ന്യൂഡൽഹി: പാർട്ടി കേന്ദ്രകമ്മിറ്റിയിൽ രാഷ്ട്രീയ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നതായി സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥിരീകരണം. യെച്ചൂരിയുടെ നിലപാടിനെതിരെ കാരാട്ട് പക്ഷം കൊണ്ടുവന്ന രാഷ്ട്രീയ പ്രമേയത്തിനാണ് സിസിയിൽ മുൻതൂക്കം കിട്ടിയത്. ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ യെച്ചൂരി പക്ഷം കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമാകാമെന്ന നിലപാടാണ് അവതരിപ്പിച്ചതെങ്കിലും ഇതിനെ വോട്ടിനിട്ട് തള്ളുകയായിരുന്നു കാരാട്ട് പക്ഷം. ഇതിന് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയും കാരാട്ട് പക്ഷത്തിന് ലഭിച്ചിരുന്നു. ഇതിന് കേരള ഘടകത്തെ പരോക്ഷമായി വിമർശിച്ചും പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നു എന്ന് സ്ഥിരീകരിച്ചുമാണ് യെച്ചൂരി പിന്നീട് പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.

വോട്ടെടുപ്പിൽ ആര് ജയിച്ചു ആര് തോറ്റു എന്നത് പ്രസക്തമല്ലെന്നും നിർണായക കേന്ദ്രകമ്മിറ്റിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞു. എല്ലാ പാർട്ടി അംഗങ്ങൾക്കും കരടിൽ ഭേദഗതികൾ നിർദേശിക്കാം. അന്തിമതീരുമാനം പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്നും യച്ചൂരി ചൂണ്ടിക്കാട്ടി. ബിജെപിയാണ് മുഖ്യശത്രുവെന്ന് ആവർത്തിച്ച യെച്ചൂരി കോൺഗ്രസ്സുമായി സഖ്യമാകാമെന്ന നിലപാട് അവതരിപ്പിച്ചതിനെ ന്യായീകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടതും. ബിജെപിക്കെതിരെ പരമാവധി മതേതരവോട്ടുകൾ സമാഹരിക്കലാണ് പാർട്ടി ലക്ഷ്യം- യച്ചൂരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേരളഘടകത്തെ യച്ചൂരി പരോക്ഷമായി വിമർശിച്ചു. സാക്ഷരതയിൽ ത്രിപുര കേരളത്തെ കടത്തിവെട്ടിയെന്ന് പറഞ്ഞ യച്ചൂരി, ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം ത്രിപുരയിലേതാണെന്ന നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായി.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ രേഖയാണ് കൊൽക്കത്തയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയത്. വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രമാണ്. ഇതോടെ പാർട്ടി പിളർന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സിസിയിൽ ചർച്ച നടന്നതെന്ന വിലയിരുത്തലുകളും പുറത്തുവന്നു. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്.

വോട്ടെടുപ്പിൽനിന്ന് യെച്ചൂരി അനുകൂലിയെന്ന് ഉറപ്പിക്കാവുന്ന തോമസ് ഐസക് വിട്ടുനിന്നതും ചർച്ചയായി. ബജറ്റ് തയ്യാറെടുപ്പുകൾക്കായി അദ്ദേഹം രാവിലെ കേരളത്തിലേക്ക് മടങ്ങിയെന്നാണ് വിശദീകരണം. കോൺഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാൻ ധാരണയ്ക്കുള്ള സാധ്യതകൾ തുറന്നിടണം എന്നതായിരുന്നു യച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നതോടെ സിപിഎമ്മിലെ ഭിന്നത അതിരൂക്ഷമായെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

വോട്ടെടുപ്പിൽ സീതാറാം യച്ചൂരി പരാജയപ്പെട്ടതോടെ മറ്റൊരു പ്രതിസന്ധി കൂടി പാർട്ടിയെ തുറിച്ചുനോക്കുന്നു. പാർട്ടിയിലെ ഭൂരിപക്ഷം അംഗീകരിച്ച നിലപാടിന് എതിരെ ജനറൽ സെക്രട്ടറി നിന്നുവെന്ന പ്രശ്‌നം. ഇതോടെ യെച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ കഴിയുമോയെന്ന ധാർമിക പ്രശ്‌നവും ഒരുവിഭാഗം ഉയർത്തുന്നുണ്ട്.

1975ലാണ് ഇതിനുമുൻപ് സമാനമായ ചരിത്രം പിറന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനതാ പാർട്ടിക്കൊപ്പം ചേരുന്നതിനെ സുന്ദരയ്യ അന്ന് എതിർത്തു. പക്ഷെ സിസി അദ്ദേഹത്തെ തള്ളി. ഇതോടെ പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തന്റെ നിലപാട് തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് അദ്ദേഹത്തിന്റെ ക്യാംപ് നൽകുന്ന വിവരം.

വിഷയം കാരാട്ട് പക്ഷം പാർട്ടി കോൺഗ്രസിൽ ഉൾപ്പെടെ ആയുധമാക്കും എന്നുറപ്പ്. രണ്ട് സിസിയും ഒരു പിബിയും യച്ചൂരിയെ നേരത്തെ തള്ളിയിരുന്നു. സമവായമുണ്ടാക്കാനുള്ള ശ്രമം അവൈലബിൾ പി ബി നടത്തിയെങ്കിലും പരാജയപ്പെട്ടു. കൊൽക്കത്തയിൽ 90 കേന്ദ്രകമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.