി രംഗത്തെത്തിയത്. സഭാ അധികാരികളുടെ ഭാഗത്തെ നിസ്സംഗതയാണ് പ്രശ്‌നങ്ങൾ ഇത്രയും രൂക്ഷമാകുന്നതിന് കാരണമായതെന്നും കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ഇപ്പോൾ നിയമത്തിന് കീഴിലാണെന്നും നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ തെരുവിലിറങ്ങി സമ്മേളനം നടത്തി സമ്മർദ്ദം സൃഷ്ടിച്ചത് അനുചിതമായ കാര്യമായിരുന്നുവെന്നും ലേഖനത്തിലൂടെ ഫാ. റോബി വിവരിക്കുന്നു.

ഫ്രാങ്കോയെ പിന്തുണച്ചും കന്യാസ്ത്രീകളെ തള്ളിയും ലേഖനം

സഭയിലെ പ്രശ്‌നങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിന് ഒരു കാരണം സഭാധികാരികളുടെ നിസംഗതയാണെന്നും സഭയുടെ അധികാരം ആത്മീയ നന്മകളിൽ നിന്നും തികച്ചും രാഷ്ട്രീയ അധികാര ശൈലിയിലേക്ക് വഴിമാറിയതുപോലെ ആർക്കും സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് ഏതാനും വർഷങ്ങളായി നടക്കുന്നതെന്നും ആരോപിക്കുന്ന വൈദികൻ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും പറയുന്നു.

സഭാ വിരുദ്ധരും നിരീശ്വരവാദികളും തീവ്രവാദസ്വഭാവമുള്ള സംഘടനകളും നേതൃത്വം നൽകിയ സമ്മേളനത്തിൽ ഏതാനും വൈദികർ പങ്കെടുത്തതും ഇപ്പോഴും സഭയ്‌ക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ഭാരത ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ഇരുണ്ട അധ്യായമാണ്. വിശ്വാസ സമൂഹത്തിന്റെ മുന്നിൽ ആധികാരികത നഷ്ടപ്പെട്ട വൈദീകർ തികച്ചും പ്രതിരോധത്തിലാക്കുകയാണ്.

തീവ്രവാദ സംഘടനകളുടെ പരിശീലന സമ്മേളനത്തിൽ പങ്കെടുത്തും പരിശീലകരായി ഇപ്പോഴും തുടരുകയും ചെയ്യുന്നതിൽ ഏതാനും സന്യാസിനികളും ഉണ്ടെന്നതും ഞെട്ടിക്കുന്ന വാർത്തകളാണെന്നും ലേഖകൻ പറയുന്നു.

കുറ്റാരോപിതൻ നിയമത്തിനു കീഴിലാണ് നിയമം അതിന്റെ വഴിയെ മുന്നോട്ടുപോകുമ്പോൾ തന്നെ തെരുവിൽ സമ്മേളനം നടത്തി സമ്മർദ്ദം ഉണ്ടാക്കിയത് അനുചിതമായി. അപൂർവമായി മാത്രം ഉണ്ടാകുന്ന ഏതാനും അപചയങ്ങളെ പർവതീകരിച്ച് അവതരിപ്പിച്ച സഭയുടെ കെട്ടുറപ്പിനെ തകർക്കാനും ആധികാരികത ഇല്ലാതാക്കാനും ഇവിടെ കൃത്രിമമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇത് മാധ്യമ അജണ്ടയാണ് ഇതിനുപിന്നിൽ രാഷ്ട്രീയമുണ്ട് -ലേഖനത്തിൽ ആരോപിക്കുന്നു.

ചാവറ മാട്രിമോണിയിയിൽ പണംനൽകി രജിസ്റ്റർ ചെയ്തവർക്ക് തപാലിൽ അയച്ചുകൊടുക്കുന്ന ദ്വൈവാരികയിൽ പീഡനക്കേസിൽ അറസ്റ്റിലായ മെത്രാനെ പരോക്ഷമായി അനുകൂലിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. റിമാൻഡിലായിരുന്ന ബിഷപ്പ് ജാമ്യത്തിന്റെ ആനുകൂല്യത്തിലാണ് പുറത്തിറങ്ങിയത്.

 ഈ സാഹചര്യത്തിൽ കന്യാസ്ത്രീകളെയും അവരെ പിന്തുണച്ച വൈദികരെയും മാധ്യമങ്ങളെയും പ്രതികളാക്കി സ്വന്തം പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതി വായനക്കാരെ തെറ്റിധരിപ്പിക്കുന്ന വൈദികന്റെ നടപടി നിയമലംഘനമാണെന്ന് പ്രസിദ്ധീകരണത്തിന്റെ വരിക്കാരനായ കോട്ടയം സ്വദേശി പി. ജെ. ജോർജ് പറഞ്ഞു.