ദാനമീ ജീവിതം ധന്യം
യാഗമീ ജീവിതം പുണ്യം

യാത്ര തുടങ്ങിയെൻ ജീവിതനൗകയിൽ
എന്തിനെന്നറിയില്ല ഏതിനെന്നറിയില്ല
എന്നാലെത്തണം ലക്ഷ്യത്തിൽ
എനിക്കെൻ ജീവിതനൗകയിൽ

യാത്രികർ കയറിയിറങ്ങിയെൻ നൗകയിൽ
ആടിയുലഞ്ഞുവോയെൻ പ്രാണനൗക
ലക്ഷ്യമിടറിയോ മാർഗ്ഗം മുടങ്ങിയോ
ഇല്ലാ, എനിക്കറിയില്ലയീ യാത്രതൻ അന്ത്യമെന്ന്

കാത്തിരിക്കുന്നു ഞാനെൻ ജീവിതനൗകയിൽ
ആ സഹയാത്രികനായ് അജ്ഞാതനാമൊരു സഹയാത്രികനായ്
ലക്ഷ്യത്തിനായലഞ്ഞൊരെൻ നൗകയിലിരുന്നുകൊണ്ടാ-
കാലൊച്ചകൾക്കായ് കാതോർക്കുന്നു ഞാൻ

തേടിയതൊന്നുമേ വേണ്ടെനിക്ക്
നേടിയതൊന്നുമേ വേണ്ടെനിക്ക്
ഈ ജീവിതനൗകയിൽ മറുകര താണ്ടവേ
എന്നാത്മാവുമാത്രം കൂട്ടെനിക്ക്

കണ്ടു ഞാൻ മറ്റൊരു നൗകയിലാ, യാത്രികനെ
അജ്ഞാതനാമെൻ സഹയാത്രികനെ
ഇന്നുമെൻ ജീവിതനൗകയ്ക്ക്
അജ്ഞാതനാമെൻ സഹയാത്രികനെ

ഞെട്ടലായി നടുങ്ങലായ് നെടുവീർപ്പുമായി
അങ്ങിങ്ങു സ്വാന്തനഭാവമായി
മറ്റുചിലർ മാടിവിളിച്ചു, എതിരേറ്റു നൗകകളായാത്രികനെ
ഏവർക്കും അജ്ഞാതനാം ആ സഹയാത്രികനെ

ലക്ഷ്യത്തിലെത്തി കാത്തിരിക്കുന്നു ചിലനൗകകൾ
ലക്ഷ്യത്തിലെത്താതലയുന്നു മറ്റുചില നൗകകൾ
എന്തിനും ഏതിനും മറുകര താണ്ടുവാൻ
മാർഗ്ഗദർശിയായ് എത്തുമവൻ നിശ്ചയം

ഭാവത്തിൽ രൂപത്തിൽ വ്യത്യസ്തനായ്
കയറുമെന്നോരോ നൗകയിലും
ചിലതിന്നവൻ അലങ്കാരമായി
മറ്റു ചിലതിൻ ശാപമായി

കാത്തിരുന്നു ഞാനെൻ നൗകതൻ പടിവാതിലിലാ-
കാലൊച്ചകൾക്കായ് കാതോർക്കുന്നു ഞാൻ
ആകാക്ഷയോടെൻ ജീവിതനൗകയിൽ
മറുകരതാണ്ടുമോരാ നാളിനായി

തുച്ചമീ ജീവിതം ഹ്രസ്വം
ആശ്ചര്യമീ ജീവിതം നശ്വരം