- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുന്നു'; രാജിക്കാര്യം വൈകിട്ട് അറിയിക്കാമെന്ന് യദ്യൂരപ്പ; 'നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിക്കാം'; പിന്തുണ അറിയിച്ച് ജെ പി നഡ്ഡ; ലിംഗായത്ത് സമുദായം നിലപാട് കടുപ്പിച്ചതോടെ കർണാടകയിൽ 'തല'മുറ മാറ്റത്തിന് സാധ്യത മങ്ങി
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെ ബി.എസ്. യെദ്യൂരപ്പയെ പിന്തുണച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. മുഖ്യമന്ത്രി സ്ഥാനം യെദ്യൂരപ്പ ഒഴിയുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 'അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു' എന്നാണ് മറുപടി നൽകിയത്.
പനാജിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ഇത് സംബന്ധിച്ച ചോദ്യം ഉയർന്നത്. 'നിങ്ങൾ അങ്ങനെ ചിന്തിക്കുന്നു, പക്ഷേ ഞങ്ങൾ അങ്ങനെ കരുതുന്നില്ല' എന്നാണ് മറുപടി നൽകിയത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെ തീരുമാനമായേക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ നേരത്തെ സൂചിപ്പിച്ചിരുന്നു. വൈകിട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിൽനിന്നുള്ള സന്ദേശം ലഭിക്കും. അപ്പോൾ തീരുമാനങ്ങൾ അറിയിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
അടുത്തത് ദലിത് സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രിയാണോയെന്ന ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞായറാഴ്ച വൈകീട്ട് തന്നെ കേന്ദ്ര നേതൃത്വം അറിയിക്കുമെന്നാണ് യദ്യൂരപ്പ അറിയിച്ചത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അധികാര പരിധിയിൽപ്പെടുന്നതാണെന്നും യദ്യൂരപ്പ സൂചന നല്കി.
ബി.എസ്. യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. രാജിവയ്ക്കാൻ പറഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ രാജിവയ്ക്കുമെന്നും അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി യെദ്യൂരപ്പ ചർച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രയത്‌നിക്കണമെന്നും തങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നു യെദ്യൂരപ്പ വ്യക്തമാക്കി. രാജിവാർത്തകൾ ബിജെപി കർണാടക പ്രസിഡന്റ് നളിൻ കുമാർ കട്ടീലും നിഷേധിച്ചിരുന്നു.
തിങ്കളാഴ്‌ച്ചയാണ് യദ്യൂരപ്പ സർക്കാർ രണ്ടുവർഷം പൂർത്തീകരിക്കുക. എന്നാൽ ലിംഗായത്ത് സമുദായത്തിന്റേയും സന്ന്യാസിമഠങ്ങളുടേയും സമ്മർദ്ദം ശക്തമായി യദ്യൂരപ്പയെ പിന്തുണയ്ക്കുമ്പോൾ കേന്ദ്ര നേതൃത്വം യദ്യൂരപ്പയെ മാറ്റാനുള്ള തീരുമാനം എടുക്കില്ലെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്