പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന ഇലക്ഷൻ ഡ്യൂട്ടി അഥവാ അടിമപ്പണി !നമ്മുടെ സർക്കാർ-പൊതുമേഖലാ ജീവനക്കാരും അദ്ധ്യാപകരും, തെരഞ്ഞെടുപ്പ് ജോലിയെ ഭയത്തോടെയും ആധിയോടെയും കാണുന്നതിനാൽ, അവരിൽ ഭൂരിഭാഗവും ഈ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ പലവിധ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു. സമ്മർദ്ദത്തിന്റെ ശക്തിയനുസരിച്ച് അവരിൽ ചിലർ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകും.

ഇലക്ഷൻ ഡ്യൂട്ടി ആരംഭിക്കുന്നതെപ്പോൾ?

ഇലക്ഷന്റെ തലേ ദിവസം രാവിലെ എട്ടുമണിക്ക് പോളിങ് സാമഗ്രികൾ വാങ്ങുന്നതിനുള്ള കേന്ദ്രത്തിൽ എത്തുന്നതോടെ ഒരു ഉദ്യോഗസ്ഥന്റെ ഇലെക്ഷൻ ഡ്യൂട്ടി ആരംഭിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ , പലർക്കും പല സമയം നിശ്ചയിച്ച് നല്കിയിരുന്നു.എന്നിരുന്നാലും, കുറെ കഴിഞ്ഞപ്പോൾ, തിരക്ക് കൂടിയപ്പോൾ, എല്ലാം കൈവിട്ടുവെന്ന് ബോധ്യപ്പെട്ടു. പത്രങ്ങളിലെ ചിത്രങ്ങളിൽ നിന്നും അവ വ്യക്തമായതുമാണ്.

വോട്ടിങ് സാമഗ്രികൾ കൈപ്പറ്റുന്ന നീണ്ട പ്രക്രിയ

പല തരം ക്യു -കളുടെ ആദ്യപടി ഇവിടെ തുടങ്ങുന്നു. എല്ലാ ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നതിനാൽ വലിയ ജനക്കൂട്ടമാകും അവിടെ കാണുക. രാവിലെ എട്ടു മണിക്ക് എത്താൻ നിർദ്ദേശിച്ചിരുന്നതിനാൽ , പരിഭ്രമിച്ച് ഓട്ടോ പിടിച്ചും ഓടിയും കൃത്യ സമയത്ത് എത്തിയവർ മണ്ടന്മാരാകും. കാരണം, വിതരണ കേന്ദ്രത്തിലെ ഉദോഗസ്ഥർ എത്തിയിട്ടുണ്ടാകില്ല. പിന്നെ ''തനി സർക്കാർ സംവിധാനം'' ഒച്ചിഴയുന്ന വേഗതയിൽ ഓരോരോ നടപടികളിലേയ്ക്ക് കടക്കും. ആദ്യം രെജിസ്‌ട്രേഷൻ- അതിനുള്ള ക്യു -വിൽ കയറി നില്കുക എന്നതാണ് ആദ്യപടി. പിന്നെ വോട്ടിങ് മെഷീൻ വാങ്ങുന്നതിന് മറ്റൊരു ക്യു. വോട്ടിങ് സാമഗ്രികൾക്കായി മറ്റൊന്ന്. പലവിധ ക്യു കളിലൂടെ കയറിയിറങ്ങി വിയർത്തൊലിച്ച്, അവശരായി, പോളിങ് സാമഗ്രികൾ കൈപ്പറ്റുന്നു.

പിന്നെ അവ ഒത്തു നോക്കുന്നതിന് ഏതെങ്കിലും മരച്ചുവട്ടിലോ മറ്റോ സ്ഥലം കണ്ടെത്തണം. അപ്പോഴേയ്ക്കും സമയം ഉച്ചയാകും. വോട്ടിങ് കേന്ദ്രത്തിലേക്കുള്ള വാഹനം (മിക്കവാറും ബസ്) റെഡിയായിട്ടുമുണ്ടാകും. ബസിൽ കയറി വോട്ടിങ് കേന്ദ്രത്തിലെത്തുന്നതോടെ, പൊതുജനങ്ങളെ വോട്ടു ചെയ്യിക്കാനുള്ള 'ഉദ്യോഗസ്ഥപ്പട' ഗുസ്തിയുടെ ഗോദയിലേയ്ക്ക്, നിർബന്ധപൂർവം തള്ളിയെറിയപ്പെട്ടവരെപ്പോലെ പകച്ചു കൊണ്ട് ആ കേന്ദ്രത്തിലേയ്ക്ക് നടന്നു ചെല്ലും.

ഭക്ഷണം കഴിച്ചോ, വേണ്ട, വെള്ളം കുടിച്ചോ എന്ന പോലുള്ള ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. വോട്ടിങ് കേന്ദ്രം മിക്കവാറും ഒരു സ്‌കൂളായിരിക്കും. അദ്ധ്യാപകർ ഉപയോഗിക്കുന്ന വൃത്തിയുള്ള ടോയ്ലെറ്റുകളൊക്കെ താഴിട്ട് പൂട്ടിയിട്ടുണ്ടാകും. പലയിടത്തും വെള്ളം പോലും ഉണ്ടാകില്ല. പിന്നെ, അതാത് സ്ഥലത്തെ ആളുകളോട് അന്വേഷിച്ച് സ്‌കൂൾ മാനേജരുടെയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരുടേയോ ഫോൺ നമ്പറിൽ വിളിച്ചപേക്ഷിക്കുമ്പോൾ പൈപ്പുകളിൽ വെള്ളം ലഭ്യമാകും. ജനലിനു കതകുകളോ, നല്ലൊരു വാതിൽ പോലുമില്ലാത്തവയാണ് പല സ്‌കൂളുകളെന്നും നമുക്കറിയാവുന്നതാണ്. കാരണം, രാത്രി താമസിക്കാനുള്ളവയല്ലല്ലോ സ്‌കൂളുകൾ!ഈ റൂമിലാണ് വോട്ടിങ് നടത്തേണ്ടതും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഉദ്യോഗസ്ഥർ രാത്രി കഴിയേണ്ടതും !

സാധാരണ ഇത്തരം പ്രതിസന്ധി തരണം ചെയ്യുന്നത്, സ്ത്രീകളായ ഉദോഗസ്ഥർ അടുത്ത വീടുകളിൽ രാത്രി അഭയം തേടിക്കൊണ്ടാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ, ഈ കൊറോണക്കാലത്ത്, ഈ മാർഗ്ഗം സാധ്യമല്ലാതിരുന്നതിനാൽ, ഒരു ബൂത്തിൽ ആരെങ്കിലും പുരുഷന്മാരുണ്ടെങ്കിൽ (അവർ സമ്മതിച്ചാൽ) അവരെ സ്‌കൂളിൽ താമസിപ്പിച് മറ്റെല്ലാ സ്ത്രീകളും അടുത്തുള്ള ഒരു ഉദ്യോഗസ്ഥയുടെ വീട്ടിൽ രാത്രി കഴിച്ചു കൂട്ടുന്ന രീതിയാണ് പലരും അനുവർത്തിച്ചത്. മറ്റെല്ലായിടത്തും, സ്ത്രീകൾ സ്‌കൂളിൽ തന്നെ രാത്രി കഴിച്ചു കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. ഇതിനിടെ ഭക്ഷണവും കുടി വെള്ളവുമെല്ലാം അന്വേഷിച്ച് കണ്ടെത്തണം. സ്‌കൂളിനടുത്ത് ഹോട്ടലുകൾ സാധാരണ ഉണ്ടാകാറില്ല. ചായക്കടകൾ ഉണ്ടെങ്കിൽ പോലും ഇലെക്ഷൻ സമയത്ത് അവ തുറക്കാറുമില്ല.

രാത്രി, കൊതുകുകൾ നിങ്ങളെ ഇടയ്ക്കിടെ കുത്തി വിളിക്കും. വോട്ടെടുപ്പിന്റെ ടെൻഷൻ, നിങ്ങളെ ഉറങ്ങാതെ തന്നെ ദു: സ്വപ്നങ്ങൾ കാണിക്കും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കണമെങ്കിൽ ഉദ്യോഗസ്ഥർ അഞ്ചര മണിയ്‌ക്കെങ്കിലും റെഡിയാകണം. കാരണം, 6 മണിയോടെ സ്ഥാനാർത്ഥികളുടെ ഏജന്റുമാർ വരും. ഒരു സാമ്പിൾ വോട്ടുടുപ്പ് പ്രക്രിയ അവരുടെ മുൻപിൽ നടത്തിയ ശേഷം വേണം വോട്ടിങ് മെഷീൻ സീൽ ചെയ്യുവാനും അതിനോടനുബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനും.

ഇതെല്ലം കഴിഞ്ഞ് വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ, ഉദ്യോഗസ്ഥർ ആരും തന്നെ ഭക്ഷണം ഒന്നും കഴിച്ചിട്ടുണ്ടാകില്ല ഇടവേളയില്ലാത്ത ജോലി. ഏത് ജോലിക്കും ഇടവേള ആവശ്യമാണ് .ഇല്ലെങ്കിൽ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ആരെയും തളർത്തും. രാവിലെ 7-ന് തെരഞ്ഞെടുപ്പ് തുടങ്ങിയാൽ വൈകീട്ട് 6 വരെ ഒന്നിനും ഇടവേളയില്ല. അതിനിടെ നിങ്ങൾക്ക് ഒരു കപ്പ് ചായ പോലും ലഭിക്കില്ല. ഭക്ഷണം എവിടെ നിന്നെങ്കിലും ലഭിച്ചാൽ തന്നെ ഇടവേളയൊന്നും ലഭിക്കാത്തതിനാൽ , പലപ്പോഴും അത് വേണ്ടെന്ന് വയ്ക്കുന്നവരുമുണ്ട് .

വോട്ടടുപ്പ് തീർന്നാൽ .....

അപ്പോൾ മുതൽ ഉദോഗസ്ഥരുടെ മറ്റൊരു മാരത്തോൺ ജോലി ആരംഭിക്കുന്നു. വിവിധങ്ങളും ആവർത്തിക്കുന്നതുമായ അനേകം ഫോമുകൾ പൂരിപ്പിച്ച് അതാതിന്റെ കവറുകളിലാക്കി സീൽ ചെയ്യുക , വോട്ടിങ് മെഷീൻ, ബാലറ്റ് പെട്ടി എന്നിവ ഭദ്രമാക്കി സീൽ ചെയ്യുക തുടങ്ങിയ ജോലികൾ തീരണമെങ്കിൽ പിന്നെയും ഏകദേശം രണ്ടു മണിക്കൂറെങ്കിലും വേണം. എല്ലാം കഴിഞ്ഞാൽ കളക്ഷൻ സെന്ററിലേക്കുള്ള ബസ് എത്തുമ്പോൾ അതിൽ കയറിയിരുന്ന് നെടുവീർപ്പിടുമ്പോൾ, കളക്ഷൻ സെന്ററിലെ തിരക്കിൽ എപ്പോൾ ഇവ തിരിച്ചേൽപ്പിക്കാനാകുമെന്ന ടെൻഷനാകും മനസ്സിൽ.

കളക്ഷൻ സെന്ററിൽ മര്യാദകൾ മറന്ന ജനക്കൂട്ടത്തെയാകും കാണുക. രണ്ടു ദിവസത്തെ ഭക്ഷണവും ഉറക്കവുമില്ലാതെ ജോലി കഴിഞ് എത്തുന്നവർക്കായി പരിമിതമായ സൗകര്യങ്ങളേ ഏർപ്പെടുത്തിയിട്ടുണ്ടാകൂ (അതായത്, തലേന്ന് രാവിലെ മുതൽ ഉച്ച വരെ സമയമെടുത്ത് വിതരണം ചെയ്തവ, ഒരുമിച്ചു തിരിച്ചു വരുമ്പോൾ അവ ശേഖരിക്കാൻ കളക്ഷൻ സെന്ററുകളുടെ എണ്ണം തലേന്നത്തെ അത്ര തന്നെയേ ഉണ്ടാകൂ).നേരത്തേ അറിയിക്കാത്ത ചില ഫോമുകൾ പൂരിപ്പിച്ചു നല്കണമെന്ന്, തിരികെ വാങ്ങുന്ന ഉദ്യോഗസ്ഥർ, ആവശ്യപ്പെടുന്നത് ആ സമയത്താകും! പിന്നെ അത് തയ്യാറാക്കി നല്കണം.

എല്ലാം കഴിഞ്ഞ് വാച്ചിൽ നോക്കുമ്പോൾ പലപ്പോഴും സമയം രാത്രി പത്തുമണിയെങ്കിലും ആയിട്ടുണ്ടാകും. എന്നാൽ , ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ, കോർപ്പറേഷൻ , മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഉദ്യോഗസ്ഥർ രാത്രി 12 മണിക്കും കളക്ഷൻ കേന്ദ്രങ്ങളിൽ ക്യു നില്ക്കുകയായിരുന്നു. അവരെ വീട്ടിലെത്തിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്തം പോലും നിർവ്വഹിക്കാതെ ഭരണകൂടം ഈ അടിമവേലയ്ക്ക് കുട പിടിക്കുമ്പോൾ, ആരോട് പരാതി പറയാൻ !

ചോദ്യങ്ങൾ!

മനുഷ്യാവകാശങ്ങൾ ഒന്നും ഇവിടെ ബാധകമല്ലേ ? സ്ത്രീ സുരക്ഷ എന്ന് മേനി പറയുന്നവർ , ചുരുങ്ങിയത് അവർക്ക് സുരക്ഷിതമായി താമസിക്കാനൊരിടം നൽകേണ്ടതല്ലേ ? എട്ടു മണിക്കൂർ ജോലി അവകാശമെന്ന് പറയുമ്പോൾ, ഉറക്കം പോലുമില്ലാതെ രണ്ടു ദിവസം ജീവനക്കാരെ തുടർച്ചായി അടിമപ്പണി ചെയ്യിപ്പിച്ചാണ് നമ്മുടെ ജനാധ്യപത്യം സ്ഥാപിക്കപ്പെടുന്നതെന്ന വിരോധാഭാസം തിരിച്ചറിയേണ്ടതല്ലെ ?

വേതനം !

കേരളത്തിൽ, 500-600 രൂപ പ്രതിഫലത്തിൽ ജോലി ചെയ്യാൻ ആളെ കിട്ടില്ലെന്ന് എല്ലവർക്കും അറിയാം. പ്രതിഫലം തരാതെ, ഭക്ഷണം, താമസം എന്നിവ ഏർപ്പാടാക്കിയാൽ തന്നെ അടിമവേലയ്ക്ക് അൽപ്പമെങ്കിലും ന്യായീകരണമുണ്ടാകും.

ഇതിന് പ്രതിവിധിയില്ലേ ?

വർഷങ്ങൾക്ക് മുൻപ്, വ്യത്യസ്തമായ രീതിയിൽ വിജയകരമായി തെരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കിയത് തിരുവനന്തപുരത്തായിരുന്നു. കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ മാനേജിങ് ഡിറക്ടറായ ബിജു പ്രഭാകർ നടപ്പാക്കിയ മാതൃക.

അതായത് , തെരഞ്ഞെടുപ്പിനുള്ള സാമഗ്രികൾ അതാത് സ്‌കൂളുകളിലേക്ക് നേരിട്ടെത്തിച്ച് , വോട്ടെടുപ്പിനു ശേഷം അവിടെ നിന്ന് തന്നെ തിരികെ വാങ്ങുന്ന സമ്പ്രദായം. ഒരു പരിധി വരെയെങ്കിലും പല പ്രശ്‌നങ്ങൾക്കും ഈ മാതൃക പരിഹാരമുണ്ടാമുണ്ടാക്കുമായിരുന്നു .ഈ കൊറോണക്കാലത്ത് അതായിരുന്നു വേണ്ടിയിരുന്നതും. ചുരുങ്ങിയ പക്ഷം, കൂട്ടം ചേരലെങ്കിലും ഒഴിവാക്കാമായിരുന്നു.എന്നാൽ കീഴ് വഴക്കങ്ങൾ ഒരു ആചാരമെന്നപോലെ കരുതുന്നതിനാലാവാം, ആ നല്ല മാതൃകകൾ പിന്നെ തുടർന്നു പോന്നില്ല .