തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതും, അവരെ എൽഡിഎഫ് കൺവീനർ
ഇ പി ജയരാജൻ തള്ളി മാറ്റിയതും വിവാദമായിരിക്കുകയാണ്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവർ മുദ്രാവാക്യം വിളിച്ചു. കണ്ണൂരിൽ നിന്നാണ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. സംഭവത്തിന്റെ സുരക്ഷാവശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിമാനത്തിൽ, കൃത്യമായ ദേശീയ -അന്താരാഷ്ട്ര നിയമങ്ങൾ നിലവിലുണ്ട്. അത് കൃത്യമായി 
പാലിക്കേണ്ടതുണ്ട്. വിമാനം പറന്നുയർന്നാൽ അതീവ സുരക്ഷാ മേഖലയായി ആണ് കണക്കാക്കുന്നത്. വിമാനത്തിന് അകത്ത് തടസ്സമുണ്ടാക്കുന്ന പ്രവർത്തനവും, അക്രമവും ഒരുവർഷം വരെ ശിക്ഷാർഹമായ കുറ്റമാണ്. അങ്ങനെ നോക്കുമ്പോൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും, ജയരാജൻ അവരെ തള്ളിയിട്ടതും, ശിക്ഷാർഹമായ കുറ്റങ്ങളാണ്.

ഏവിയേഷൻ രംഗത്തെ വിദഗ്ധനായ ജക്കബ് കെ ഫിലിപ്പ് എഴുതിയ കുറിപ്പ് വായിക്കാം:

കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ വിമാന, വിമാനയാത്രാ സുരക്ഷാ വശം-ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) ഇങ്ങിനെ പറയുന്നു. വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ- ശാരീരികമായും വാക്കുകൾ കൊണ്ടും.

ചെയ്താൽ ശിക്ഷ ഇതാണ്. ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ.നിയമം 1937 ലെയാണ് എന്ന് ആക്ഷേപിക്കേണ്ട. 2018 ൽ പരിഷ്‌ക്കരിച്ചതാണ്. അതിനു മുമ്പ്, സർക്കാർ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ് റിക്വയർമെന്റ് എന്ന പേരിൽ ഇറിക്കിയിട്ടുണ്ട്- 2017 സെപ്റ്റംബറിൽ.

അതനുസരിച്ച്, മേൽപ്പറഞ്ഞ മട്ടിൽ, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം.

കൂടാതെ,

മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം.
ഈ ഉപദ്രവത്തിൽ, പിടിച്ചു തള്ളുന്നതും (പുഷ്) ഉൾപ്പെടും.

കെപിസിസി പബ്ലിക് പോളിസി അദ്ധ്യക്ഷനായ ജെ.എസ്അടൂരും വിമാനത്തിനുള്ളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് കുറിപ്പെഴുതി. വിമാനത്തിൽവ വച്ച് പ്രതിഷേധിച്ചവരും കായികമായി നേരിട്ടവരും കുറ്റക്കാരാണ് എന്നാണ് ജെ എസ് അടൂരിന്റെ പക്ഷം. ജെ.എസ്. അടൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ജോൺ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്നു ദശകത്തെ നേതൃപരിചയുമുണ്ട്.

ജെ.എസ്.അടൂരിന്റെ കുറിപ്പ് വായിക്കാം:

വിമാനത്തിനുള്ളിലെ മര്യാദകൾ

വിമാനത്തിലാണ് ജീവിതത്തിലെ നല്ലൊരു ഭാഗം ചിലവഴിച്ചത്. അതു കൊണ്ട് തന്നെ നിയമങ്ങൾ അറിയാം.വിമാനത്തിൽ മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുയൊ യാത്രക്കാരെ കയ്യേറ്റം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് കടുത്ത നിയമ ലംഘനം മാത്രം അല്ല മറ്റു യാത്രകാരോടുള്ള അവഹേളനവുമാണ്.

അതു മാത്രം അല്ല. വിമാനമുയർന്നു കഴിഞ്ഞാൽ രണ്ടോ മൂന്നോ പേർ എഴുനേറ്റ് ശബ്ദങ്ങൾ ഉണ്ടാക്കിയാണ് പല വിമാനം റാഞ്ചലുകളും നടന്നത്. അതു കൊണ്ടു തന്നെ വിമാനത്തിനുള്ളിൽ ഹൈ സെക്യൂരിറ്റി സോൺ ആണ്. വിമാനത്തിൽ കയറിയാൽ എല്ലാ യാത്രക്കാരുടെയും സേഫ്റ്റിയും സെക്യൂരിറ്റിയും പരമ പ്രധാനമാണ്. വിമാനമുയർന്നാൽ എല്ലാ യാത്രക്കാർക്കും തുല്യ സെക്യുരിറ്റി പരിഗണനയാണ്.

അതു കൊണ്ടു എന്ത് disruptive behavior ഉം മറ്റു യാത്രക്കാരുടെ സുരഷയെ ബാധിക്കും.ഒരിക്കൽ ലണ്ടനിൽ നിന്ന് ബോംബെക്കുള്ള ഫ്ളൈറ്റിൽ ഒരു മലയാളി മദ്യപിച്ചു ലക്ക് കേട്ട് അയാളുടെ ഭാര്യയെ കേള്ക്കാൻ അറക്കുന്ന പച്ച തെറികൾ ഉറച്ചു പറയുന്നു. ഞാൻ രണ്ട് സീറ്റ് പുറകിൽ ആയിരുന്നു. എന്റെ അടുത്തു രണ്ട് ബ്രിട്ടീഷ് യാത്രക്കാർ. അവരെല്ലാം അസ്വസ്ഥരായി. ഞാൻ പോയി അയാളോട് പറഞ്ഞു സുഹൃത്തേ പതിയെ സംസാരിക്കൂ, ചീത്ത പറയാതെ ഇരിക്കൂ. അതു കേട്ട് എന്റെ നേരയായി അസഭ്യവർഷം.

ഞാൻ പോയി ചിഫ് എയർഹോസ്റ്റസിനു പരാതി കൊടുത്തു. അവർ എന്തിനാണ് അയാൾക്ക് അത്രയും മദ്യം കൊടുത്തതെന്നു ചോദിച്ചു. എന്റെ സീറ്റ് മാറ്റി തന്നു.ബോംബെയിൽ ഇറങ്ങിയപ്പോൾ എയർബ്രിഡ്ജിൽ തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ്‌കാർ വന്നു. അപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടിയം എന്റെ അടുത്തു വന്നു രക്ഷിക്കണം സർ എന്ന് നിലവിളി. അവരുടെ കൊച്ചി ഫ്‌ളൈറ്റ് മിസ്സാകും. അവസാനം കേസ് ചാർജ് ചെയ്യുന്നതിന് മുമ്പ് ഇടപെട്ടു പരാതി ഇല്ലന്ന് എഴുതി കൊടുത്തു വളരെ ശ്രമിച്ചാണ് അയാളെ എയർപോർട്ട് ഡിറ്റെൻഷൻ സെല്ലിൽ നിന്ന് ഇറക്കിയത്. വെള്ളത്തിന്റെ കെട്ടുപോയ ആയാൾ വന്നു ആളറിഞ്ഞില്ല എന്ന് പറഞ്ഞു ഒരു പാട് ക്ഷമ ചോദിച്ചു. ഇനിയും ഇത്‌പോലെ ഒരിക്കലും ഫ്ളൈറ്റിൽ പ്രശ്‌നം ഉണ്ടാക്കരുത് എന്ന് ഉപദേശിച്ചു വിട്ടു.സിങ്കപ്പൂരിൽ കുടിച്ചു ലക്ക് കെട്ട വിമാനത്തിൽ കയറിയ മലയാളിയെ ഫ്‌ളൈറ്റ് ടേക് ഓഫ് ചെയ്യുന്നതിന് മുമ്പേ പൊലീസ് വന്നു പൊക്കി.

സ്ഥിരം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ വിമാനത്തിൽ മുദ്രാവാക്യംവിളിക്കുന്നതിനോട് അവരെ കയ്യേറ്റം ചെയ്യുന്നതിനോടോ യോജിക്കാൻ സാധിക്കില്ല. വിമാനത്തിനകത്തുള്ള Disruptive behavior, violence ഉം ഒരു കൊല്ലം വരെ ശിക്ഷർഹമായ കുറ്റമാണ്. അതു പോലെ ഒരാൾ രണ്ട് വരി മുദ്രാവാക്യം വിളിച്ചു എന്നതുകൊണ്ടു മുഖ്യമന്ത്രിയെ അപായപെടുത്താനാണ് എന്ന കാലാൾപ്പട ക്യാപ്സൂലിനോടും യോജിക്കുന്നില്ല.

എന്തായാലും ഇന്ത്യയിലും വിദേശത്തുമുള്ള എവിയേഷൻ നിയമങ്ങളെകുറിച്ചു അറിയുന്നത് നല്ലതാണ്
ജെ എസ്