കോഴിക്കോട്: ചൈനയിൽ ഉത്ഭവിച്ച് ലോകം മുഴുവൻ വ്യാപിച്ച ആയോധന കലയായ വൂഷുവിന് കേരളത്തിൽ സ്പോട്സ് ഹോസ്റ്റൽ ഇതുവരെയും യാഥാർഥ്യമാവാത്തത് മതിയായ പരിശീലനം കുട്ടികൾക്ക് ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി തെക്കേ ഇന്ത്യയിലെ ഏക ഇന്റെർനാഷ്ണൽ വൂഷു എ ഗ്രേഡ് ജഡ്ജായ ഡോ. സി പി ആരിഫ്. കേരളം ആദ്യമായി ആതിഥ്യമരുളുന്ന വൂഷു ജൂനിയർ ഇന്റെർനാഷ്ണൽ ചാംപ്യൻഷിപ്പിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റും ഫുട്്ബോളും ടെന്നീസുമെല്ലാംപോലെ വൂഷു ഒരു സെലിബ്രിറ്റി കായിക ഇനമല്ലാത്തതിനാൽ മത്സരങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തലും കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ആരിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലും ജമ്മു കശ്മീരിലും മാത്രമാണ് കായിക ഇനങ്ങളെ സ്പോട്സ് കൗൺസിലിന്റെ കീഴിൽ ആക്കിയിരിക്കുന്നത്. ബാക്കിയുള്ള എല്ലായിടത്തും ഒളിംപിക് അസോസിയേഷന് കീഴിലാണ്. കേരളത്തിൽ മികച്ച രീതിയിലുള്ള പിന്തുണയാണ് സപോട്സ് കൗൺസിൽ വൂഷുവിന് നൽകുന്നത്. സ്പോട്സ് ഹോസ്റ്റൽ സൗകര്യം കൂടി ലഭ്യമാക്കാനായാൽ കുട്ടികൾക്ക് താമസിച്ചു പഠിക്കാനും മികച്ച പരിശീലനത്തിനും അവസരം ലഭിക്കും. കുംഫു എന്ന ആയോധന കലയുടെ കായികരൂപമായ വൂഷുവിലെ ചില ഇനങ്ങളിൽ എതിരാളിയെ എടുത്തെറിയുന്ന രീതിയിലുള്ള പ്രത്യേക മുറകളുണ്ട്. ഇത്തരം അവസരങ്ങളിൽ താരങ്ങൾക്ക് പരുക്കേൽക്കാതെ രക്ഷപ്പെടാൻ മതിയായ ലോമാറ്റ് സംവിധാനം ആവശ്യമാണ്. അതില്ലാത്തതിനാൽ പല പരിശീലകരും തങ്ങളുടെ കേന്ദ്രങ്ങളിൽ കിടക്കപോലുള്ളവ ഉപയോഗിച്ചാണ് പരുക്കേൽക്കുന്നതിന്റ കാഠിന്യം കുറക്കുന്നത്.

കേരളത്തിൽ വുഷു പ്രാക്ടീസ് ചെയ്യുന്നത് അരലക്ഷത്തിലധികം കോഴിക്കോട് ജില്ലയിൽ മാത്രം പതിനായിരത്തിൽ അധികം കുട്ടികൾ ഇന്ന് വൂഷു പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇവരിൽ മികച്ച താരങ്ങളെ സ്പോട്സ് ഹോസ്റ്റൽപോലുള്ള സംവിധാനം സജ്ജമാക്കി മികച്ച പരിശീലനം നൽകാൻ സാധിച്ചാൽ കേരളത്തിന്റെ കായിക ഭൂപടത്തിൽ കൂടുതൽ അഭിമമാനകരമായ നേട്ടങ്ങൾ ഇവരിലൂടെ കൊണ്ടുവരാൻ സാധിക്കും. വൂഷുവിനും എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങിയ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം ഇതിലൂടെ സാധ്യമാവും.

കേരളത്തിൽ വൂഷുവിന് ഏറ്റവും കൂടുതൽ വേരോട്ടമുള്ള ജില്ലകളിൽ ഒന്നാമത് കോഴിക്കോടും രണ്ടാമത് മലപ്പുറവുമാണ്. ഈ രണ്ടു ജില്ലകളിലും മാത്രമായി ഇരുപതിനായിരത്തോളം പേർ വൂഷു പ്രക്ടീസ് ചെയ്യുന്നു. മറ്റ് പന്ത്രണ്ട് ജില്ലകളിലും വൂഷുവിന് വേരോട്ടമുണ്ട്. ആസാം റൈഫിൾസ്, ഐ ടി ബി പി, എസ് എസ് ബി, ആർമി, നേവി, എയർഫോഴ്സ്, സായി എന്നിവിടങ്ങളിലെല്ലാമായി ഇന്ത്യയിൽ ലക്ഷോപലക്ഷം ആളുകൾ അഭ്യസിച്ചുവരുന്നതാണ് വൂഷു.

അനേകം പരാധീനതകൾക്കിടയിലും മലയാളികളായ താരങ്ങൾ രാജ്യാന്തര മത്സരങ്ങളിൽ വരെ എത്തി സമ്മാനം നേടുന്നത് അഭിമാനകരമായ കാര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മോസ്‌കോ വൂഷു സ്റ്റാർ ചാംപ്യൻഷിപ്പിൽ തൗലു വിഭാഗത്തിലെ ഇന്റിവിജ്വൽ ഇവന്റ്സിലാണ് മെഡൽ ലഭിച്ചത്. ലൂഹ സുനീറും അഭിരാ (പന്തീരാങ്കാവ്) മുമായിരുന്നു സിൽവർ മെഡൽ കരസ്ഥമാക്കി രണ്ടാം സ്ഥാനത്തേക്കു എത്തിയത്. സിദ്ധാർഥ് റിജു (നല്ലൂർ) ബ്രോൺസോടെ മൂന്നാം സ്ഥാനം നേടി. മത്സരത്തിൽ പങ്കെടുത്ത മറ്റു രണ്ടുപേരായ നേഹ നൗഫലും നിയാ നാസറും മെഡൽ നേടുന്നതിലേക്ക് എത്തിയില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. റഷ്യയിൽ ഫ്രെബ്രുവരിയിൽ കൊടുംതണുപ്പാണെന്നതുകൂടി ഓർക്കണം.

അതിക്രമങ്ങളെ തടയാൻ പെൺകുട്ടികൾ സൂക്ഷിക്കുകയല്ല വേണ്ടത് അവരെ കരുത്തരാക്കുകയാണ് ആവശ്യം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അതിക്രമങ്ങളെ സൂക്ഷിക്കുന്നതിലും കരണീയമായ കാര്യം അവർ ആയോധന കലകളിലുടെ കളരിയോ, കരാത്തയോ, വൂഷുവോ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നു പരിശീലിക്കുകയാണ് വേണ്ടതെന്ന് പോണ്ടിച്ചേരിയിലെ ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാർഷൽ ആട്സിൽ ഡോക്ടറേറ്റ് നേടിയ ആരിഫ് അഭിപ്രായപ്പെടുന്നു.

സ്പോട്സ് ഹോസ്റ്റലുകളുണ്ടായാൽ അവിടെ കുട്ടികൾക്ക് മികച്ച പരിശീലനത്തിനുള്ള മതിയായ സൗകര്യങ്ങളെല്ലാം ലഭ്യമാക്കാനാവും. പതിനെഞ്ചും ഇരുപതും ലക്ഷം രൂപ വേണ്ടി വരുമെന്നതിനാൽ വ്യക്തികൾക്കും ചെറുകിട പരിശീലന കേന്ദ്രങ്ങൾക്കുമൊന്നും ഇത്തരം സജ്ജീകരണങ്ങൾ യാഥാർഥ്യമാക്കാൻ സാധ്യമല്ലാത്ത സ്ഥിതിയാണ്. 1989ൽ ആണ് ഇന്ത്യയിലേക്കു വൂഷു എത്തുന്നത്. ഇതേ കാലത്തു തന്നെ കേരളത്തിലേക്കും എത്താൻ വൂഷുവിനായി. കേരളം കളരിപോലുള്ള ആയോധന കലകളുടെ ജന്മദേശമായതിനാൽ അത്തരത്തിലുള്ള മാർഷൽ ആട്സ് രൂപങ്ങളെ അതിവേഗം ഇഷ്ടപ്പെടാൻ മലയാളികൾക്കു സാധിച്ചതാണ് ഇതിന് കാരണമെന്നും യുണൈറ്റഡ് മാർഷൽ ആട്സ് അകാഡമി ഇന്റെർനാഷ്ണലിന്റെ സ്ഥാപകനും ഗ്രാന്റ് മാസ്റ്ററുമായ ആരിഫ്. 35,000ൽ അധികം വിദ്യാർത്ഥികളും 2000ൽ അധികം ബ്ലാക്ക് ബെൽറ്റ് ഇൻസ്ട്രക്ടർമാരും ഉൾപ്പെടുന്നതാണ് ഈ അക്കാഡമി.