ബെംഗളൂരു: അവസാന നിമിഷംവരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകത്തിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദിയൂരപ്പയുടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടകയുടെ 23-ാം മുഖ്യമന്ത്രിയായാണ് ഇന്ന് യദിയൂരപ്പ സ്ഥാനമേൽക്കുന്നത്. പച്ച ഷാൾ പുതച്ച് രാവിലെ ക്ഷേത്രദർശനം നടത്തിയാണ് യെദിയൂരപ്പ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. ഗവർണർ വാജുഭായ് വാല അദ്ദേഹത്തിന് രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 

രാജ് ഭവനിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞ.രാജ് ഭവനിൽ ഇതിനായി സൗകര്യങ്ങളൊക്കെ പൂർത്തിയാക്കി യെദിയൂരപ്പ ക്ഷേത്രദർശനം കഴിഞ്ഞാണ് അനന്ത്കുമാറിനും മുതിർന്ന നേതാക്കൾക്കും ഒപ്പം സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് സഭയിൽ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന പരിഗണന നൽകി തന്റെ വിവേചനാധികാരം ഉപയോഗിച്ച് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.

മോദിയുടെ വിശ്വസ്തൻ കൂടിയായ ഗവർണർ വാജുഭായ് വാലയുടെ നീക്കത്തിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ തടയുന്നതിന് കോടതി വിസമ്മതിച്ചു. കോൺഗ്രസും ജനതാദളും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണറെ സമീപിച്ചെങ്കിലും ഇതിന് അനുമതി നൽകിയില്ല. ഇതോടെ വരും ദിനങ്ങളിലും കർണാടകത്തിൽ ചൂടേറിയ രാഷ്ട്രീയ നീക്കങ്ങൾക്ക് അവസരം ബാക്കിവച്ചുകൊണ്ടാണ് ഇന്ന് യദിയൂരപ്പയുടെ അധികാരമേൽക്കൽ.

അതേസമയം, സമീപകാലത്ത് ബിജെപി അധികാരം നേടിയ സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാരുടെ അധികാരമേൽക്കലിന് പോയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവർ ഇന്ന് കർണാടകത്തിൽ യദിയൂരപ്പ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ഒരുലക്ഷംപേരെ അണിനിരത്തി സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു യദിയൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ആഘോഷംപോലും വളരെ കുറച്ചുകൊണ്ട് ചെറിയസംഘം മാത്രമേ യദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കായി എത്തിയിട്ടുള്ളു. രാജ് ഭവനിൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയ യദിയൂരപ്പയെ എംഎൽഎമാരും മറ്റു നേതാക്കളും ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് നൽകിയ ഹർജിയിൽ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നാളെ രാവിലെ തന്നെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ സുപ്രീംകോടതി ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോ എന്ന ആശങ്കയുള്ളതിനാൽ കരുതലോടെയാണ് ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ആണ് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്.