തൃശൂർ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗവുമായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. നാടകീയതകൾക്കൊടുവിലായിരുന്നു അറസ്റ്റ്. പൊലീസിന് പോപ്പുലർ ഫ്രണ്ടിന് വഴങ്ങേണ്ടി വന്ന അവസ്ഥ. പൂഞ്ഞാർ മുൻ എംഎൽഎയായ പിസി ജോർജിനെ ഈരാറ്റുപേട്ടയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതു പോലെ അത്ര ആയാസകരമായിരുന്നില്ല യഹിയയെ അറസ്റ്റ് ചെയ്യൽ.

28ന് രാത്രി തൃശൂർ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വീട്ടിൽ യഹിയ തങ്ങളെ തേടി പൊലീസ് എത്തിയെങ്കിലും പാതിരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു സ്ഥലത്തെത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഇതോടെ വാക്കു തർക്കമുണ്ടാവുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. രാവിലെ കുന്നംകുളം സ്റ്റേഷനിൽ ഹാജരാകാം എന്ന് നേതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്നു പൊലീസ് മടങ്ങി. രാവിലെ എട്ടോടെ സ്റ്റേഷനിൽ എത്തിയ യഹിയയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീടും തടസ്സങ്ങളെത്തി.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവിനെ പൊലീസ് വാഹനം തടഞ്ഞു ബലമായി മോചിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഹിയ തങ്ങളെ കുന്നംകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്കു പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുമ്പോഴാണ് മോചിപ്പിക്കാൻ ശ്രമം നടന്നത്. ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷനു മുൻപിലാണു ഇവർ വലിയ സംഘമായെത്തി പൊലീസ് വാഹനം തടഞ്ഞത്. സംഘം മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുൻപിൽ അണിനിരക്കുകയായിരുന്നു.

കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപ്പറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്. വാഹനം തടഞ്ഞ സംഭവത്തിൽ അൻപതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുമ്പളം ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പൊലീസ് വാഹനം തടയാൻ ശ്രമിച്ച സംഭവത്തിൽ കുമ്പളം സ്വദേശികളായ 5 പേരുൾപ്പെടെ 15 പേർക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.

രണ്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ മുജീബിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കൗൺസിലിങ് നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത.