ന്യൂഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന കാര്യം ഉറപ്പായി. പാർട്ടി കേന്ദ്രകമ്മിറ്റി യെച്ചൂരി മത്സരിക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. കേരള ഘടകത്തിന്റെ നിലപാടാണ് യെച്ചൂരിക്ക് രാജ്യസഭയിൽ വീണ്ടും എത്താനുള്ള സാധ്യതകൾ അടച്ചു കളഞ്ഞച്. കോൺഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.

കേന്ദ്രകമ്മിറ്റിയിൽ പങ്കെടുത്ത ഇരുപത്തിയെട്ടോളം അംഗങ്ങൾ യെച്ചൂരി മത്സരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പത്ത് പേർ ബംഗാളിൽ നിന്നുള്ള അംഗങ്ങളാണ്. ബാക്കിയുള്ള അംഗങ്ങൾ യെച്ചൂരി മത്സരിക്കുന്നതിനെ ശക്തമായി എതിർക്കുകയായിരുന്നു.

രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി മത്സരിക്കണമെന്ന ആവശ്യം ബംഗാളിൽ നിന്നുള്ള നേതാക്കാളാണ് കേന്ദ്രകമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ചത്. വിഷയം ഇന്നത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തണമെന്ന ആവശ്യവും ബംഗാളിൽ നിന്നുള്ള നേതാക്കൾ ഉന്നയിച്ചു. കോൺഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ടതില്ല എന്ന പൊളിറ്റ് ബ്യൂറോയുടെ തീരുമാനം ഇന്നലെ തന്നെ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ വിഷയം യോഗത്തിൽ ചർച്ചയ്ക്കെടുത്തു. രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി എന്തുകൊണ്ട് മത്സരിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ബംഗാളിൽ നിന്നുള്ള നേതാക്കൾ വിശദീകരിച്ചു.

കോൺഗ്രസിന്റെ പിന്തുണയോടെയല്ലാതെ സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെയെങ്കിൽ രാജ്യസഭയിലേക്കുള്ള ഒരു സീറ്റ് നഷ്ടമാകുമെന്നും ബംഗാളിൽ നിന്നുള്ള നേതാക്കൾ വിശദീകരിച്ചു. തുടർന്ന് യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ തങ്ങളുടെ ഭാഗങ്ങൾ വിശദീകരിച്ചു. യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന കാര്യം തന്നെയായിരുന്നു ഭൂരിപക്ഷം അംഗങ്ങളും ഉന്നയിച്ചു. പ്രകാശ് കാരാട്ട് പക്ഷമായിരുന്നു പ്രധാനമായും യെച്ചൂരിയെ എതിർത്തത്.

കാരാട്ട് പക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് യച്ചൂരി മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്രകമ്മിറ്റിയെത്തിയത്. എന്നാൽ വി എസ്.അച്യുതാന്ദനടക്കമുള്ള നേതാക്കൾ യച്ചൂരി മൽസരിക്കണമെന്ന നിലപാടിലാണ്. രാജ്യസഭയിലേക്ക് ഇനി മൽസരിക്കാനില്ലെന്ന് സീതാറാം യച്ചൂരിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളിൽ മൽസരം നടക്കുന്ന ആറിൽ അഞ്ചുസീറ്റും ജയിക്കാൻ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റിൽ സീതാറാം യച്ചൂരിയാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കോൺഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ പ്രകാശ് കാരാട്ട് പക്ഷം എതിർക്കുന്നു. കേരളഘടകത്തിന്റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാൾ പരമാവധി രണ്ടുതവണ അംഗമായാൽ മതിയെന്ന പാർട്ടി കീഴ്‌വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നായിരുന്നു പിബിയിൽ ഭൂരിപക്ഷ നിലപാട്.