ബെംഗളുരു: ഒടുവിൽ യെദിയൂരപ്പയും ദളിത് ഭക്ഷണം കഴിച്ചു.ദളിത് കുടുംബത്തെ സന്ദർശിച്ച ശേഷം അവർ നൽകിയ ഭക്ഷണം കഴിക്കാതെ വിവാദം സൃഷ്ടിച്ച ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയാണ് ദളിത് കുടുംബത്തിൽ പോയി അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച് തന്റെ പേരുദോഷം മാറ്റിയത്. തിങ്കളാഴ്ചയാണ് ഭക്ഷണം കഴിക്കുന്ന ചിത്രം യെദിയൂരപ്പ ട്വിറ്ററിലൂടെ പങ്കു വച്ചത്.

നേരത്തെ തുംകൂർ ജില്ലയിലെ ചിത്രദുർഗയിൽ വച്ച് ദളിത് കുടുംബം നൽകിയ ഭക്ഷണം കഴിക്കാതെ സമീപത്തുള്ള ഹോട്ടലിൽനിന്ന് ഇഡ്ഡലി വരുത്തിച്ചു കഴിച്ചത് വിവാദമായിരുന്നു. ഇതേത്തുടർന്നു ജാതിയുടെ പേരിൽ യെദിയൂരപ്പ അധിക്ഷേപിച്ചതായി കാട്ടി ഡി. വെങ്കടേഷ് എന്നയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.യെദിയൂരപ്പയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്സും രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. സംഭവം വിവാദമായതോടെ ഭക്ഷണം തീർന്നതുകൊണ്ടാണു ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചതെന്ന് പറഞ്ഞ് രംഗം തണുപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും താഴ്ന്ന സമുദായക്കാർക്കിടയിൽ ഇത് കടുത്ത അസംതൃപ്തിയുണ്ടാക്കിയിരുന്നു.ഈ പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശ്രമമായിട്ടാണ് യെദിയൂരപ്പയുടെ പുതിയ നീക്കങ്ങളെ കാണുന്നത്.