മേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റശേഷം നടത്തിയ ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരിയും. യെമനിലെ ഭീകരകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ എല്ലാം പിഴച്ചുവെന്നാണ് വിലയിരുത്തൽ. നിരപരാധികളായ ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് യെമനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയിൽനിന്നെത്തിയ അൽഖ്വെയ്ദ പ്രവർത്തകനായി മാറിയ അൻവർ അൽ അവ്‌ലക്കിയുടെ മകൾ നവാർ അൽ അവ്‌ലക്കിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരി. അമേരിക്കൻ സൈനികനായ വില്യം റയാൻ ഓവൻസും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. അൽ ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയ നാവിക സേനാ വിഭാഗമായ സീലിലെ അംഗമാണ് കൊല്ലപ്പെട്ട വില്യം റയാൻ.

സൗത്ത് സെൻട്രൽ യെമനിലെ ബൈദയിലെ അൽ ഖ്വെയ്ദ ക്യാമ്പിലാണ് ആക്രമണം നടത്തിയത്.. 2011-ൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ അൻവർ അൽ അവ്‌ലക്കി കൊല്ലപ്പെട്ടിരുന്നു. അൻവറിന്റെ കുടുംബം ബൈദയിലാണ് താമസിച്ചിരുന്നത്. ഒസാമ ബിൻ ലാദന്റെ പിൻഗാമിയായി മാറുമെന്ന് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നയാളാണ് അൻവർ.

വീട്ടിൽ അമ്മയോടൊപ്പം ഇരിക്കുമ്പോഴാണ് നവാറിന് വെടിയേറ്റത്. യെമനിലെ മുൻ കൃഷിവകുപ്പ് മന്ത്രി നാസർ അൽ അവ്‌ലക്കിയുടെ പേരക്കുട്ടിയാണ് നവാർ. വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നവാറിന്റെ അമ്മയ്ക്ക് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല. അവ്‌ലക്കിയുടെ ഭാര്യ സഹോദരനും വെടിയേറ്റ് മരിച്ചു. വെടിയേറ്റ് രണ്ടുമണിക്കൂറിനുശേഷമാണ് നവാർ കൊല്ലപ്പെട്ടത്. മറ്റൊരു വീട്ടിൽ ഇരച്ചുകയറിയ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയെല്ലാം വകവരുത്തിയെന്നും നാസർ പറഞ്ഞു.

ട്രംപ് ഒപ്പിട്ട ആദ്യത്തെ ആക്രമണ ദൗത്യമായിരുന്നു ഇത്. എല്ലാത്തരത്തിലും ഇത് പരാജയമായെന്നാണ് യുദ്ധരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടൽ. ജിബൂട്ടിയിലുള്ള അമേരിക്കൻ സേനാക്യാമ്പിൽനിന്നാണ് ആക്രമണനിർദ്ദേശം വന്നത്. എന്നാൽ, നിരപരാധികൾക്കുനേരെ ആക്രമണം നടത്താൻ സൈന്യത്തെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.