ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ കസ്റ്റഡിയിൽ. പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം ഉയർന്നതിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തത്. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്.

പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹിയാ തങ്ങൾ. ആലപ്പുഴ പൊലീസ് കുന്ദംകുളത്തെത്തിയാണ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. തൃശൂർ പെരുംമ്പിലാവ് സ്വദേശിയാണ്. അറസ്റ്റിന് പിന്നാലെ കുന്ദംകുളം പൊലീസ് സ്റ്റേഷന് മുൻപിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി.

പ്രകോപന മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ എത്തിയത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പൊലീസ് വാഹനം തടഞ്ഞിടാനും പൊലീസുകാരെ ഭീഷണിപ്പെടുത്താനും പ്രവർത്തകർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ ബലം പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, വിവാദമായ ജനമഹാസമ്മേളനം സംഘടിപ്പിക്കാൻ മുന്നിൽ നിന്ന ജില്ലാ നേതാക്കൾ തുടങ്ങി 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കറും ഇതിൽ ഉൾപ്പെടും. ഇതിന് പിന്നാലെയാണ് യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തത്.

റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന ഹൈക്കോടതി വിമർശിച്ചിരുന്നു. സംഘടകർക്കാണ് ഇതിൽ ഉത്തരവാദിത്തമുള്ളത്. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നു. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിങ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിങ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല. മുൻ പരിപാടികളിൽ പറഞ്ഞിരുന്ന മുദ്രാവാക്യങ്ങൾ ഓർമ്മയിൽ ഉണ്ടായിരുന്നത് വിളിച്ചതാണെന്നും പത്ത് വയസ്സുകാരൻ പ്രതികരിച്ചത്.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് ഇയാളെ കൈമാറി. അസ്‌കറിന്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്ന് പൊലീസെത്തിയാണ് നിയന്ത്രിച്ചത്.