കോട്ടയം:'യഹോവയിലുള്ള വിശ്വാസം വർധിപ്പിക്കുക' എന്ന മുഖ്യവിഷയത്തെ ആസ്പദമാക്കി യഹോവയുടെ സാക്ഷികൾ നടത്തിവരുന്ന സമ്മേളന പരമ്പരയിൽ ഒന്ന് ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തും.

എല്ലാ സാഹചര്യങ്ങളിലും 'ദൈവത്തിൻ വിശ്വാസം ഉള്ളവരായിരിക്കുക' എന്ന ആമുഖ പ്രസംഗത്തോടെ രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും. തുടർന്ന് 'എന്റെ വിശ്വാസം ഇനിയും ബലപ്പെടുത്താൻ എന്നെ സഹായിക്കേണമേ', 'യഥാർഥ വിശ്വാസം അത് എന്താണ്, എങ്ങനെ തെളിയിക്കാം', 'യഹോവ ദുഷ്ടത തുടച്ചുനീക്കം', 'യഹോവ നമ്മുടെ ആവശ്യങ്ങൾക്കായി കരുതും', 'യഹോവ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരും' എന്നീ സുപ്രധാന ബൈബിളധിഷ്ഠിത വിഷയങ്ങൾ പ്രാസംഗികർ കൈകാര്യം ചെയ്യും. ഗീതം പ്രാർത്ഥനയോടെ 4.15ന് പരിപാടികൾ അവസാനിക്കും.

1870 ൽ അമേരിക്കയിലെ പെൻസില്വേനിയ എന്ന സ്ഥലത്ത് ചാർലസ് റസ്സൽ തുടങ്ങിയ ബൈബിൾ ക്ലാസ്സാണ് ഇന്ന് യഹോവാ സാക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്ന വിശ്വാസി സമൂഹമായി മാറിയത്. 'ആയിരമാണ്ട് പിറപ്പ് ബൈബിൾ പഠനം' എന്നാണ് റസ്സൽ തന്റെ ബൈബിൾ ക്ലാസ്സിനു പേരിട്ടത്. 'ആയിരമാണ്ട് പിറപ്പ്' എന്ന പേരിൽ അദ്ദേഹം എഴുതുവാൻ ആരംഭിച്ച പുസ്തകങ്ങൾ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പുസ്തകങ്ങളിൽ എഴുതിയിട്ടുള്ളവയാണ് ഇന്ന് യഹോവാ സാക്ഷികൾ എന്ന് അറിയപ്പെടുന്നവർ വിശ്വസിക്കുന്നത്. 1916 ൽ റസ്സൽ മരിച്ച ശേഷം റൂഥർഫോർഡ് എന്ന അദ്ദേഹത്തിന്റെ സ്‌നേഹിതൻ 1917 ൽ 'അവസാനിച്ച മർമ്മം' എന്ന ഒരു പുസ്തകം എഴുതി റസ്സലിന്റെ പുസ്തകത്തിന്റെ ഏഴാമത്തെ വാല്യമായി കൂട്ടിച്ചേർത്തു.

അവർ ആരംഭിച്ച 'വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി' മൂലമായി ഇവരുടെ ഉപദേശങ്ങൾ ലോകമെങ്ങും വ്യാപരിപ്പിക്കുവാൻ ഇടയാക്കി. 1931 വരെ 'റസ്സലുകാർ' എന്ന് അറിയപ്പെട്ടിരുന്ന ഇവർ സംഘടനയിൽ ഏർപ്പെട്ട പിരിവു മൂലം ഒരു കൂട്ടർ 'യഹോവാ സാക്ഷികൾ' എന്നും മറ്റേ വിഭാഗം 'ബൈബിൾ സ്റ്റുഡൻസ്' എന്ന പേരും സ്വീകരിച്ച് രണ്ടായി പിരിഞ്ഞു.