കൊച്ചി: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടും മറ്റും ധാർഷ്ട്യത്തോടെ പെരുമാറിയ എസ്‌പി യതീഷ് ചന്ദ്രയെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. നിലയ്ക്കലിലെ ക്രമസമാധാനാ പാലനത്തിന് യതീഷ് ചന്ദ്രയ്ക്ക് ഡിജിപി അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രകോപിതരായ ബിജെപി തങ്ങളുടെ വക അവാർഡ് വൈകാതെ യതീഷ് ചന്ദ്രയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പ്രഖ്യാപിച്ചു. ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഇത്തരം നടപടികൾക്കെതിരെ നൽകിയ പരാതികളിൽ നടപടി വൈകാതെയുണ്ടാകും. അതായിരിക്കും അവാർഡെന്നും രാധാകൃഷ്ണൻ പിന്നീട് വിശദീകരിച്ചു.

'രാത്രിയിൽ കെ.പി. ശശികലയെയും കെ. സുരേന്ദ്രനെയും അറസ്റ്റുചെയ്തതിനും കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയതിനുമാണ് സർക്കാർ പുരസ്‌കാരം നൽകിയത്. ചില പുരസ്‌കാരങ്ങൾ ഞങ്ങളും കൊടുക്കാൻ പോകുന്നുണ്ട്. എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രഖ്യാപനം. എന്നാൽ ഇത് ഭീഷണിയായി വ്യാഖ്യാനിക്കുമെന്നതിനാൽ സമ്മാനം കേന്ദ്ര സർക്കാരിന്റെ നടപടിയായിരിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. കെ സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസ് പൊലീസ് എടുത്തിരുന്നു. സമാനമായ കേസ് യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എടുക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാ് രാധാകൃഷ്ണൻ തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തത്.

സുരേന്ദ്രനെതിരേ കടുത്ത അനീതിയാണ് സർക്കാർ കാട്ടിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അപകടം ക്ഷണിച്ചുവരുത്തുകയാണ്. ക്രമസമാധാനനില ഏതെങ്കിലും വിധത്തിൽ തകരാറിലായാൽ മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദി. കേരളത്തിൽ പൊലീസ്രാജാണ് നടപ്പാക്കുന്നത്. പൊലീസ് മേധാവി വെറും പാവയാണ്. മാധ്യമ സ്വാതന്ത്ര്യം പോലും ഇവിടെ വിലക്കിയിരിക്കുകയാണ്'' -രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. പിണറായി വിജയനു ധിക്കാരത്തോടെ അധികനാൾ മുന്നോട്ടുപോകാനാവില്ല. പൊലീസിനെ ഉപയോഗിച്ചു നടത്തുന്ന ദുർഭരണത്തിൽ ക്രമസമാധാനനില തകരാറിലായാൽ ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കും- രാധാകൃഷ്ണൻ പറഞ്ഞു.

അതിനിടെ ശബരിമല ദർശനത്തിനെത്തിയപ്പോൾ തടഞ്ഞുനിർത്തി അപമാനിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ മകൻ കെ.പി. വിജീഷ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടിസ് അയച്ചു. എസ്‌പി യതീഷ് ചന്ദ്രയ്ക്കാണു നോട്ടിസ്. നിലയ്ക്കലിൽ യതീഷ് ചന്ദ്രയുടെ 15 ദിവസം സംഭവബഹുലമായിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതു മുതൽ പ്രശ്‌നങ്ങളുടെ ദിനങ്ങൾ. സുരേന്ദ്രന്റെ അറസ്റ്റിനു തൊട്ടടുത്ത ദിവസം കെ.പി.ശശികലയെയും തടയേണ്ടിവന്നു. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പു നൽകിയ ശേഷമാണ് ശശികലയെ യതീഷ് നിലയ്ക്കലിൽനിന്നു വിട്ടത്.

പിന്നീട്, യുഡിഎഫ് സംഘം എത്തിയപ്പോൾ സ്ഥിതി ശാന്തമായിരുന്നു. യുഡിഎഫുകാരെ അറസ്റ്റ് ചെയ്യാതെ വിട്ടതിനു പഴി കേട്ടു. പിന്നീടാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എത്തിയത്. സ്വകാര്യ വാഹനങ്ങൾ കടത്തി വിടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടപ്പോൾ, താങ്കൾ ഉത്തരവാദിത്തം ഏൽക്കുമെങ്കിൽ കടത്തി വിടാമെന്ന മറുപടി ദേശീയ തലക്കെട്ടായി മാറി. പുതിയ സാഹചര്യത്തിൽ തീർത്ഥാടനം നടക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ക്രമപ്പെടുത്തേണ്ടി വരും. അതിനു വേണ്ട നടപടികൾ മാത്രമാണ് താൻ ചെയ്തതെന്ന് യതീഷ് ചന്ദ്ര പറയുന്നു. അപ്പോഴും സംഘപരിവാറുകാർ കടുത്ത നിരാശയിലാണ്.