ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കരുക്കില്പെട്ട് സിൻജാർ പർവതത്തിൽ അഭയംതേടിയ യസീദികളുടെ കുഞ്ഞുങ്ങൾ ജീവൻ നിലനിർത്താൻ മാതാപിതാക്കളുടെ രക്തം കുടിക്കുന്നതായി റിപ്പോർട്ട്. പർവതത്തിൽ നിന്നും എണ്ണായിരത്തോളം യസീദികൾ രക്ഷപ്പെട്ടതോടെയാണ് ഈ വിവരം പുറത്തു വന്നത്.

രക്ഷപ്പെട്ടവരെ കുർദിസ്ഥാനിലെ ദോഹുക് പ്രവിശ്യയിലെ അഭയാർത്ഥി ക്യാമ്പുകളിലാക്കിയിരിക്കുകയാണ്. ഇവരാണ് പർവതത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മുപ്പതിനായിരത്തോളം യസീദികളുടെ ദുരവസ്ഥ വിവരിച്ചത്. വെള്ളം കിട്ടാതെ കുട്ടികൾ മരിച്ചു വീഴുന്നത് നേരിട്ടു കണ്ടതായും പലരും വിവരിക്കുന്നു. ഇവരെ അടക്കം ചെയ്യാൻ മണ്ണ് പോലുമില്ലാത്തതിനാൽ പാറപ്പുറത്തുപേക്ഷിക്കുകയായിരുന്നെന്നും അവർ പറയുന്നു. മക്കളുടെ ദാഹം ശമിപ്പിക്കാൻ കൈകൾ മുറിച്ച് രക്തം നൽകുന്ന മാതാപിതാക്കളെ കണ്ടെന്ന് ഒരഭയാർത്ഥി തന്നോട് പറഞ്ഞതായി സ്‌കൈ ന്യൂസ് കറസ്‌പോണ്ടന്റ് ഷെറിൻ ടാഡ്രൊസ് പറയുന്നു.

ചുട്ടു പൊള്ളുന്ന 45 ഡിഗ്രി ചൂടിൽ മരുഭൂമിയിലൂടെയും മറ്റും രക്ഷതേടി അലഞ്ഞ നൂറുകണക്കിനാളുകൾ അതിർത്തി കടന്ന് തുർക്കിയിലും സിറിയയിലുമാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ അഭയാർത്ഥി ക്യാമ്പുകളിൽ ഇവർക്ക് ഭക്ഷണവും വൈദ്യ സഹായവും നൽകി. യസീദി ന്യൂനപക്ഷ വിഭാഗത്തിന്റെ ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കടന്നാക്രമണത്തെ തുടർന്ന് നാലുപാടും ചിതറിയോടുകയായിരുന്നു ഇവർ. സുരക്ഷിത ഇടങ്ങളിലേക്ക് രക്ഷപ്പെടാൻ പലരും കൊള്ളക്കാർക്ക് പണം നൽകിയാണ് നദികളിലൂടെയും മറ്റും വഴി കണ്ടെത്തിയത്.

അതിനിടെ 130 യു എസ് ട്രൂപ്പുകൾ കൂടി ഇറാഖിലെത്തി. സിൻജാർ പർവതത്തിൽ കുടുങ്ങി പ്രതിസന്ധിയിലായവരെ രക്ഷപ്പെടുത്തുന്നതിനുള്ള താൽക്കാലിക ഇടപെടലാണിതെന്ന് പെന്റഗൺ പറയുന്നു. പർവത മുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കൂടുതൽ സഹായങ്ങളെത്തിക്കുന്നുണ്ടെങ്കിലും സൈനിക ഇടപെടലിനു ബ്രിട്ടനു മേൽ സമ്മർദ്ദം തുടരുകയാണ്. 2640 ശുദ്ധജലസംഭരണികളും 500 ഷെൽട്ടർ കിറ്റുകളും ബ്രിട്ടൻ വ്യോമ മാർഗം എത്തിച്ച സഹായ വസ്തുക്കളില്പെടും. സൈനിക ഇടപെടലിന് ഇല്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പറയുന്നത്.

അതേസമയം ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികിക്കു പകരമായി പകരമായി അവരോധിക്കപ്പെട്ട പുതിയ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര പിന്തുണ ഏറി വന്നതോടെ ബഗ്ദാദിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് ഇറാഖി സൈന്യം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അട്ടിമറി സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കെ സൈന്യത്തോട് രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കാൻ മാലികി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അസാധാരണാം വിധം സൈനികരുടേയും സന്നാഹങ്ങളുടെയും സാന്നിധ്യ ബഗ്ദാദിലുടനീളം ദൃശ്യമായിരുന്നു. ചിലർ മാലികി അനുകൂല പ്രകടനങ്ങളുമായി തെരുവുകളിലിറങ്ങുകയും ചെയ്തു. ഇറാഖിന്റെ കാര്യത്തിൽ ഭിന്ന നിലപാടെടുത്തിരുന്ന സൗദി അറേബ്യ, ഇറാൻ എന്നീ വൈരികൾ പോലും പുതിയ പ്രധാനമന്ത്രി ഹൈദർ അൽ അബാദിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത് തന്റെ സഖ്യമായതിനാൽ സ്ഥാനമൊഴിയാൻ മാലികി തയാറാല്ല. മാലികിയുടെ പാർട്ടി കൂടി ഉൾപ്പെടുന്ന ഷിയാ സഖ്യമാണ് അബാദിയെ തെരഞ്ഞെടുത്തത്.