കൊല്ലം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട (40) അന്തരിച്ചു.തലച്ചോറിനുണ്ടായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. 2006 ലെ വി എസ് സർക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്‌ക്കേറ്റ മർദ്ദനത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു.സംസ്‌കാരം നാളെ

പി സി വിഷ്ണുനാഥിന്റെ ഓർമക്കുറിപ്പ്:

സുധീർ നമ്മെ വിട്ടു പോയി. ശാസ്താംകോട്ട കോളേജിൽ പ്രീഡിഗ്രിക്ക് അഡ്‌മിഷൻ എടുത്ത കാലം മുതൽ അവനിലെ ഉശിരുള്ള കെ എസ് യു പ്രവർത്തകനെ കാണാൻ പറ്റിയിരുന്നു. പിന്നീട് കെ എസ് യു സംസ്ഥാന സെക്രട്ടറി വരെയായി ഉജ്ജ്വലനായ വിദ്യർത്ഥി നേതാവായി മാറി; യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി.

നായനാർ ഭരണകാലത്തുകൊല്ലം ഡിസിസി ഓഫിസിൽ കയറി പൊലീസ് നടത്തിയ ലാത്തിചാർജിൽ ക്രൂരമായി പരുക്കേറ്റിരുന്നു. പാർട്ടി അവന് ജീവനായിരുന്നു. എന്ത് ചുമതല ഏല്പിച്ചാലും പിന്നീട് അതേ കുറിച്ച് അന്വേഷിക്കണ്ട, ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയിരിക്കും.ശ്രീചിത്രയിൽ ചികിത്സയിലായിരുന്നപ്പോൾ പോയി കണ്ടപ്പോൾ, 'സുഖമായി ഉടനെ തന്നെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങും അണ്ണാ ' എന്ന് പറഞ്ഞിരുന്നു.

ശാസ്താംകോട്ടയിൽ സുധീറിന്റെ വീട്ടിൽ പോയി ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ അവനെ കണ്ട് ദീർഘനേരം സംസാരിച്ചു. പിന്നീട് സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലായി. അതിനുശേഷമാണ് സുധീർ വീണ്ടും ആശുപത്രിയിലായി എന്നറിയുന്നത്. അവിടെ എത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചപ്പോൾ നല്ല പ്രതീക്ഷയായിരുന്നു. ഊർജസ്വലനായി കോൺഗ്രസിന്റെ സംഘടനാ നേതൃത്വത്തിലേക്ക് സുധീർ കടന്നു വരുമെന്ന് നല്ല പ്രതീക്ഷയായിരുന്നു.

രണ്ടു ദിവസം മുമ്പും ഞാനും ബെന്നി ചേട്ടനും അവനെ കാണാൻ തിരുവനന്തപുരത്ത് ചെന്നിരുന്നു. നേരിട്ട് കാണാൻ കഴിഞ്ഞില്ല. ഭാര്യയെയും ഉമ്മയെയും സഹോദരനെയും സഹോദരിയെയുമെല്ലാം കണ്ടു; എല്ലാവരെയും ആശ്വസിപ്പിച്ച്, വലിയ പ്രതീക്ഷ നൽകി. സുധീർ വീണ്ടും നമ്മളോടൊപ്പം സജീവമായി ഉണ്ടാവും. പ്രാർത്ഥിക്കാമെന്ന് പറഞ്ഞു. പക്ഷെ ഇപ്പോൾ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. പ്രിയപ്പെട്ടവന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർപൂക്കൾ ...