മുംബൈ സ്‌ഫോടനം നടക്കുന്നതിന്റെ പുലർച്ചെയാണ് ടൈഗർ മേമൻ ദുബായിലേക്ക് കടക്കുന്നത്. അതിന് മുമ്പുതന്നെ മേമൻ കുടുംബം അവിടെയെത്തിയിരുന്നു. എന്നാൽ, ഇവരെ അതിവേഗം പിടികൂടാനുള്ള അവസരം നഷ്ടപ്പെടുത്തിയത് മുംബൈ പൊലീസിന്റെ ശ്രദ്ധക്കുറവുകൊണ്ടാണ്. 1993 മാർച്ച് 15-നുതന്നെ മേമൻ കുടുംബത്തിന്റെ പേരുവിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തിന് മുംബൈ പൊലീസ് നൽകിയിരുന്നു. എന്നാൽ, അപൂർണമായിരുന്നു ആ പേരുകൾ. ഈ വിവരങ്ങളുപയോഗിച്ച് എന്തെങ്കിലും തുമ്പുണ്ടാക്കാൻ ഗൾഫിലെ ഇന്ത്യൻ എംബസ്സികൾക്ക് സാധിക്കുമായിരുന്നില്ല.

മേമൻ കുടുംബത്തിലെ എല്ലാവരുടെയും പൂർണമായ പേരുവിവരങ്ങൾ വിദേശ കാര്യമന്ത്രാലതത്തിന് മാർച്ച് 17-നാണ്. അന്നാണ് മേമൻ കുടുംബം കറാച്ചിയിലേക്ക് കടന്നത്. മാർച്ച് 21-ന് പാസ്‌പോർട്ട് വിവരങ്ങൾ കേന്ദ്രം ഗൾഫിലെ എംബസ്സികൾക്ക് നൽയിരുന്നെങ്കിലും അതുകൊണ്ട് കാര്യമുണ്ടായിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞ് പാക് എംബസ്സി മേമൻ കുടുംബത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാഫി. അപ്പോഴേക്കും അവർ കറാച്ചിയിൽ സുരക്ഷിത കേന്ദ്രത്തിലെത്തിക്കഴിഞ്ഞിരുന്നു.

അമേരിക്കയിൽനിന്നെത്തിയ സുരക്ഷാവിദഗ്ദ്ധർ ഞെട്ടിയത് മറ്റൊരു കാഴ്ച കണ്ടാണ്. സ്‌ഫോടനമുണ്ടായ സ്ഥലങ്ങളിൽ അതിന്റെ സൂചനപോലും ശേഷിക്കാതെ എല്ലാം വൃത്തിയാക്കിയിരിക്കുന്നു. സ്‌ഫോടനത്തിന്റെ സ്വഭാവവും അതിനുപയോഗിച്ച മാർഗങ്ങളും വസ്തുക്കളും കണ്ടുപിടിക്കുന്നതിന് അവശിഷ്ടങ്ങൾ അനിവാര്യമാണെന്നിരിക്കെ, മുംബൈ സ്‌ഫോടനക്കേസിൽ അത്തരത്തിലൊരു സാധ്യതയാണ് ഈ വൃത്തിയാക്കലിലൂടെ ഇല്ലാതായത്.

ഇസ്ലാമിനെതിരെ നടക്കുന്ന ചെയ്തികൾക്ക് പകരം ചോദിക്കാൻ കൊളംബോയിൽ തീവ്രവാദ സംഘടനകളുടെ യോഗം ചേർന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. ഓപ്പറേഷൻ ബോംബെ എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. ഇതിനായി സൗദി, ഇറാൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന് അഞ്ചു കോടി ഡോളറും പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് മറ്റൊരു അഞ്ചു കോടി ഡോളറും ഇവർ സമാഹരിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് പാക്കിസ്ഥാൻ പദ്ധതിയിൽ ഇടപെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. നേരിട്ടൊരു ആക്രമണം നടത്തനോ ഐഎസ്‌ഐയുടെ പങ്ക് വെളിപ്പെടാനോ പാക്കിസ്ഥാൻ ആഗ്രഹിച്ചിരുന്നില്ല. മതത്തിന്റെ പേരിലുള്ള ഓപ്പറേഷനിൽ സഹായിയായി പ്രവർത്തിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയില്ലെങ്കിലും, അട്ടിമറി നടത്തുന്നവർക്ക് പരിശീലനം നൽകാൻ പാക്കിസ്ഥാൻ തയ്യാറായി.

മുംബൈ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ പ്രൊഫഷണലുകളായിരുന്നില്ല എന്നതും ഈ അന്വേഷണത്തെ സഹായിച്ചു. എളുപ്പത്തിൽ കുടുങ്ങാവുന്ന തെളിവുകൾ അവർ ശേഷിപ്പിച്ചിരുന്നു. സ്‌ഫോടനത്തിനുപയോഗിച്ച വാഹനങ്ങൾ തനിക്ക് പരിചയമുള്ള ഡീലർമാരിൽനിന്നാണ് മേമൻ സംഘടിപ്പിച്ചത്. വേൾഡ് ട്രേഡ് സെന്റർ ബോംബിങ് കേസ്സിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. ട്രേഡ് സെന്റർ ബോംബിങ്ങിന്റെ സൂത്രധാരൻ മുഹമ്മദ് സലാമേയെയും മുംബൈ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച യാക്കൂബിനെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് സ്‌ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഷാസി നമ്പരിൽനിന്നാണ്.

മത തീവ്രവാദികൾക്ക് എത്രയെളുപ്പത്തിൽ സമൂഹത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ കഴിയുമെന്നതിന്റെ തെളിവ് കൂടിയായിരുന്നു മുംബൈ സ്‌ഫോടനം. മുംബൈ കലാപത്തിൽനിന്നുണ്ടായ പ്രകോപനമാണ് മുംബൈ സ്‌ഫോടനങ്ങൾക്ക് വഴിവച്ചത്. പക്ഷേ, അത് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്തത്. യഥാർഥത്തിൽ ഇത്തരമൊരു സ്‌ഫോടനം ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു. മുംബൈ അധോലോകവും മതതീവ്രവാദവുമായുള്ള അടുത്ത ബന്ധം ടൈഗർ മേമനെയും അതുവഴി മേമൻ കുടുംബത്തെയും ഇതിൽ പങ്കാളികളാക്കുകയും ചെയ്തു.

(അവസാനിച്ചു)