ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നാല് ദിവസം നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ നാടകീയമായ പരിസമാപ്തി. ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മൂന്ന് ദിവസം പോലും തികയ്ക്കാതെ നിയമസഭയിലെ ആദ്യ സമ്മേളനത്തിൽ തന്നെ രാജി പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ കർശനമായ നിർദ്ദേശത്തെ തുടർന്ന് കുതിരക്കച്ചവടത്തിന് സമയം കൂട്ടാതെ ഇന്നു തന്നെ വിശ്വാസ വോട്ടിനെ നേരിടേണ്ടി വന്നതോടെ തോല്വി ഉറപ്പാണ് എന്നു വ്യക്തമായതുകൊണ്്ണ് വിശ്വാസ വോട്ടിന് തൊട്ടു മുമ്പ് നാടകീയമായി യ്യെൂരപ്പ രാജി പ്രഖ്യാപിച്ചത്. അര മണിക്കൂറോളം വികാരനിർഭരമായ പ്രസംഗം നടത്തിയ ശേഷമാണ് നാല് മണി കഴിഞ്ഞപ്പോൾ നിയമസഭയിൽ രാജി പ്രഖ്യാപനം നടത്തിയത്.

വികാര നിർഭരമായ പ്രസംഗത്തിനൊടുവിൽ യെദ്യൂരപ്പ രാജ്ഭവനിലേക്ക് പോയി രാജി സമർപ്പിക്കുകയായിരുന്നു. എംഎൽഎമാരെ ചാക്കിട്ടു പിടിച്ചാലും കാര്യങ്ങൾ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് യെദ്യൂരപ്പ രാജിവെച്ചത്. കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതോടെ വിശ്വാസ വോട്ടെടുപ്പിന് നിൽക്കും മുമ്പ് അദ്ദേഹം രാജിവെക്കുകയായിരുന്നു. വിധാൻ സഭയിൽ വികാര നിർഭരമായ പ്രസംഗത്തിന് ഒടുവിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തെരഞ്ഞെുപ്പിൽ ബിജെപിക്ക് അനുകൂലമായാണ് ജനവിധിയെന്ന് യെദ്യൂരപ്പ പറഞ്ഞു. വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ജനതാദൾ എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നും സഭാ പ്രസംഗത്തിൽ യെദ്യൂരപ്പ പറഞ്ഞു.

കോൺഗ്രസിനെയും ജെ ഡി എസിനെയും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് യെദ്യൂരപ്പ. കർഷകരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ പരാജയപ്പെട്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. കർഷകർക്ക് വേണ്ടി താൻ സ്വയം ത്യജിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. കോൺഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവർ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോൾ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങൾക്കായി പ്രവർത്തിക്കും. കുടിവെള്ളം പോലും നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കർഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ ഒന്നിലധികം തവണ സിദ്ധരാമയ്യ തടസ്സപ്പെടുത്താൻ ശ്രമിച്ചു. പ്രസംഗം നീട്ടിക്കൊണ്ടുപോകാതെ വോട്ടെടുപ്പിലേക്ക് കടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് അവഗണിച്ച് യെദ്യൂരപ്പ പ്രസംഗം തുടർന്നു. അര മണിക്കൂറോളം തുടർന്ന പ്രസംഗത്തിനൊടുവിൽ വോട്ടെടുപ്പിലേക്ക് കടക്കാതെ അദ്ദേഹം രാജി പ്രഖ്യാപനവും നടത്തി. തൊട്ട് പിന്നാലെ യെദ്യൂരപ്പ സഭയ്ക്ക് പുറത്തേക്ക് പോയി. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ വിജയചിഹ്നം ഉയർത്തി സന്തോഷം പങ്കുവെച്ചു. ഡി.കെ. ശിവകുമാർ കുമാരസ്വാമിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തിന്റെ കൈ പിടിച്ചുയർത്തി.സിദ്ധരാമയ്യക്ക് അംഗങ്ങൾ ഹസ്തദാനം നടത്തി.

മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോൺഗ്രസ് പതിനെട്ടടവും പയറ്റി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുൻപുതന്നെ യെദ്യൂരപ്പ രാജിക്കു വഴങ്ങിയത്. അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിച്ച ശേഷമാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയുകയും ചെയ്തു.

ഇന്നു വൈകുന്നേരം നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പിലൂടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നലെയും ഇന്നുമായി കോൺഗ്രസ്-ജെഡിഎസ് പാളയത്തിൽനിന്ന് എംഎൽഎമാരെ ഒപ്പം നിറുത്താൻ കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് ബിജെപി നടത്തിവന്നത്. തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്തി ആ ശ്രമങ്ങളെ കോൺഗ്രസ് മറികടക്കുകയായിരുന്നു. കൃത്യമാ നീക്കങ്ങളോടു നീങ്ങിയ കോൺഗ്രസിന് ഇത് ബിജെപിക്ക് മേൽ നേടിയ വലിയ വിജയമാണ്. വിശ്വാസവോട്ടിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാൻ ബിജെപി നേതൃത്വം നിർബന്ധതമായത്. വിശ്വാസവോട്ടെടുപ്പ് നടന്നാൽ സ്വന്തം ക്യാമ്പിലെ ചില എംഎൽഎമാർ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ടായിരുന്നു.

കുമാരസ്വാമി ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു

വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി ബി.എസ്.യെദ്യൂരപ്പ രാജിവെച്ചതോടെ അടുത്ത ഊഴം കുമാരസ്വാമിയുടേത്. ഇതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട എംഎൽഎമാരുടെ പിന്തുണയുള്ള ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് കർണാടകയിൽ സർക്കാരുണ്ടാക്കാൻ വഴിതുറന്നു.ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയാവും അടുത്ത കർണാടക മുഖ്യമന്ത്രി. കുമാരസ്വാമി ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ചു. തിങ്കളാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ്

കോൺഗ്രസ്സും ജെഡിഎസ്സും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന് കോണ്ൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യെദ്യൂരപ്പ രാജിവെച്ച ശേഷമുള്ള കോൺഗ്രസ്സിന്റെ ആദ്യ പ്രതികരണമാണിത്. ജനാധിപത്യത്തിന്റെ വിജയം, ഭരണഘടനയുടെ വിജയം, നീതിവ്യവസ്ഥയുടെ വിജയം എന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. കേന്ദ്രസർക്കാരിന്റെയും കേന്ദ്രസർക്കാർ ഏജൻസികളുടെയും എല്ലാ പ്രലോഭനങ്ങലെയും അതിജീവിച്ച് പാർട്ടിക്കൊപ്പം നിന്ന എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

'എംഎഎൽഎ മാരെ തട്ടിക്കൊണ്ടു പോവുകയും ബിജെപി അവരെ തടങ്കലിൽ വെക്കുകയും ചെയ്തു. എന്നിട്ടും ഇതിനെ അതിജീവിച്ച് അവരെല്ലാം സഭയിൽ ഹാജരായി. ഒരാൾ പോലും കൂറുമാറിയില്ല. സ്വതന്ത്രൻ പോലും. ബിജെപി വാഗ്ദാനം ചെയ്ത കോടികൾ നിഷേധിച്ചാണ് അവരെത്തിയത്', അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയെ ഈസന്ദർഭത്തിൽ അഭിനന്ദിക്കുന്നുവെന്നും 15 ദിവസമെന്നത് രണ്ടര ദിവസമാക്കി ചുരുക്കിയ സുപ്രീം കോടതിയെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് വിശ്വാസ വോട്ടടെുപ്പ് നേരിടാനുള്ള അംഗങ്ങളുടെ പിന്തുണയില്ലെന്ന് ഗവർണ്ണർക്ക് നന്നായറിയാം അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം സമയം വിശ്വാസവോട്ടെടുപ്പിന് നൽകിയതെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. എല്ലാ പ്രലോഭനങ്ങളെയും തങ്ങളുടെ എംഎൽഎമാർ നിരാകരിച്ചു. പണമായും പദവിയായും കേന്ദ്രസർക്കാരും ബിജെപി നേതാക്കളും എംഎൽഎമാർക്ക് വാഗ്ദാനം നൽകിയിരുന്നു. അതിനാൽ ഈ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്, ഭരണഘടനയുടെ വിജയമാണ് ,നീതിവ്യവസ്ഥയുടെ വിജയം കൂടിയാണ്. ഗുലാം നബി ആസാദ് പറഞ്ഞു.

ആഹ്ലാദ തിമിർപ്പിൽ കോൺഗ്രസ് പ്രവർത്തകർ

മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജിവച്ചതിന് പിന്നാലെ വിധാൻസൗധയിലും ബംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്തും ആഹ്ലാദപ്രകടനം. രാജിക്ക് പിന്നാലെ നിയമസഭാ നടപടികൾ അവസാനിച്ചതോടെയാണ് കോൺഗ്രസ്-ജെഡിഎസ് അംഗങ്ങൾ ആഹ്ലാദം പങ്കുവച്ചത്. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറിന്റെ കൈപിടിച്ച് ഉയർത്തിയതും വിധാൻസൗധയിൽ കൗതുക കാഴ്ചയായി.

ജനാധിപത്യത്തിന്റെ വിജയമാണ് കർണാടകയിൽ ഉണ്ടായതെന്ന് ഗുലാം നബി ആസാദും സിദ്ധരാമയ്യയും പ്രതികരിച്ചു. ഏത് വിധേനയും അധികാരം കൈയടക്കാനുള്ള ബിജെപിയുടെ ശ്രമമാണ് തകർന്ന് വീണതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്തും സന്തോഷം പങ്കിട്ടു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും നൃത്തം ചെയ്തുമായിരുന്നു വിജയാഘോഷം.

അഴിമതി തുടച്ചു നീക്കുമെന്ന് മോദി ഇനി വാചകമടിക്കരുത്: സിദ്ധരാമയ്യ

അഴിമതി തുടച്ചു നീക്കുമെന്ന് ഇനി രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. എംഎ‍ൽഎമാരെ കോഴകൊടുത്ത് ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്ന യെദിയൂരപ്പയെയും കർണാടക ബിജെപിയെയും രക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് സിദ്ധരാമയ്യ ട്വീറ്റിലൂടഡെ ചോദിച്ചു. കർണാടകയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സ്ഥിരതയ്യാർന്ന സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

കോൺഗ്രസ് എംഎ‍ൽഎയെ യെദിയൂരപ്പ എംഎ‍ൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തു വിട്ടിരുന്നു. ഹിരേകേരൂർ എംഎ‍ൽഎ ബി.സി പാട്ടീലും യെദിയൂരരപ്പയും തമ്മിലുള്ള സംഭാഷണത്തിന് ക്ലിപ്പാണ് കോൺഗ്രസ് പുറത്ത് വിട്ടിരുന്നത്. സംഭാഷണത്തിനിടെ പാട്ടീലിന് യെദിയൂരപ്പ മന്ത്രി പദവി വാഗ്ദാനം ചെയ്‌തെന്നാണ് കോൺഗ്രസിന്റെ ആരോപണം.

നരേന്ദ്ര മോദി രാജിവെക്കണമെന്ന് അഖിലേഷ്, ഗവർണർ രാജിവെക്കണമെന്ന് സിപിഎം

കർണാടകത്തിലേറ്റ നാണംകെട്ട തിരിച്ചടിയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നേരന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരും രാജിവച്ചൊഴിയണമെന്ന് സമാജ്വാദി പാർട്ടി നേതാവും യുപി മുന്മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ജനങ്ങളാണ് ജനാധിപത്യത്തിൽ വലുതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലേത് പ്രാദേശിക സഖ്യത്തിന്റെ വിജയമാണെന്നായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. ജനതാദൾ നേതാക്കളായ എച്ച്.ഡി.ദേവഗൗഡ, കുമാരസ്വാമി എന്നിവരെയും കോൺഗ്രസിനെയും അവർ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ ക്രമിനൽ അഴിമതി തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവർണർ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു.