തിരുവനന്തപുരം: സമീപകാലത്ത് ബോളിവുഡിലെ ത്രസിപ്പിച്ച പണംവാരിപ്പടമാണ് സൽമാൻ ഖാന്റെ ദബാംഗ്. അഴിമതിയെ തന്റേതായ രീതിയിൽ കൈകാര്യം ചെയ്യുന്ന ചുൾബുൾ പാണ്ഡെ എന്ന യുപി കോപിന്റെ കഥ. മസിൽ പെരുപ്പിക്കാനും അത്യാവശ്യം തല്ലുകൂടാനും കുഴപ്പങ്ങളിൽ ചെന്നുപെടാനുമൊക്കെ വിരുതൽ. റോബിൻ ഹുഡ് പാണ്ഡേ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ഇതൊക്കെ ഇവിടെ പറയാൻ കാരണം എന്തെന്നല്ലേ? കഴിഞ്ഞ ദിവസം നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ എസ്‌പി യതീഷ് ചന്ദ്രയുടെ ഹീറോയിസം സൃഷ്ടിച്ച വിവാദം തന്നെ!

സഹപ്രവർത്തകർ യതീഷ് ചന്ദ്രയെ ദബാങ്ങിലെ കോപിനോടാണ് താരതമ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഹീറോ ആയെങ്കിലും എസ്‌പിയെ അങ്ങനെ വിടാൻ പൊൻ രാധാകൃഷ്ണൻ തയ്യാറല്ല. പരാതികളുമായി കാണേണ്ടവരെയൊക്കെ മന്ത്രി കണ്ടുകഴിഞ്ഞു. കേന്ദ്ര പഴ്‌സോണൽ മന്ത്രാലയത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും പരാതി നൽകി കഴിഞ്ഞു. ഈ അവസരത്തിലാണ് മുഖ്യമന്ത്രിയുടെ വെള്ളിയാഴ്ചത്തെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

'കേന്ദ്രമന്ത്രിയോട് അപമര്യാദയോടെ പെരുമാറുന്നത് ശരിയല്ല. എന്നാൽ അകമ്പടി വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യത്തിലാണ് എസ്‌പി യതീഷ് ചന്ദ്രയുമായി തർക്കമുണ്ടായത്. അതിൽ അപാകതയില്ല. പൊലീസുകാർക്കെതിരെ സംഘപരിവാർ സംഘടനകൾ അക്രമമുണ്ടാക്കാൻ ശ്രമിക്കുന്നു',മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അൽപം ഫ്‌ളാഷ് ബാക്ക് പോയാൽ, 2015 ൽ അന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ യതീഷ് ചന്ദ്രയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓർക്കാം. ബജറ്റ് ദിവസം നിയമസഭയിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ ഹർത്താലിൽ അങ്കമാലിയിൽ പ്രകടനം നടത്തിയ ഇടതുപ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്ത റൂറൽ എസ്‌പി യതീഷ് ചന്ദ്രയ്ക്കെതിരെയാണ് പിണറായി അന്ന് ആഞ്ഞടിച്ചത്.

'ഹർത്താലിനിടെ എൽഡിഎഫ് പ്രവർത്തകരോട് തെരുവ് ഗുണ്ടയെ പോലെയാണ് ആലുവ എസ് പി പെരുമാറിയത്. എസ് പിയെ ഉടൻ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും വാക്കുകളിൽ ഒരുമയവും വരുത്തിയില്ല. യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട വി എസ് അച്യുതാനൻ ഇടതു പ്രവർത്തകരെ ഭ്രാന്തൻ നായയെ പോലെ വളഞ്ഞിട്ട് എസ്‌പി ആക്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞു. തികച്ചും സമാധാനപരമായി പ്രകടനം നടത്തിയതിനുശേഷം തിരികെ പോവുകയായിരുന്ന എൽഡിഎഫ് പ്രവർത്തകരെയും വഴിയാത്രക്കാരെയും ഭ്രാന്തൻ നായയെപോലെ വളഞ്ഞിട്ട് അടിച്ചും തല്ലിയും ഇയാൾ വകവരുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വി എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. എൽഡിഎഫ് നേതാക്കളെയും, പ്രവർത്തകരെയും ഇയാൾ ക്വട്ടേഷൻ ഗുണ്ടയെപ്പോലെ വളഞ്ഞിട്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പണ്ടുകാലത്തെ ഇടിയൻ പൊലീസുകാരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ തെരുവിൽ അഴിഞ്ഞാടിയതെന്നും വി എസ് അന്ന് കുറ്റപ്പെടുത്തി.

കർണാടക സ്വദേശിയാണെങ്കിലും തനിനാടൻ മലയാളത്തിലെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം ചൊരിഞ്ഞുകൊണ്ടാണ് ഇയാൾ ജനങ്ങളെ കൈകാര്യം ശ്രമിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരെ മുഴുവൻ നാണിപ്പിക്കുന്ന തരംതാണ ആക്രമണവും അധിക്ഷേപ വാക്കുകളുമാണ് ഇയാൾ ചൊരിഞ്ഞതെന്നും വി എസ് അന്ന് ആരോപിച്ചിരുന്നു. ഏതായാലും ഭരണം മാറിയതോടെ യതീഷ് ചന്ദ്ര പിണറായിയുടെയും വിഎസിന്റെയുമൊക്കെ ഗുഡ് ബുക്‌സിലാണ്.