- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർ, വിവാഹത്തിന് 500 പേരെ അനുവദിക്കണം; സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലുപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വേദി; ജൂൺ 15 നാണ് കല്യാണം; തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ജില്ലാനേതാവിന്റെ അപേക്ഷ ക്ഷണക്കത്ത് സഹിതം; പുലിവാല് പിടിച്ചത് ചിറയിൻകീഴ് പൊലീസും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ചടങ്ങിൽ പരമാവധി ആളെണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഏതായാലും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഏകദേശം 240 പേരോളം മാത്രമേ ചടങ്ങിൽ പങ്കെടുക്കുന്നുള്ളു. ഈ പശ്ചാത്തലത്തിൽ, യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിന്റെ വിവാഹ സൽക്കാരത്തിന് 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി തേടി അപേക്ഷ നൽകിയത് കൗതുകമായി. തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് ആണ് തന്റെ വിവാഹത്തിന് 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനായി ചിറയിൻ കീഴ് എസ്ഐയോട് അനുമതി തേടിയത്.
എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിക്കുമെന്നും സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ പറ്റിയ വലിയ പന്തൽ ആണെന്നും അപേക്ഷയിൽ പറയുന്നു. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലുപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. ജൂൺ 15 ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമുള്ള അവകാശങ്ങൾ ജനപ്രതിനിധിയായ തനിക്കുമുണ്ടെന്നും സജിത്ത് പറയുന്നു. സജിത്തിന്റെ അവശ്യത്തിൽ എന്തു തീരുമാനമെടുക്കുമെന്ന ആശങ്കയിലാണ് പൊലീസ്. ഉന്നത പൊലീസ് അധികൃതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് എസ്ഐ അറിയിച്ചു.
സജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് 500 പേരെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ പ്രതിഷേധിച്ചു ചിറയിൻകീഴ് പൊലീസിന് പരാതി നൽകി. അടുത്ത മാസം നടത്താൻ തീരുമാനിച്ച എന്റെ വിവാഹവും സെൻട്രൽ സ്റ്റേഡിയത്തെക്കാൾ വലിപ്പം ഉള്ള ശാർക്കര മൈതാനിയിൽ, അവിടെ ഇടുന്ന അതെ വലുപ്പത്തിൽ പന്തലിട്ട്, അവിടെ പാലിക്കുന്ന അതെ മാനദണ്ഡങ്ങൾ പാലിച്ചു 500പേരെ പങ്കെടുപ്പിച്ചു നടത്താനുള്ള അനുമതിക്കുള്ള അപേക്ഷയും, വിവാഹ ക്ഷണക്കത്തും ചിറയിൻകീഴ് സബ് ഇൻസ്പെക്ടർക്ക് പ്രതിഷേധർഹമായി കൈമാറി.
സാധാരണക്കാർ വിവാഹവും, മരണവും പോലുള്ള ചടങ്ങുകൾ 20 പേരെ വെച്ച് നടത്തുമ്പോൾ സത്യപ്രതിജ്ഞയുടെ പേരിൽ നടത്തുന്ന നഗ്‌നമായ ലോക്ക് ഡൗൺ ലംഘനത്തിനെതിരെയുള്ള പ്രതിഷേധം ആണ് ഇവിടെ സൂചിപ്പിക്കുന്നത് മറിച്ചു ആളെകൂട്ടി ചടങ്ങ് നടത്തുവാനുള്ള അനുമതിക്കു വേണ്ടി അല്ല.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ്.എസ്. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് പ്രേം സിത്താർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന പരമാവധി ആളുകളുടെ എണ്ണം കുറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എല്ലാ എംഎൽഎമാരും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോയെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. പ്രതിപക്ഷം ഇതിനകം തന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്. മറിച്ച് വീട്ടിൽ ഇരുന്ന് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.
പിന്നാലെ 350 പേർ മാത്രമെ ചടങ്ങിൽ ഉണ്ടാവുകയുള്ളൂവെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ചടങ്ങിൽ 500 പേരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ വിവരം അറിയിച്ചത്. തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ പറഞ്ഞിരുന്നു.
അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങു നടത്തുന്നതിൽ കോടതി എതിർത്തില്ല.
മറുനാടന് മലയാളി ബ്യൂറോ