തിരുവനന്തപുരം: യുദ്ധം ശക്തമായ യെമനിൽ നിന്ന് മലയാളികൾ തിരിച്ചെത്തി തുടങ്ങി. കോട്ടയം ചങ്ങനാശേരി സ്വദേശി റൂബിൻ ജേക്കബ് ചാണ്ടിയാണ് ആദ്യം എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് റൂബിൻ എത്തിയത്. യെമനിലെ സ്ഥിതി അതീവ ഗുരുതരമെന്നും റൂബിൻ പറഞ്ഞു.

അതിനിടെ യെമനിൽ നിന്നുള്ള കൂടുതൽ മലയാളികളുടെ സംഘം തിങ്കളാഴ്ച ഇന്ത്യയിൽ തിരികെ എത്തും. യെമനിൽ നിന്നും ആദ്യം രക്ഷപെട്ട 80 അംഗം സംഘത്തിൽ ഉൾപ്പെട്ട 15 മലയാളികളാണ് തിങ്കളാഴ്ച തിരികെ എത്തുന്നത്. ഇവരെയും വഹിച്ചുകൊണ്ടുള്ള വിമാനം ദോഹയിൽ നിന്ന് കൊച്ചിയിൽ രാവിലെ എത്തുമെന്നാണ് വിവരം. അതിനിടെ യെമനിൽ കുരുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ രണ്ട് കപ്പലുകൾ അയച്ചു കഴിഞ്ഞു. എന്നാൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ എന്ന് യെമനിൽ എത്തുമെന്നതിൽ വ്യക്തതയില്ല. ഇതിൽ എങ്ങനെ മലയാളികളെ തിരിച്ചെത്തിക്കുമെന്നതിലും ആശങ്ക തുടരുന്നു. ഏകോപനം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ പരാജയമാണെന്നാണ് അക്ഷേപം. വ്യോമസേനാ വിമാനങ്ങൾ യെമനിലേക്ക് അയക്കുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.

1500 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് കപ്പലുകളാണ് യെമനിലേക്ക് പോയത്. എന്നാൽ കടൽമാർഗം യെമനിൽ എത്തണമെങ്കിൽ അഞ്ചു ദിവസമെടുക്കും. ഈ സാഹചര്യത്തിൽ വ്യോമ മാർഗത്തിലൂടെ ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരാനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഇതുസംബന്ധിച്ച് ഉന്നതതലസംഘം യെമനുമായി ചർച്ച നടത്തിവരുന്നു. സൗദി സർക്കാരുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം, യെമനിൽ കഴിഞ്ഞുവരുന്ന ഭൂരിഭാഗം ഭാരതീയരുടേയും പാസ്‌പോർട്ടുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് യാത്രയ്ക്ക് തടസമാകുമെന്നതിനാൽ പ്രത്യേകം എക്‌സിറ്റ് പാസുകൾ നൽകുന്നതാണ്. നാട്ടിലെത്തിയ ശേഷം ഇവർക്ക് വീണ്ടും പാസ്‌പോർട്ട് അനുവദിക്കും. ഇതുകൂടാതെ യെമനിൽ നിന്നും തിരിച്ചുവരാൻ തയ്യാറെടുക്കുന്നവരുടെ ശമ്പളം ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി ശ്രമം തുടരുന്നു. യെമനിലെ വിമാനത്താവളങ്ങൾ അടച്ചിട്ട പശ്ചാത്തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. 91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നതാണ് ഹെൽപ്പ് ലൈൻ നമ്പർ.

കൊച്ചി -ലക്ഷ്വദീപ് സർവീസ് നടത്തുന്ന കോറൽ, കവരത്തി എന്നീ കപ്പലുകളാണ് യെമനിലേക്ക് തിരിച്ചത്. ആക്രമണം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവിടെയുള്ള 3700ലേറെ ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഈ നടപടി എടുത്തത്. വ്യോമ സാധ്യതകളും തേടുന്നു. യെമനിൽ വിമാനത്താവളങ്ങൾ കുറവാമെന്നതാണു രക്ഷാശ്രമങ്ങൾക്കു വെല്ലുവിളി. പ്രവാസികളെ ഏദൻ ഉൾക്കടൽ തീരത്തെ ദിജിബൗത്തിയിൽ എത്തിച്ചശേഷം മുംബൈയിലേക്കു കൊണ്ടുവരാനാണു സർക്കാർ പദ്ധതിയിടുന്നത്. യുദ്ധാന്തരീക്ഷം കടുത്തതിനാൽ എയർ ഇന്ത്യയ്ക്കു പകരം വ്യോമസേനയുടെ വിമാനം തന്നെ അയച്ചേക്കുമെന്നും സൂചനയുണ്ട്. ആക്രമണം ആറു മാസത്തിലേറെ നീളുമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.

അതിനിടെ യെമനിലെ മലയാളികളെ സഹായിക്കുന്നതിനായി യുണൈറ്റഡ് നേഴ്‌സ് അസോസിയേഷൻ വാട്‌സ് അപ്പ് ഗ്രൂപ്പ് ഒരുക്കി. അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ നിയന്ത്രണത്തിലാണ് ഗ്രൂപ്പ്. യെമനിൽ കുടുങ്ങിയ മലയാളികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെല്ലാം ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശങ്ങൾ കൈമാറാം. ബന്ധുക്കളുമായി ബന്ധപ്പെടാം. 9526444777 എന്ന നമ്പറിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തിനുള്ള പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധുക്കൾക്ക് ആശങ്ക തീരുന്നുമില്ല.

3500ഓളം ഇന്ത്യാക്കാരാണ് യെമനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളി നേഴ്‌സുമാരാണ്. സംഘർഷബാധിത മേഖലയിൽ നിന്നും 80 ഇന്ത്യാക്കാരെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇവർ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കൂടാതെ യെമന്റെ തലസ്ഥാനമായ സനയിൽ നിന്നും പ്രതിദിനം മൂന്നുമണിക്കൂർ വീതം വിമാനം പറത്തുന്നതിനുള്ള അനുമതി ഇന്ത്യയ്ക്ക് ലഭിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി അവിടെയുള്ള മുഴുവൻ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം.

യെമനിൽ 1500 ഓളം മലയാളികളുണ്ടെന്ന് വിവരം. ഇവരെ എത്രയുംപെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പക്ഷേ ഒന്നും ഫലം കാണുന്നില്ല. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിവഴി ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയ്യാറായിരിക്കുന്ന ആദ്യസംഘത്തിൽ തന്നെ 15 ഓളം മലയാളികളുണ്ട്. എന്നാൽ ഇവരെ യമന്റെ തലസ്ഥാനമായ സനയിൽനിന്ന് ജിബൂട്ടിയിൽ എത്തിക്കാനുള്ള വിമാനം സർവീസ് നടത്താൻ ഇന്ത്യയ്ക്ക് ഇനിയും അനുമതി കിട്ടിയിട്ടില്ല. വിമാനം പ്രതീക്ഷിച്ചെത്തിയവർ കഴിഞ്ഞദിവസം ആറുമണിക്കൂർ കാത്തുനിന്ന് മടങ്ങിപ്പോയി.

വിമാനസർവീസിനുള്ള അനുമതിക്കായി കേന്ദ്രസർക്കാർ സൗദി അറേബ്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രവാസി കാര്യമന്ത്രി കെ.സി.ജോസഫും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും യെമനിലെ അംബാസഡറുമായും ചർച്ചകൾ നടത്തിയിരുന്നു. യെമനിൽ നിന്ന് തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ട് 371 പേർ വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്തതായി നോർകറൂട്ട്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആർ.എസ്.കണ്ണൻ പറഞ്ഞു. ഇവരുടെ വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

യുദ്ധം നടക്കുന്നതിനാൽ നഴ്‌സുമാരെ വിടുതൽ ചെയ്യാൻ യെമനിലെ പല ആശുപത്രികളും തയ്യാറായിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അംബാസഡർ ആശുപത്രികൾ സന്ദർശിച്ച് പിടിച്ചുവച്ച രേഖകളും പാസ്‌പോർട്ടും വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നു. പലരും കിട്ടാനുള്ള ശമ്പളത്തിനായി കാത്തിരിക്കുകയാണ്. ചില ആശുപത്രികൾ നഴ്‌സുമാരോട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും എംബസി ഇടപെട്ടിട്ടുണ്ട്.

തിരിച്ചെത്തുന്നവർക്ക് എല്ലാ സഹായവും ചെയ്യുമെന്ന് നോർകറൂട്ട്‌സ് സിഇഒ. അറിയിച്ചു. യെമനിൽ കുടുങ്ങിയ കേരളീയർ അടിയന്തരമായി എംബസി അധികൃതരെ 00967 1 433 631, 00967 1 433 632 എന്നീ നമ്പരുകളിലും amb.sanaa@mea.gov.in, hoc.sanaa@mea.gov.in എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങൾ അറിയിക്കണം.

യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹദിയെ സുരക്ഷിതനായി സൗദിയിലെത്തിച്ചതിനു പിന്നാലെയാണ് പത്തു രാഷ്ട്രങ്ങളുടെ സഖ്യം ഇറാൻ അനുകൂലികളായ ഹൂതി വിമതർക്കെതിരേ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. തലസ്ഥാനമായ സന കണ്ട ഏറ്റവും രക്തരൂഷിത ആക്രമണമായിരുന്നു ഇന്നലത്തേതെന്ന് വാർത്താഏജൻസികൾ. വെള്ളിയാഴ്ച രാത്രി ഇടതടവില്ലാത്ത ആക്രമാണമായിരുന്നു. സൈനിക ഡിപ്പൊകളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഷിയ ഹൂത്തി വിമതർക്കെതിരെ സൈനികനടപടി തുടരുന്ന യെമനിൽ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യു.എൻ. ഉദ്യോഗസ്ഥരെ വിമാനത്താവളംവഴി ഒഴിപ്പിച്ചശേഷമായിരുന്നു ആക്രമണം. വിമാനത്താവളത്തിന്റെ റൺവേ ബോംബാക്രമണത്തിൽ പൂർണമായും തകർന്നു. ഇതിനുശേഷം വിമാനത്താവളം അടച്ചു.

യെമനിൽ മുന്നേറ്റം തുടരുന്ന ഹൂത്തി വിമതർ വിമാനത്താവളം ഉൾപ്പെടുന്ന സന നഗരം പിടിച്ചടക്കിയിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് മൻസൂർ ഹാദി സൗദിയിൽ അഭയം തേടിയിരിക്കയാണ്. വിമതരെ പൂർണമായും ഉന്മൂലനം ചെയ്യുംവരെ ആക്രമണം തുടരണമെന്ന് അറബ് രാജ്യങ്ങളോട് ഹാദി അഭ്യർത്ഥിച്ചു. ഷിയ ഹൂത്തികൾ ഇറാന്റെ കളിപ്പാട്ടമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രശ്‌നം ചർച്ചചെയ്യുന്നതിന് ഈജിപ്തിലെ ഷറം അൽ ശൈഖിൽ വിളിച്ചുചേർത്ത അറബ് ഉച്ചകോടി തുടരുകയാണ്. വിമതർ പിടിച്ചെടുത്ത മേഖലകളിൽനിന്ന് പിൻവാങ്ങുകയോ ആയുധം താഴെവച്ച് കീഴടങ്ങുകയോ ചെയ്താൽ മാത്രമേ സൈനികനടപടി അവസാനിക്കുകയുള്ളൂവെന്ന് അറബ് ലീഗ് അധ്യക്ഷൻ നബീൽ അൽ അറാബി പറഞ്ഞു.