മാലി: മാലിദ്വീപിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ അബ്ദുള്ള യാമീന് സ്ഥാനം നഷ്ടപ്പെടുകയും പകരം പ്രതിപക്ഷ സ്ഥാനാർത്ഥി ഇബ്രാഹിം സോലിഹ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ചൈനീസ് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന യാമീന് സ്ഥാനം നഷ്ടപ്പെടുകയും പകരം ഇന്ത്യയോട് അടുപ്പമുള്ള സോലിഹ് പ്രസിഡന്റാവുകയും ചെയ്തതിൽ ഇന്ത്യയ്ക്ക് ഏറെ ആഹ്ലാദമുണ്ട്.അതിനാൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടൻ ഏറ്റവും ആദ്യം സോലിഹിനെ അഭിനന്ദിച്ചത് ഇന്ത്യയാണ്.

ഇതോടെ ഇന്ത്യുടെ മൂക്കിന് താഴെയുള്ള പ്രദേശമായ മാലിദ്വീപിൽ ചൈന ഇന്ത്യയ്ക്കെതിരെ നീക്കങ്ങൾ നടത്താൻ ഒരുക്കിയ സന്നാഹങ്ങൾ എല്ലാം ഇനി പിൻവലിക്കേണ്ടി വരുമെന്നുറപ്പാണ്. യാമീന്റെ ഭരണകാലത്തായിരുന്നു മാലിദ്വീപിൽ ചൈനീസ് സാന്നിധ്യം ഇന്ത്യക്കെതിരെ പെരുകി വന്നിരുന്നത്. അതിനാണ് ഭരണമാറ്റത്തെ തുടർന്ന് അറുതി വരാൻ പോകുന്നത്. എന്നാൽ മാലിദ്വീപ് ചൈനയിൽ നിന്നും കടം വാങ്ങിയ വൻ തുക തിരിച്ച് കൊടുക്കേണ്ടതിനാലും വമ്പൻ നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നതിനാലും മാലിയിൽ ചൈനീസ് സാന്നിധ്യം ഇനിയും തുടരുന്നയാരിക്കും. എന്തായാലും മാലിയിലെ പുതിയ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ ആഹ്ലാദിക്കുകയാണ്.

ബീജിങ് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന യാമീനുമായി കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇന്ത്യയ്ക്ക് അത്ര നല്ല നയതന്ത്ര ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാൽ നേതൃത്വമാറ്റമുണ്ടാകുന്നതോടെ ഇന്ത്യയും മാലിയും തമ്മിൽ പുതിയ ഉഭയകക്ഷി ബന്ധങ്ങളുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. മാലിദ്വീപ് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സോലിഹിന് 1,34,616 വോട്ടുകളും യാമീന് 96,132 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. മൊത്തം 2,30,748 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടിരുന്നത്.

വോട്ടുകളുടെ 41.7 ശതമാനം യാമീന് ലഭിച്ചപ്പോൾ സോലിഹിന് ലഭിച്ചത് 58.3 ശതമാനമാണ്. വോട്ട് ചെയ്യാൻ അർഹതയുള്ള 89 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. മണിക്കൂറുകളോളമാണ് പലരും വോട്ട് ചെയ്യാനായി കാത്തിരുന്നത്. ഇലക്ഷൻ ഫലത്തെ അഭിനന്ദിച്ച് ഇന്ത്യയ്ക്ക് പുറകെ ശ്രീലങ്കയും യുഎസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ചൈനയുമായി പരിധി വിട്ട് അടുപ്പം സ്ഥാപിച്ച യാമീൻ ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയായിരുന്നു ഉയർത്തിയിരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ ചൈനയ്ക്ക് ഇടം നൽകി ഇന്ത്യയുടെ സുരക്ഷക്ക് കടുത്ത വെല്ലുവിളിയായിരുന്നു യാമീൻ ഉയർത്തിയിരുന്നത്. യാമീന്റെ കാലാവധി നവംബർ 17ന് അവസാനിക്കുന്നതിനെ തുടർന്ന് പുതിയ പ്രസിഡന്റായി സോലിഹ് നവംബറിൽ തന്ന സ്ഥാനമേൽക്കുന്നതായിരിക്കും.

മാലിയിലെ സുപ്രീം കോടതി ജഡ്ജുമാരെ വരെ തടവിലിട്ട് ഇവിടുത്തെ ജൂഡീഷ്യൽ സിസ്റ്റത്തെ വരെ യാമീൻ ഫെബ്രുവരിയിൽ അട്ടിമറിച്ചത് ഇന്ത്യക്ക് വൻ തലവേദനയായിരുന്നു സൃഷ്ടിച്ചത്. തുടർന്ന് ഇവിടുത്തെ മിക്ക രാഷ്ട്രീയ നേതാക്കളെയും അദ്ദേഹം ജയിലിൽ അടച്ചിരുന്നു. ഇന്ത്യ മാലി പരിസരത്ത് നിന്നും ഹെലികോപ്റററുകൾ നീക്കം ചെയ്യണമെന്നും ഇന്ത്യക്കാർക്കുള്ള വിസ വെട്ടിക്കുറയ്ക്കുമെന്നും യാമീൻ ഭീഷണി മുഴക്കിയതും ഇന്ത്യക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ചൈന മാലിയിൽ യാമീന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും റിസോർട്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു.

മാലിയിലെ സുപ്രധാനമായ ഏഴ് ദ്വീപുകളിൽ ഇന്ത്യക്കെതിരെ ചൈനീസ് സാന്നിധ്യം ഇക്കാലത്ത് വർധിക്കുകയും ചെയ്തിരുന്നു. ചൈന ഇതിന് പുറമെ തെക്കൻ ദ്വീപുകൾ കൈക്കലാക്കാൻ ശ്രമിക്കുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷക്ക് ചൈനയുടെ ഈ നീക്കം കടുത്ത ഭീഷണി ഉയർത്തുമെന്നായിരുന്നു ഇന്ത്യ ഭയപ്പെട്ടിരുന്നത്. ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്, ലാമു അറ്റോൾ ലിങ്ക് റോഡ് എന്നിവയടക്കമുള്ള മെഗാ പ്രൊജക്ടുകൾ ചൈന മാലിയിൽ ആരംഭിച്ചതും ന്യൂഡൽഹിക്ക് ആശങ്കയുണ്ടാക്കുന്നു.

മാലിയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വിലപേശലുകൾ പൂർത്തിയാകാൻ വെറും മൂന്ന് വർഷം മാത്രം ശേഷിക്കവെയാണ് അവിടെ ഭരണമാറ്റമുണ്ടായിരിക്കുന്നതെന്നതും നിർണായകമാണ്. യാമീന്റെ ഇത്തരം വഴിവിട്ട നീക്കങ്ങൾ ഇന്ത്യാ അനുകൂലിയായ സോലിഹ് തിരുത്തുമെന്നും ഇന്ത്യയ്ക്ക് നേരെ ചൈന ഉയർത്തുന്ന ഭ ീഷണി ഇല്ലാതാക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ശക്തമാകുന്നത്.