കോഴിക്കോട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേ(ഐഎസ്)ക്ക് പോയ മലയാളി സംഘത്തിലെ ഒരാൾ കൂടി മരിച്ചതായി നാട്ടിലേക്ക് സന്ദേശമെത്തി. പാലക്കാട് യാക്കര സ്വദേശിയായ ബെസ്റ്റിൻ എന്ന യഹിയ യാണ് അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചത്. സ്ഥിരം സന്ദേശം അയച്ചിരുന്ന കൂടെയുള്ള കാസർകോഡ് പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് ഇന്ന് വൈകിട്ട് ബന്ധുവിന് ടെലഗ്രാം മെസഞ്ചർ വഴി സന്ദേശം അയച്ചത്. ഏപ്രിൽ 13ന് കാസർകോഡ് സ്വദേശി മുർശിദ് മുഹമ്മദും കഴിഞ്ഞ മാസം ഹഫീസുദ്ദീനും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു.

അഷ്ഫാഖ് ഇന്ന് ബന്ധുവിനയച്ച സന്ദേശം ഇങ്ങനെയാണ്: 'നിങ്ങൾ യഹൂദൻ എന്ന് കരുതുന്ന യഹ്‌യ (ബെസ്റ്റിൻ) ഷഹീദ് ആയി, ഇൻഷാ അള്ളാ. അമേരിക്കൻ കുഫ്ഫാറുകളുടെ എതിരെ നടക്കുന്ന യുദ്ധത്തിൽ ഫ്രണ്ട് ലൈനിൽ വെച്ചിട്ടായിരുന്നു സംഭവം'. സന്ദേശം ലഭിച്ച ബന്ധു കൂടുതൽ കാര്യങ്ങൾ തിരക്കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ല. കൂടുതൽ പേർ അപകടത്തിൽപ്പെടുന്നതിന് മുമ്പ് ബാക്കിയുള്ള നിങ്ങൾ തിരിച്ചു വരൂ...എന്ന് ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും ഇതിനു മറുപടിയില്ലായിരുന്നു. നേരത്തെ മരിച്ചവരുടെ സന്ദേശം അയച്ച അഷ്ഫാഖിനോട് നരകയാതന അനുഭവിച്ച് ഇനിയും അവിടെ തുടരണോ എന്ന് ബന്ധു ചോദിച്ചിരുന്നു. നിങ്ങൾ എന്ത് വിഢിത്തകമാണ് പറയുന്നതെന്നായിരുന്നു അഷ്ഫാഖിന്റെ മറുപടി. ഹഫീസുദ്ദീന്റെ മരണവാർത്ത അയച്ച സന്ദർഭത്തിൽ ഞങ്ങളും ശഹീദാവാൻ ഊഴം കാത്തിരിക്കുന്നുവെന്നായിരുന്നു ഇവരുടെ മറുപടി.

ഇന്ന് കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ച യഹിയ ഇസ്ലാം മതം സ്വീകരിച്ച ശേഷം തീവ്രവാദ ആശയങ്ങൾ ഉൾകൊണ്ട് ജീവിക്കുകയായിരുന്നു. പിന്നീടാണ് മലയാളി സംഘത്തോടൊപ്പം ഐസിസിലേക്ക് പോയത്. യഹിയയോടൊപ്പം സഹോദരൻ ഈസയും ഇസ്ലാം മതം സ്വീകരിച്ച് ഐസിസ് ക്യാമ്പിലേക്ക് പോയിരുന്നു. ഇവരോടൊപ്പം ഭാര്യമാരും കൂടെയുണ്ട്. എറണാകുളം പാലാരിവട്ടം സ്വദേശിനി മെറിൻ എന്ന മറിയം ആണ് യഹിയയുടെ ഭാര്യ. തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്ത ഈസയുടെ ഭാര്യയുമാണ്. ഇരുവരെയും മത പരിവർത്തനം നടത്തി ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാസർകോഡ് സ്വദേശിയും പീസ് സ്‌കൂൾ ജീവനക്കാരനുമായിരുന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഈസയുടെയും യഹിയയുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ തീവ്ര ആശയങ്ങളടങ്ങിയ ലഘുലേഖകളും ചില പുസ്തകങ്ങളും കണ്ടെത്തിയിരുന്നു. നിർബന്ധിച്ച് മത പരിവർത്തനം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി യഹിയ ഭാര്യ മെറിൻ മറിയത്തിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുണ്ടായ അന്വേഷണം മുംബൈയിലെ വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനിലായിരുന്നു എത്തിയത്.

കേസുമായി ബന്ധപ്പെട്ട് സാക്കിർ നായിക്കിന്റെ അടുത്ത കൂട്ടാളിയും ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനായ അർഷിദ് ഖുറേഷി(45), സുഹൃത്ത് റിസ്വാൻ ഖാൻ (43) എന്നിവരെ 2016 നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യഹ്യയും മറിയവുംം തമ്മിലുള്ള വിവാഹത്തിലും മതംമാറ്റത്തിലും ഖുറേഷിയും റിസ്വാൻ ഖാനും നിർണായക പങ്കുവഹിച്ചതായി അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. മെറിൻ ജേക്കബ് എന്ന മറിയത്തിന്റെ വിവാഹ പത്രത്തിൽ സാക്ഷിയായി ഒപ്പിട്ടത് റിസ്വാൻ ഖാൻ ആണെന്നതിന്റെ തെളിവു കണ്ടെത്തിയിരുന്നു. ഇരുവരുടെയും മതംമാറ്റത്തിനു പിന്നിലും അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യുഎപിഎ ചുമത്തിയായിരുന്നു്.

റിസ്വാൻഖാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇവരുടെ വിവാഹ പത്രം കണ്ടെടുത്തിരുന്നു. മാത്രമല്ല, ഖുറേഷിയും റിസ്വാൻ ഖാനും ചേർന്ന് 800ൽ അധികം പേരെയെങ്കിലും മതം മാറ്റി വിവാഹം കഴിപ്പിച്ചതായി വിവരങ്ങൾ ലഭിച്ചതായി പൊലീസ് അന്ന് പറഞ്ഞു. ഇതിൽ അധികവും കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷ ഏജൻസി(എൻഐഎ) ആയിരുന്നു പിന്നീട് കേസ് അന്വേഷിച്ചിരുന്നത്. ഐഎസ് കേസുമായി ബന്ധപ്പെട്ടു കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസായിരുന്നു ഇത്. ഇന്ന് കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ച ബെസ്റ്റിൻ എന്ന യഹിയയുടെ ഭാര്യാ സഹോദരൻ എബിൻ ജേക്കബ് നൽകിയ പരാതിയെ തുടർന്നായിരുന്നു ഈ നടപടി.

മതപരിവർത്തനം നടത്തി ഐസിസിലെത്തിയെ സഹോദരങ്ങൾ 'ജിഹാദീ' പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഐഎസിന്റെ സൈന്യത്തിൽ പ്രവേശനം ലഭിച്ച അപൂർവം പേരിൽ ഒരാളായിരുന്നു യഹിയ. പരിശീലനം സിദ്ധിച്ച അപൂർവ്വം ആളുകൾക്കു മാത്രമാണ് ഐഎസിന്റെ സൈന്യത്തിൽ പ്രവേശനം ഉണ്ടായിരുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഔദ്യോഗിക സൈന്യത്തിൽ പ്രവേശനം ലഭിച്ചതായി നേരത്തെ മലയാളി സംഘത്തിൽപ്പെട്ടവർ നാട്ടിലേക്ക് േേസന്ദശം അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐസിസ് അധീനതയിലുള്ള മലമടക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് സൈനിക പരിശീലനങ്ങളിൽ വിജയിച്ച യയിഹ സൈന്യത്തിൽ പ്രവേശനം നേടുകയായിരുന്നു. ഐസിസ് ശത്രുക്കളായി കാണുന്ന അമേരിക്കൻ കുഫ്ഫാറുകളോടുള്ള യുദ്ധത്തിൽ മുൻനിരയിൽ വച്ചാണ് യഹിയ രക്തസാക്ഷിത്വം വരിച്ചതെന്ന് ഇന്ന് അഷ്ഫാഖ് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്.