- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തും പത്ര പ്രവർത്തനവും: പ്രവാസ ജീവിതം ധന്യമാക്കി ഇബ്രാഹിം ശംനാട്
ജിദ്ദ: നിരവധി പ്രവാസി എഴുത്തുകാരും പത്ര പ്രവർത്തകരുമുള്ള സ്ഥലമാണ് സൗദിയുടെ പടിഞ്ഞാറൻ നഗരമായ ജിദ്ദ. ഇക്കൂട്ടത്തിൽ വേറിട്ട ഒരു വ്യക്തിത്വമാണ് കാസർഗോഡ് സ്വദേശിയായ ഇബ്റാഹീം ശംനാട്. ഒരു എഴുത്തു കാരനാവുക, പത്രപ്രവർത്തകനാവുക എന്നിവ തന്റെ ബാല്യകാല സ്വപ്നങ്ങളയിരുന്നുവെന്നും എന്നാൽ ഇത് രണ്ടും സഫലമായത് പ്രവാസിയായതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്നും ഇസ്ലാമിക വിഷയങ്ങളോടൊപ്പം ധനതത്വ ശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് 'ഇഗ്‌നോ' യിൽ നിന്നും പത്രപ്രവർത്തനത്തിൽ പി .ജി. ഡിപ്ലോമയും നേടി.
പഠന കാലത്തു തന്നെ എഴുത്ത് ആരംഭിച്ച ഇബ്രാഹിം ശംനാടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത് 'ചന്ദ്രിക' ആഴ്ചപ്പതിപ്പിലെ ബാല പംക്തിയിൽ ആയിരുന്നു. പിന്നീട് 'ചന്ദ്രിക' പത്രത്തിലും ആഴ്ചപ്പതിപ്പിലും നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു.
നാട്ടിലെ പഠനത്തിന് ശേഷം ആദ്യം ചേക്കേറിയത് കുവൈത്തിലേക്കായിരുന്നു. അവിടെ പിതാവ് നടത്തിയിരുന്ന കടയിലായിരുന്നു ജോലി. കടയിൽ ജോലി ചെയ്യുമ്പോഴും പഠനം തുടരണം എന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നതിനാൽ കുവൈത് യൂണിവേഴ്‌സിറ്റിയിൽ പാർട്ട് ടൈം കോഴ്സിൽ ചേർന്നു. അങ്ങനെ കടയിലെ ജോലിയോടൊപ്പം പഠനവും മുന്നോട് കൊണ്ട് പോയി. ഇതിനിടെ ഇറാൻ - ഇറാഖ് യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ബോംബ് സ്‌ഫോടനനത്തെ തുടർന്ന് പിതാവിന്റെ കട പാടെ തകർന്നു. ഇതോടെ കച്ചവടം അവസാനിപ്പിച്ച് പിതാവ് നാട്ടിലേക്കു മടങ്ങി.
പിന്നീട് കുവൈത് യൂണിവേഴ്‌സിറ്റി ഡീൻ ആയിരുന്ന ഡോ. ഒമർ സാലിഹിന്റെ സെക്രട്ടറി ആയി ജോലി കിട്ടി. പക്ഷെ ഇറാഖ് സൈന്യം കുവൈത് കീഴടക്കിയതോടെ സ്വദേശികളെപ്പോലെ വിദേശികളും ആകെ പ്രതിസന്ധിയിലായി. സമ്പന്നതയുടെ പളപളപ്പിലായിരുന്ന കുവൈത്തിൽ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വരി നിൽക്കേണ്ട അവസ്ഥ!
എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു എന്ന് മാത്രമല്ല ജീവിതം തന്നെ വലിയ ചോദ്യ ചിഹ്നമായി. ഇനി കുവൈത്തിൽ തുടരാൻ കഴിയില്ല എന്നുറപ്പായതോടെ വേഗം നാട്ടിലേക്കു പോവാനാണ് എല്ലാ പ്രവാസികളും ശ്രമിച്ചത്. നിരവധി കടമ്പകൾക്കൊടുവിൽ ജോർദാൻ വഴി മുംബയിൽ എത്തിയപ്പോഴാണ് ആശ്വാസമായത്. അവിടെ നിന്നും പിന്നീട് നാട്ടിൽ എത്തി.
ഇറാഖ് - കുവൈത് അധിനിവേശം നടന്ന സംഭവം ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് ഇബ്റാഹീം ശംനാട് പറയുന്നു. വേദനാജനകമായ ഒട്ടേറെ സംഭവങ്ങൾക്കു അന്ന് ദൃക്സാക്ഷിയായി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ തങ്ങളുടെ ജോലിയും കച്ചവട സ്ഥാപനങ്ങളും മറ്റും ഉപേക്ഷിച്ചു സ്വന്തം രാജ്യത്തേക്ക് ഓടിപ്പോകുന്ന കാഴ്ച ദയനീയമായിരുന്നു.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നാട്ടിലേക്കുള്ള മടക്ക യാത്രയിൽ കുവൈത് - ജോർദാൻ അതിർത്തിയിൽ നാലു ദിവസം ഒഴിഞ്ഞ മരുഭൂമിയിൽ കൊടും തണുപ്പിൽ ടെന്റിൽ കഴിഞ്ഞു. വെള്ളം, ഭക്ഷണം എന്നിവക്ക് ക്ഷാമം നേരിട്ടതോടോപ്പം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നതായി അദ്ദേഹം ഓർക്കുന്നു.
പിന്നീട് സ്വദേശമായ കാസർഗോഡ് കംപ്യൂട്ടർ ട്രെയിനിങ് സെന്റർ ആരംഭിച്ചു. രണ്ടു വർഷത്തിന് ശേഷം പ്രവാസത്തിന്റെ രണ്ടാമൂഴം ആരംഭിക്കുകയായിരുന്നു. അങ്ങനെ സൗദിയിൽ ഇരു ഹറമുകളുടെയും കവാടമായ ജിദ്ദയിൽ വന്നിറങ്ങി . ജിദ്ദയിൽ ആദ്യം സീമെൻസ് കമ്പനിയിൽ ജോലി ചെയ്തു . ഇപ്പോൾ ദബ്ബാഗ് ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.
ജിദ്ദയിൽ പ്രവാസിയായതു മുതൽ തന്റെ സർഗ്ഗ ശേഷി ഫലപ്രദമായി അദ്ദേഹം ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രബോധനം വരിക, ഗൾഫ് മാധ്യമം എന്നിവയിൽ സ്ഥിരമായി എഴുതി. അതിനിടെ പല അറബി, ഇംഗ്ലീഷ് ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് തർജമ ചെയ്തു. ഇപ്പോൾ ചില ഓൺലൈൻ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും എഴുതുന്നു.
'വധ ശിക്ഷ', 'പ്രവാചകനും കുട്ടികളുടെ ലോകവും' എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തവയാണ്. 'എന്തുകൊണ്ട് ഇസ്ലാം' എന്ന ഗ്രന്ഥത്തിന്റെ തർജമ, 'പ്രവാസികൾക്കൊരു മാർഗദർശി' എന്ന സ്വന്തം കൃതി തുടങ്ങിയവ ഉടനെ പ്രസിദ്ധീകരിക്കപ്പെടും.
എഴുത്തുകാരൻ എന്നത് പോലെ നല്ലൊരു സംഘാടകൻ കൂടിയാണ് ഇബ്രാഹീം ശംനാട്. തനിമ സാംസ്‌കാരിക വേദിയിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ശാന്തപുരം അൽ ജാമിയ കോളേജ് അലുംനി, സിജി ജിദ്ദ ചാപ്റ്റർ, ജിദ്ദ സ്പീക്കേഴ്‌സ് ഫോറം, ഗ്ലോബൽ ഗുഡ്വിൽ തുടങ്ങിയ സംഘടകളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെർക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
നാട്ടിലും പ്രവാസികൾക്കിടയിലും കഷ്ടപ്പെടുന്ന ഒട്ടേറെ പേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. അന്തരിച്ച ജിദ്ദയിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായിരുന്ന മുഹമ്മദലി പടപ്പറമ്പുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതുകൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് പ്രവാസികളെ കാണാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കെഎംസിസി ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾ ചെയ്യുന്ന സേവനം വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഇബ്റാഹീം ശംനാട് യു എ ഇ, ഇറാഖ്, ജോർദാൻ, ഈജിപ്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഓരോ യാത്രയിലും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നതിനാൽ ഇനിയും പല രാജ്യങ്ങളും സന്ദർശിക്കാൻ ആഗ്രഹം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ചെറുതും വലുതുമായ യാത്രകൾ നടത്താൻ പ്രവാസികൾ ശ്രമിക്കണം.
സൗദിയിൽ സ്വദേശി വൽക്കരണം ശക്തമായി തുടരുന്നതിനാൽ മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിലും ധാരാളം പുതിയ പദ്ധതികൾ വരുന്നതിനാൽ തൊഴിൽ വൈദഗ്ധ്യം ഉള്ളവർക്ക് ഭാവിയിൽ ഇവിടെ ജോലി സാധ്യത ഉണ്ടാകും. ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ കഴിവുകൾ നേടിയെടുക്കാൻ പ്രവാസികൾ തയ്യാറാവണമെന്നു അദ്ദേഹം പറയുന്നു. പഴയ ജോലികളിൽ ഇനി അധിക കാലം പിടിച്ചു നില്ക്കാൻ കഴിയില്ല. ആയതിനാൽ പ്രവാസ ലോകത്തെ പുതിയ മാറ്റങ്ങളെപ്പറ്റി ബോധവല്ക്കരണം സംഘടിപ്പിക്കാനും പുതിയ തൊഴിൽ പരിശീലന പദ്ധതികൾ ആരംഭിക്കാനും പ്രവാസി സംഘടനകൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന മീഡിയ ട്രെയിനിങ് കോഴ്‌സ് ഒരു നല്ല മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം ലഭിക്കണമെങ്കിൽ വ്യവസായ മേഖലയിൽ കൂടുതൽ വളർച്ച ഉണ്ടാവണം. എന്നാൽ കേരളത്തിൽ കാർഷിക-വ്യാവസായിക വളർച്ച വേണ്ടത്ര ഇല്ലാത്തതിനാൽ പ്രവാസ ജീവിതം മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്തതാണെന്നു അദ്ദേഹം പറയുന്നു. ലോകത്ത് വരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസ - തൊഴിൽ പരിശീലന രംഗത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ കേരളത്തിലെ യുവാക്കൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച അവസരം ലഭിക്കും.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറവണമെന്നു അദ്ദേഹം പറഞ്ഞു. പല വിധ കാരണങ്ങളാൽ തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അനുഭവ സമ്പത്തും നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തണം.
നമ്മുടെ ശരീരത്തിന് ഭക്ഷണം ആവശ്യമാണെന്നത് പോലെ മനസിന്റെ വളർച്ചക്ക് വായന അത്യാവശ്യമാണെന്ന് വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഇബ്റാഹീം ശംനാട് പറയുന്നു. വായനയിലൂടെ മാത്രമേ മനുഷ്യന് അറിവ് നേടാൻ കഴിയുകയുള്ളു. ആയതിനാൽ വായന ഒരു ശീലമാക്കണം. ഓരോ ദിവസവും കുറച്ചു സമയം വായനക്കായി നീക്കി വെക്കാൻ എല്ലാവരും തയ്യാറാവണം .
ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ അനാവശ്യമായി ചെലവഴിക്കുന്ന പ്രവാസികൾ കുറച്ചു സമയം പുസ്തക വായനക്ക് നീക്കി വെക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. വിലപിടിപ്പുള്ള പലതും വാങ്ങുന്ന പ്രവാസികൾ സ്വന്തം വീട്ടിൽ ഒരു ചെറിയ ലൈബ്രറി സ്ഥാപിക്കണമെന്നും അത് വഴി കുടുംബാംഗങ്ങളെ വായനയിലേക്ക് പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ അബ്ദുല്ല ഹാജിയാണ് പിതാവ്. മാതാവ് : ഖദീജാബി
ഭാര്യ: സൗജ.
മക്കൾ : ഹുദ, ഈമാൻ, ഖദീജ, ഇൽഹാം, മനാർ