ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ റിമാൻഡിൽ. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്തു വച്ചാണ് ആലപ്പുഴ പൊലീസ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്.

തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യഹിയ തങ്ങൾ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതി അഭിഭാഷകൻ അരുൺ റോയ് ആണ് അപേക്ഷ നൽകിയിരിക്കുന്നത്. യഹിയയുടെ പരമാർശം അപകീർത്തികരമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നായിരുന്നു യഹിയയുടെ അധിക്ഷേപം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം നടത്തിയത്.

ആലപ്പുഴയിൽ നടന്ന റാലിക്കിടെയുണ്ടായ മതവിദ്വേഷ മുദ്രാവാക്യ വിഷയത്തിൽ ജഡ്ജിമാർ നടത്തിയ പരാമർശമാണ് യഹിയയെ പ്രകോപ്പിച്ചത്. പി.സി.ജോർജിനു ജാമ്യം അനുവദിച്ചതും പ്രകോപന കാരണമായി. പി.സി. ജോർജിനു ജാമ്യം നൽകിയ ജഡ്ജി ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.