ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേർക്കു കയ്യേറ്റ ശ്രമം. സി.പി.എം ആസ്ഥാനമായ എകെജി ഭവനിൽവച്ചായിരുന്നു സംഭവം. പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറിയ ഭാരതീയ ഹിന്ദു സേനാ പ്രവർത്തകരാണ് കയ്യേറ്റശ്രമം നടത്തിയത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പൊലീസ് ഉടൻ തന്നെ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. ഉപേന്ദർകുമാർ, പവൻ കുമാർ എന്നിവരാണു പിടിയിലായത്.

എകെജി ഭവനു നേർക്ക് ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നല്കിയിരുന്നു. ഇതനുസരിച്ച് ഡൽഹി പൊലീസും സിആർപിഎഫും എകെജി ഭവനു കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതു വെട്ടിച്ചാണ് അക്രമികൾ അകത്തു പ്രവേശിച്ചത്.

യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പിബി ചർച്ചയ്ക്കുശേഷം വാർത്താ സമ്മേളനത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. പൊളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞ് രണ്ടാം നിലയിൽനിന്ന് ഒന്നാം നിലയിലെ മീഡിയ റൂമിലേക്ക് യെച്ചൂരി ചിരിച്ചുകൊണ്ടു നടന്നു പോകുകയായിരുന്നു.

ഓഫീലേക്ക് ഇരച്ചു കയറിയ രണ്ടു പേർ യെച്ചൂരിക്കു പിന്നിലെത്തി. സി.പി.എം മൂർദ്ദാബാദ് എന്ന മുദ്രാവാക്യം ഇവർ മുഴക്കി. പകച്ചുപോയ യെച്ചൂരി തിരിഞ്ഞുനിന്ന് നിങ്ങൾ എന്താണു പറയുന്നതെന്നു ചോദിച്ചു. യെച്ചൂരിയെ വലിച്ചു താഴെയിടാനും ശ്രമം നടന്നതായാണു വിവരം.

യെച്ചൂരിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും മറ്റു സി.പി.എം പ്രവർത്തകരും ചേർന്ന് അക്രമികളെ പിടികൂടി. ഹിന്ദു സേനാ പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദിക്കുകയും ചെയ്തു. തുടർന്നു പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഹിന്ദുസേനാപ്രവർത്തകാണ് തങ്ങളെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധമെന്നും ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

സി.പി.എം ആസ്ഥാനത്തിനു നേർക്ക് ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നല്കിയിരുന്നു. ഇതു പ്രകാരം ഡൽഹി പൊലീസും സിആർപിഎഫും ബാരിക്കേഡുകളടക്കം നിരത്തി കനത്ത സുരക്ഷ ഒരുക്കിയിരുന്നു. നാലു മണിക്ക് വാർത്താസമ്മേളനം നടക്കുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശനത്തിനുള്ള നിയന്ത്രണത്തിൽ അയവു വരുത്തിയിരുന്നു. ഇത് മുതലെടുത്താണ് അക്രമികൾ ഓഫീസിനുള്ളിൽ കയറിയത്. മാധ്യമപ്രവർത്തകർക്കൊപ്പമാണ് അക്രമികൾ എകെജി ഭവനിൽ കയറിയത്. 

സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഗുണ്ടായിസത്തിലൂടെ തങ്ങളെ നിശബ്ദരാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ല. ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും തങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യെച്ചൂരിക്കെതിരായ കയ്യേറ്റത്തെ അപലപിച്ചു. ആക്രമണം കാടത്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചു.

ഹിന്ദുസേന എന്ന സംഘടന സംഘപരിവാറിൽ പെട്ടതല്ലെന്ന് കേരളത്തിലെ മുതിർന്ന ബിജെപി നേതാവ് എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചു.