ബെംഗളൂരു: അഴിമതി ആരോപണങ്ങൾ നിരവധി ഉണ്ടായിട്ടും ഒരിക്കൽ ബിജെപി വിട്ടു പോയ യെദ്യൂരപ്പയെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ താൽപ്പര്യം കൊണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് കർണാടക ജനതാ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചപ്പോൾ ബിജെപിക്ക് അധികാര നഷ്ടവും കോൺഗ്രസിന് നേട്ടവുമായി മാറി അത്. അതുകൊണ്ട് തന്നെ കർണാടകത്തിലെ ഏറ്റവും ജനകീയനായ നേതാവ് പരിവേഷം യെദ്യൂരപ്പക്ക് തന്നെയാണുള്ളത്.

ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയുമുള്ള യെദ്യൂരപ്പയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റുക എന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിനും എളുപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം മുന്നോട്ടു വെക്കുന്ന ഡിമാൻഡുകൾ എല്ലാം അനുവദിച്ചു കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം കൊണ്ടുവരാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാൻ ബിജെപി. ദേശീയനേതൃത്വത്തിന് മുന്നിൽ ഉപാധികൾ യെദ്യൂരപ്പ മുന്നിൽ വെച്ചിട്ടുണ്ട്. ഇത് ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചേക്കുമെന്ന സൂചനകളാണുള്ളത് താനും.

പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കൾക്ക് ഉചിതമായ സ്ഥാനം നൽകണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളിൽ ഒന്നെന്നാണ് വിവരം. വെള്ളിയാഴ്‌ച്ചയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ചർച്ചകൾ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ഡൽഹിക്ക് പോയത്. ഇന്നലെ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചർച്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ മുന്നോട്ടുവെച്ചത്.

കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടുമക്കൾക്കും ഉചിതമായ സ്ഥാനം പാർട്ടിയിലോ അല്ലെങ്കിൽ സർക്കാരിലോ നൽകുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കർണാടകയിലെ എംപിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കൾക്ക് ഉചിതമായ സ്ഥാനം നൽകണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

യെദ്യൂരപ്പയ്ക്ക് ഗവർണർസ്ഥാനം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഈ ജൂലൈ 24 ആകുമ്പോൾ സ്ഥാനത്തെത്തിയിട്ട് രണ്ടുവർഷം തികയും. അന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് മറ്റൊരാൾക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം താൻ രാജിവെക്കാൻ തയ്യാറല്ലെന്ന നിലപാടുമായാണ് യെദ്യൂരപ്പ ഇന്നലെ കർണാടകയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ യെദ്യൂരപ്പ സന്നദ്ധനായെന്ന വാർത്തയാണ് ഇപ്പോൾ ഡൽഹിയിൽനിന്ന് വരുന്നത്. എന്നാൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി വെച്ചുവെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. താൻ രാജി വെച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടായിട്ടില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ അപ്പർ ഭദ്ര പദ്ധതി ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്നും ബെംഗളൂരു പെരിഫറൽ റിങ് റോഡ് പദ്ധതിക്ക് 6,000 കോടി രൂപ ധനസഹായം നൽകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ മെകെഡാറ്റ് പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ചതും ചർച്ച ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 10 നിമിഷങ്ങൾ മാത്രമായിരുന്നു നീണ്ട് നിന്നിരുന്നത്.

ഇതുകൂടാതെ യെദ്യൂരപ്പയ്ക്ക് ഒപ്പം ഡൽഹിയിലെത്തിയ ഉദ്യോഗസ്ഥനും ഈ അഭ്യൂഹങ്ങൾ തള്ളിയിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ കൂടുതൽ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടുത്ത മാസം വീണ്ടും ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.